കാട്ടാനക്ക് ആന്ത്രാക്സ്
text_fieldsകോയമ്പത്തൂർ: കേരള-തമിഴ്നാട് അതിർത്തിപ്രദേശമായ ആനക്കട്ടിയിൽ കാട്ടാന ചെരിഞ്ഞത് ആന്ത്രാക്സ് ബാധമൂലമാണെന്ന് പരിശോധനയിൽ കണ്ടെത്തി. തിങ്കളാഴ്ചയാണ് ആനക്കട്ടി സെമ്പുക്കര വനഭാഗത്ത് 13 വയസ്സ് തോന്നിക്കുന്ന കാട്ടാനയുടെ ജഡം കണ്ടെത്തിയത്. പരിസരത്ത് രക്തം കണ്ടതിനെ തുടർന്ന് സാമ്പിൾ എടുത്ത് പരിശോധിച്ചേപ്പാഴാണ് ആന്ത്രാക്സിന് കാരണമാകുന്ന ബാസിലസ് ആന്ത്രാസിസ് ഇനത്തിൽപെട്ട ബാക്ടീരിയ കണ്ടെത്തിയത്.
ചൊവ്വാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം ആനക്കട്ടി വീരപാണ്ടിക്ക് സമീപം സംസ്കരിച്ചു. മനുഷ്യരെയും മൃഗങ്ങളെയും ബാധിക്കുന്ന ബാക്ടീരിയ അണുബാധയാണ് ആന്ത്രാക്സ്. ഇതേതുടർന്ന് തമിഴ്നാട് വനം- മൃഗസംരക്ഷണ വകുപ്പുകൾ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. വിവരം കേരള അധികൃതരെ അറിയിച്ചതായി കോയമ്പത്തൂർ ഡി.എഫ്.ഒ എ. സുകുമാരൻ അറിയിച്ചു.

