സ്വന്തം ജീവിതം മുൻനിർത്തി അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഒരു സ്ത്രീയെ വേട്ടയാടുന്നത് അംഗീകരിക്കാനാവില്ല; പഹൽഗാമിൽ കൊല്ലപ്പെട്ട വ്യോമസേന ഓഫിസറുടെ ഭാര്യക്കെതിരായ സൈബർ ആക്രമണത്തിൽ ദേശീയ വനിത കമീഷൻ
text_fieldsന്യൂഡൽഹി: കൺമുന്നിൽ വെച്ച് ഭർത്താവിനെ ഭീകരർ വെടിവെച്ചുകൊലപ്പെടുത്തിയതിന്റെ ആഘാതത്തിൽ നിന്ന് ഹിമാൻഷി നർവാൾ ഇപ്പോഴും മോചിതയായിട്ടില്ല. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട വ്യോമസേന ഉദ്യോഗസ്ഥൻ വിനയ് നർവാളിന്റെ ഭാര്യയാണ് ഹിമാൻഷി. പഹൽഗാമിൽ മധുവിധു ആഘോഷിക്കാനെത്തിയപ്പോഴാണ് ഹിമാൻഷിയുടെ കൺമുന്നിൽ വെച്ച് ഭീകരർ വിനയ് നർവാളിനെ കൊലപ്പെടുത്തിയത്.
പഹൽഗാം ആക്രമണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിലും പുറത്തും നടക്കുന്ന വിദ്വേഷ പ്രചാരണങ്ങൾക്കും ആക്രമണങ്ങൾക്കും എതിരെ ഹിമാൻഷി രംഗത്തെത്തിയിരുന്നു. ''ആരും മുസ്‌ലിംകൾക്കും കശ്മീരികൾക്കും എതിരെ പോകരുതെന്നും സമാധാനമാണ് നമുക്ക് വേണ്ടത്. തീർച്ചയായും ഞങ്ങൾക്ക് നീതി വേണം. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം''- എന്നായിരുന്നു വ്യാഴാഴ്ച ഹരിയാനയിലെ കർണാലിൽ രക്തദാന ക്യാമ്പിന് എത്തിയപ്പോൾ ഹിമാൻഷിയുടെ പ്രതികരണം. അതിനു പിന്നാലെ സംഘപരിവാരിൽ നിന്ന് ഭീകരമായ ആക്രമണമാണ് ഹിമാൻഷി നേരിട്ടത്. ഭർത്താവിന്റെ പെൻഷന് പോലും ഹിമാൻഷി അർഹയല്ല എന്ന രീതിയിലായിരുന്നു സൈബറിടത്തിൽ വന്ന അധിക്ഷേപങ്ങൾ.
അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഹിമാൻഷിക്കു നേരെ നടക്കുന്ന സൈബർ ആക്രമണം ദൗർഭാഗ്യകരമാണെന്നായിരുന്നു ദേശീയ വനിത കമീഷന്റെ പ്രതികരണം.
''ജമ്മുകശ്മീരിലെ പഹൽഗാമിലെ ഭീകരാക്രമണത്തിൽ നിരവധിയാളുകൾ കൊല്ലപ്പെട്ടു. അവരിലൊരാളായ വിനയ് നർവാളിനോട് ഭീകരർ സ്വന്തം മതമേതെന്ന് ചോദിക്കുകയും മറുപടി പറഞ്ഞയുടൻ വെടിവെക്കുകയുമായിരുന്നു. ഭീകരാക്രമണത്തിൽ രാജ്യത്തിന് മുഴുവൻ മുറിവേറ്റു. വിനയ് നർവാളിന്റെ മരണശേഷം നടത്തിയ പ്രസ്താവനയുടെ പേരിൽ അദ്ദേഹത്തിന്റെ ഭാര്യ ഹിമാൻഷിയെ ലക്ഷ്യം വെച്ച് സൈബറിടത്തിൽ നടക്കുന്ന പ്രചാരണങ്ങൾ ഒരിക്കലും ന്യായീകരിക്കാനാവില്ല. അത് ദൗർഭാഗ്യകരവും വിമർശിക്കപ്പെടേണ്ടതുമാണ്. സ്വന്തം ജീവിതത്തെ കുറിച്ച് അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഒരു സ്ത്രീയെ വേട്ടയാടുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല''-എന്നാണ് ദേശീയ വനിത കമീഷൻ എക്സിൽ കുറിച്ചത്.
ഒരാളുടെ അഭിപ്രായത്തോടുള്ള എതിർപ്പ് വളരെ മാന്യമായാണ് പ്രകടിപ്പിക്കേണ്ടത്. സ്ത്രീകളുടെ മാന്യതയും അന്തസ്സും കാത്തുസൂക്ഷിക്കാൻ ദേശീയ വനിത കമീഷൻ പ്രതിജ്ഞാബദ്ധമാണെന്നും പാനൽ വ്യക്തമാക്കി.
ചിലയാളുകൾക്ക് ഹിമാൻഷി പറഞ്ഞത് ഇഷ്ടപ്പെട്ടുകാണില്ല. എന്നാൽ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ അവരെ ലക്ഷ്യം വെക്കുന്നതും സൈബറിടത്തിൽ പരിഹസിക്കുന്നതും ശരിയല്ലെന്ന് ദേശീയ വനിത കമീഷൻ ചെയർപേഴ്സൺ വിജയ രഹത്കർ എക്സിൽ പ്രത്യേകം കുറിച്ചിട്ടുമുണ്ട്.
ഭീകരാക്രമണത്തിന് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഹിമാൻഷിയുടെയും വിനയ് നർവാളിന്റെയും വിവാഹം. കൺമുന്നിൽ വെടിയേറ്റ് വീണ ഭർത്താവിന്റെ ശിരസ്സ് ചേർത്ത്പിടിച്ച് വിറങ്ങലിച്ചിരിക്കുന്ന ഹിമാൻഷിയുടെ ചിത്രം ആരുടെയും മനസാക്ഷിയെ പിടിച്ചുലക്കുന്നതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

