ഗർഭിണിയാണെന്നത് ഭർത്താവിനെതിരായ ഭാര്യയുടെ ക്രൂരതക്ക് ന്യായമല്ല; വിവാഹ മോചനം അനുവദിച്ച് കോടതി
text_fieldsന്യൂഡൽഹി: ഗർഭിണി ആയിരുന്നു എന്ന കാരണത്താൽ ഭർത്താവിനെതിരായ ഭാര്യയുടെ ക്രൂരതയെ ന്യായീകരിക്കാനാവില്ലെന്ന് ഡൽഹി ഹൈകോടതി. ഗർഭത്തിനോ താൽക്കാലിക അനുരഞ്ജനത്തിനോ നേരത്തേ കാട്ടിയ മാനസിക പീഡനവും ക്രൂരതയും മായ്ക്കാൻ കഴിയില്ലെന്ന് ജസ്റ്റിസുമാരായ അനിൽ ക്ഷേത്രപാലും രേണു ഭട്‍നാഗറും അടങ്ങിയ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഭാര്യയിൽനിന്നുള്ള അസഭ്യവും ഭീഷണിയും ഭർത്താവിന് നേരിടേണ്ടി വന്നു. ഒരുമിച്ചു കഴിയാൻ ഭാര്യ വിസമ്മതിക്കുകയും ചെയ്തു. ഈ കേസിലെ ദമ്പതികൾ 2016ൽ ആണ് വിവാഹിതരായത്. മനോപീഡനം സഹിക്കാതെ വന്നപ്പോൾ ഭർത്താവ് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചു. എന്നാൽ, തനിക്കെതിരെ സ്ത്രീധന പീഡനം നടക്കുകയാണെന്നും, ഭർതൃവീട്ടിൽനിന്ന് പുറത്താക്കിയെന്നുമാണ് സ്ത്രീ ആരോപിച്ചത്. സ്ത്രീയുടെ ആരോപണങ്ങൾ നിഷേധിക്കാൻ ഭർത്താവിന് കഴിഞ്ഞില്ലെന്ന കാരണത്താൽ കുടുംബകോടതി വിവാഹമോചന ആവശ്യം തള്ളി. സ്ത്രീ 2019ൽ ഗർഭിണി ആയതും ഗർഭം അലസിപ്പിച്ച സംഭവവും ഇരുവരും യോജിപ്പിൽ കഴിഞ്ഞതിന് തെളിവായും ചൂണ്ടിക്കാട്ടപ്പെട്ടു. കുടുംബകോടതി എടുത്ത തീരുമാനം റദ്ദാക്കിയ ഹൈകോടതി ഈ കേസിൽ ഭർത്താവിന് വിവാഹമോചനം അനുവദിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

