സവർക്കർക്ക് ബാരിസ്റ്റർ ബിരുദം വേണം; അതിനായി ബ്രിട്ടീഷ് സർക്കാറിൽ സമ്മർദം ചെലുത്തുമെന്ന് ഫഡ്നാവിസ്
text_fieldsമുംബൈ: വി.ഡി. സവർക്കർക്ക് ബാരിസ്റ്റർ ബിരുദം ലഭിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. സവർക്കർ നടത്തിയ വിപ്ലവ പ്രവർത്തനങ്ങളുടെ പേരിൽ ബ്രിട്ടീഷ് സർക്കാർ ബാരിസ്റ്റർ ബിരുദം തടഞ്ഞുവെക്കുകയായിരുന്നു. ബാരിസ്റ്റർ ബിരുദം തിരികെ ലഭിക്കാനായി ബ്രിട്ടീഷ് സർക്കാറിനോട് ആവശ്യപ്പെടുമെന്നും ഫഡ്നാവിസ് വ്യക്തമാക്കി. മുംബൈ യൂനിവേഴ്സിറ്റിയിലെ സവർക്കർ സ്റ്റഡി ആൻഡ് റിസർച്ച് സെന്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഫഡ്നാവിസ്.
ലണ്ടനിലെ ഗ്രേസ് ഇന്നിൽ സവർക്കർ അദ്ദേഹത്തിന്റെ നിയമപഠനം പൂർത്തിയാക്കിയിരുന്നു. എന്നാൽ ബ്രിട്ടീഷ് രാജ്ഞിയോട് കൂറ് കാണിക്കുമെന്ന് പ്രതിജ്ഞയെടുക്കാൻ വിസമ്മതിച്ചതിനാൽ ബാരിസ്റ്റർ ബിരുദം നിഷേധിക്കുകയായിരുന്നു. അത് അദ്ദേഹത്തിന്റെ ധിഷണാപാടവത്തോടുള്ള അനീതി മാത്രമായിരുന്നില്ല, വിട്ടുവീഴ്ചയില്ലാത്ത ദേശസ്‌നേഹത്തിന്റെ തെളിവ് കൂടിയായിരുന്നുവെന്നും ഫഡ്നാവിസ് ചൂണ്ടിക്കാട്ടി.
സവർക്കറെ മാഫി വീർ വിളിക്കുന്നവർക്ക് അദ്ദേഹം ഏകാന്ത തടവിൽ കഴിഞ്ഞ തടവറയിൽ 11 മണിക്കൂർ എങ്കിലും കഴിയാനാവുമോ എന്ന് ചോദിച്ചു. അങ്ങനെ ചെയ്താൽ അവർക്ക് പത്മശ്രീ നൽകാൻ താൻ തയ്യാറാണെന്നും ഫഡ്നാവിസ് പറഞ്ഞു. സവർക്കർ ഒരു ബാരിസ്റ്ററായിരുന്നു. അദ്ദേഹം ഒരു അപേക്ഷ നൽകുമ്പോൾ 'നിങ്ങളോട് ആത്മാർഥതയോടെ' എന്ന് എഴുതുമായിരുന്നു. ഇപ്പോഴാണെങ്കിലും അത് അങ്ങനെ തന്നെയാണ് എഴുതുക. അതിനെ മാപ്പപേക്ഷയായി വ്യാഖ്യാനിക്കുന്നത് തെറ്റാണെന്നും ഫഡ്‌നാവിസ് പറഞ്ഞു. കലിന ക്യാമ്പസിൽ സവർക്കർ സ്റ്റഡി ആൻഡ് റിസർച്ച് സെന്റർ വികസിപ്പിക്കുന്നതിനായി 100 കോടി ഗ്രാൻഡ് അനുവദിക്കാൻ മുംബൈ യൂനിവേഴ്‌സിറ്റി തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

