വന്യജീവി ആക്രമണം: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 460 പേർ സംസ്ഥാനത്ത് കൊല്ലപ്പെട്ടതായി സർക്കാർ
text_fieldsന്യൂഡൽഹി: 2020-2024 കാലയളവിൽ വന്യജീവികളുടെ ആക്രമണത്തിൽ സംസ്ഥാനത്ത് 460 പേർ കൊല്ലപ്പെട്ടതായി കേന്ദ്രസർക്കാർ വ്യക്തമാക്കി.
460 മരണങ്ങളും 4,527 പരിക്കുകളും ഇക്കാലയളവിൽ വിവിധ സംഭവങ്ങളിലായി ഉണ്ടായതായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് രാജ്യസഭയെ അറിയിച്ചത്. ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗ് എം.പി പി.വി. അബ്ദുൽ വഹാബിന്റെ ചോദ്യത്തിനാണ് മന്ത്രാലയം രേഖാമൂലമുള്ള മറുപടി നൽകിയത്.
മൃഗങ്ങൾ ആക്രമിച്ചതിൽ മരണനിരക്ക് ഏറ്റവും കൂടുതലുള്ള ജില്ല പാലക്കാടാണ്, 101 മരണങ്ങൾ. തൃശൂർ (56), മലപ്പുറം (45), വയനാട് (26) എന്നിങ്ങനെയാണ് പിന്നിലുള്ളവ. 2020ൽ 74ഉം 2021ൽ 104ഉം 2022ലും 2023ലും 100 വീതവും 2024ൽ 82 മരണങ്ങളും രേഖപ്പെടുത്തി. 2024ൽ വന്യ മൃഗങ്ങൾ ആക്രമിച്ചതിൽ 926 പേർക്കാണ് പരിക്കേറ്റത്.
വന്യ മൃഗങ്ങൾ കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലിറങ്ങി മനുഷ്യരെ ആക്രമിക്കുന്നത് കാരണം വയനാട്, ഇടുക്കി പാലക്കാട്, തൃശൂർ ജില്ലകളിൽ അടക്കം ജനജീവിതം ദുസ്സഹമാണ്. അതിനിടെ, ജനങ്ങളുടെ അവകാശങ്ങൾ അവഗണിക്കുന്ന നിയമങ്ങളുടെ ‘മനുഷ്യവിരുദ്ധ’ സ്വഭാവം കേന്ദ്ര സർക്കാർ ഭേദഗതി ചെയ്യണമെന്ന് സി.പി.എമ്മിന്റെ വി. ശിവദാസൻ പറഞ്ഞു. എ.എ.റഹീം, ജോൺ ബ്രിട്ടാസ്, പി.പി.സുനീർ, രവിചന്ദ്ര വഡ്ഡിരാജു, സുജീത് കുമാർ, ഫൗസിയ ഖാൻ, കനിമൊഴി തുടങ്ങിയ എം.പിമാർ അദ്ദേഹത്തിന്റെ ഇടപെടലിനെ പിന്തുണച്ചു.
ഫെബ്രുവരി നാലിന് ചോദ്യോത്തര വേളയിൽ കോൺഗ്രസ് എം.പി ജെബി മേത്തറും കടുവ ആക്രമണത്തെക്കുറിച്ച് ചോദ്യം ഉന്നയിച്ചു. ഇത്തരം സംഭവങ്ങൾ തടയാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിനോട് അവർ ചോദിച്ചു. മനുഷ്യരെ ആക്രമിച്ച മൃഗങ്ങളെ കൈകാര്യം ചെയ്യാൻ സംസ്ഥാന സർക്കാറിന് വന്യജീവി സംരക്ഷണ നിയമപ്രകാരം അധികാരമുണ്ടെന്ന് യാദവ് മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

