ഭാര്യയെ മൃഗത്തെപോലെ കാണാന്‍ പാടില്ല: ഗാർഹിക പീഡനക്കേസിൽ മുൻകൂർ ജാമ്യം നിഷേധിച്ച് സുപ്രീം കോടതി
text_fieldsന്യൂഡൽഹി: ഭാര്യയെ മൃഗത്തെപ്പോലെ പരിഗണിക്കരുതെന്നും മാന്യമായി ജീവിക്കാൻ അവർക്ക് അവകാശമുണ്ടെന്ന് സുപ്രീം കോടതി. ഗാർഹിക പീഡനക്കേസിലെ പ്രതിക്ക് മുന്‍കൂർജാമ്യം നിഷേധിച്ചുകൊണ്ടായിരുന്നു കോടതി നിർണ്ണായക പ്രസ്താവന നടത്തിയത്. ഭാരതീയ ന്യായ സംഹിതയിലെ (ബി.എന്‍.സ്) വിവിധ വകുപ്പുകൾ പ്രകാരം പ്രതി ചേർക്കപ്പെട്ടിട്ടുള്ളയാൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്. നേരത്തെ പട്ന ഹൈക്കോടതിയും ഇയാളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
മദ്യലഹരിയിലായിരുന്ന പ്രതി തന്റെ ഭാര്യയെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് കേസ്. ഇരയെ നിലത്തേക്ക് തള്ളിയിടുകയും തല ഇഷ്ടികയിൽ ഇടിക്കുകയും ചെയ്യുകയും പിന്നീട് വടി ഉപയോഗിച്ച് ആക്രമിച്ചെന്നുമാണ് ആരോപണം. എന്നാൽ മൂന്ന് വിവാഹങ്ങൾ കഴിച്ച പ്രതി പരാതിക്കാരി തന്റെ ഭാര്യയല്ലെന്നാണ് കോടതിയിൽ വാദിച്ചത്. വാദം കേൾക്കുന്നതിനിടെ ഭാര്യയോട് ഒരു മൃഗത്തെപ്പോലെ പെരുമാറുന്നതിന് യാതൊരു ന്യായീകരണവുമില്ലെന്ന് ജസ്റ്റിസ് വരാലെ പറഞ്ഞു.
എന്തിനാണ് നിങ്ങൾ ഭാര്യയെ തല്ലുന്നതെന്നും പോയി സ്ഥിര ജാമ്യത്തിന് ശ്രമിക്കൂ എന്നുമാണ് എന്ന് ജഡ്ജി നിരീക്ഷിച്ചത്. `ശാരീരികമായി ഉപദ്രവിക്കുന്നത് തുടരുകയാണെങ്കിൽ മൂന്ന് ഭാര്യമാരുള്ള നിങ്ങളെ ഇവരും ഉപേക്ഷിച്ചുപോകും' ജസ്റ്റിസ് കുമാർ കൂട്ടിച്ചേർത്തു. പല കേസുകളിലും ഭർത്താവ് മദ്യപിക്കുന്നതിൽ തങ്ങൾക്ക് എതിർപ്പില്ലെന്നും എന്നാൽ അതിന് ശേഷം തങ്ങളെ മർദ്ദിക്കുന്നതിലാണ് പരാതിയെന്നും സ്ത്രീകൾ പോലീസിനോട് പറയാറുണ്ടെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

