ബി.ജെ.പിയിൽ ചേർന്ന് കോൺഗ്രസ് നേതാവിെൻറ ഭാര്യ: മണിക്കൂറുകൾക്കകം തീരുമാനം മാറ്റി
text_fieldsഹൈദരാബാദ്: തെലങ്കാനയിൽ ബി.ജെ.പിയിൽ ചേർന്ന കോൺഗ്രസ് നേതാവിെൻറ ഭാര്യ മണിക്കൂറുകൾക്കകം തീരുമാനം പിൻവലിച്ച് കോൺഗ്രസിലെത്തി. സാമൂഹ്യ പ്രവർത്തകയും കോൺഗ്രസ് നേതാവ് സി. ദാമോദർ രാജനരസിംഹയുടെ ഭാര്യയുമായ പത്മിനി റെഡ്ഢിയാണ് ബി.ജെ.പിയിൽ ചേരുകയും മണിക്കൂറുകൾക്കം തീരുമാനം മാറ്റുകയും ചെയ്തത്.
വ്യാഴാഴ്ച രാവിലെയാണ് പത്മിനി റെഡ്ഢി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.ലക്ഷ്മണനിൽ നിന്നും പാർട്ടി അംഗത്വം സ്വീകരിച്ചത്. എന്നാൽ രാത്രിയോടെ അവർ ആ തീരുമാനത്തിൽ നിന്നും പിൻമാറുകയായിരുന്നു. കോൺഗ്രസ് പ്രവർത്തകരെ തെൻറ തീരുമാനം വിഷമിപ്പിച്ചുവെന്നും അതിനാൽ പാർട്ടിയിലേക്ക് തന്നെ മടങ്ങുകയാണെന്നും പത്മിനി അറിയിച്ചു.
പത്മിനി സ്വന്തം താൽപര്യപ്രകാരം പാർട്ടിയിൽ ചേരുകയും പിന്നീട് കോൺഗ്രസിലേക്ക് മടങ്ങുന്നതായി അറിയിച്ചതായും അവരുടെ തീരുമാനങ്ങളെ ബഹുമാനിക്കുന്നുവെന്നും ബി.ജെ.പി വക്താവ് കൃഷ്ണ സാഗർ റാവു പറഞ്ഞു.
പത്മിനി മേദക് കേന്ദ്രീകരിച്ച് സാമൂഹിക പ്രവർത്തനം നടത്തിവരികയാണ്. ഇവരുടെ ഭർത്താവ് രാജനരസിംഹ അവിഭക്ത ആന്ധ്രാപ്രദേശിലെ എ.കിരൺ റെഡ്ഢി മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്നു.
