പരസ്ത്രീബന്ധം: മഹാരാഷ്ട്ര മന്ത്രിയുടെ പേഴ്സണൽ അസിസ്റ്റന്‍റിന്‍റെ ഭാര്യ ആത്മഹത്യ ചെയ്തു
text_fieldsഗൗരിക്കും അനന്തിനുമൊപ്പം പങ്കജാ മുണ്ടെ
മുംബൈ: ബി.ജെ.പി നേതാവും മഹാരാഷ്ട്ര പരിസ്ഥിതി-മൃഗസംരക്ഷണ വകുപ്പ് മന്ത്രിയുമായ പങ്കജാ മുണ്ടെയുടെ പേഴ്സണൽ അസിസ്റ്റന്‍റിന്‍റെ ഭാര്യ ആത്മഹത്യ ചെയ്തു. അനന്ത് ഗാർഗെയുടെ ഭാര്യ ഗൗരി ഗാർഗെ (28) ആണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. കെ.ഇ.എം ആശുപത്രിയിലെ ദന്ത ഡോക്ടറായിരുന്ന ഗൗരിയെ വർലി ബിഡിഡി ചാളിയിലെ വസതിയിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ഭർത്താവ് അനന്ത് ഗാർഗെയുടെ പരസ്ത്രീബന്ധം കണ്ടെത്തിയതിനെ തുടർന്ന് ഇരുവർക്കിടയിൽ കുടുംബപ്രശ്നം നിലനിന്നിരുന്നു. മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ ഭർത്താവ് അനന്ത് ഗാർഗെ, സഹോദരി ശീതൽ ഗാർഗെ, സഹോദരീഭർത്താവ് അജയ് ഗാർഗെ എന്നിവർക്കെതിരെ ആത്മഹത്യ പ്രേരണക്ക് വർലി പൊലീസ് കേസെടുത്തു.
ബീഡ് ജില്ലയിലെ പിംപ്രി ഗ്രാമവാസിയായ ഗൗരി, മെഡിക്കൽ ലക്ചർ അശോക് പാൽവെയുടെ മകളാണ്. ബീഡിലെ ആദിത്യ ഡെന്റൽ കോളജിൽ നിന്ന് ബി.ഡി.എസ് പൂർത്തിയാക്കിയ അവർ ജെ.ജെ ആശുപത്രി, സിയോൺ ആശുപത്രി എന്നിവിടങ്ങളിലെ സേവനത്തിന് ശേഷമാണ് കെ.ഇ.എം ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്.
കഴിഞ്ഞ ഫെബ്രുവരി ഏഴിനാണ് ബീഡ് ജില്ലക്കാരനായ അനന്തിനെ ഗൗരി വിവാഹം കഴിച്ചത്. തുടർന്ന് വർലിയിലെ ആദർശ് നഗറിൽ താമസിച്ചു വരികയായിരുന്നു. എന്നാൽ, ഒക്ടോബർ ഒന്നിന് ബിഡിഡി ചൗളിന്റെ 30-ാം നിലയിലെ വാടക ഫ്ലാറ്റിലേക്ക് താമസം മാറി. ഗൗരിയുടെ സഹോദരി ഭർത്താവ് അജയ് ഗാർഗെയും അവിടെയാണ് താമസിച്ചിരുന്നത്.
അനന്തിന് പരസ്ത്രീബന്ധമുള്ളതായി കുറച്ച് മാസങ്ങളായി ഗൗരിക്ക് സംശയം തോന്നിയിരുന്നതായി പിതാവ് പറഞ്ഞു. വീട് മാറുന്നതിനിടെ ഗർഭിണിയായ സ്ത്രീയുടെ പേരിലുള്ള മമത ആശുപത്രിയിലെ രേഖകൾ ഗൗരി കണ്ടെത്തിയിരുന്നു. രേഖയിൽ കുഞ്ഞിന്‍റെ പിതാവായി അനന്തിന്‍റെ പേരാണ് രേഖപ്പെടുത്തിയിരുന്നത്. ഇതാണ് അനന്തും ഗൗരിയും തമ്മിലുള്ള ദാമ്പത്യം തകരാൻ ഇടയാക്കിയത്.
പരസ്ത്രീബന്ധം ആരോടെങ്കിലും പറഞ്ഞാൽ ആത്മഹത്യ ചെയ്യുമെന്നും ആത്മഹത്യകുറിപ്പിൽ ഗൗരിയുടെ പേരെഴുതുമെന്നും അനന്ത് ഭീഷണിപ്പെടുത്തി. അനന്തിന്‍റെ സഹോദരൻ അജയ്, സഹോദരി ശീതൾ എന്നിവർ ഗൗരിയെ മാനസികമായി പീഡിപ്പിച്ചെന്നും അവിഹിതബന്ധത്തിന് പിന്തുണ നൽകിയെന്നും പിതാവ് മൊഴി നൽകി.
ശനിയാഴ്ച വൈകുന്നേരം മറ്റാരും വീട്ടിൽ ഇല്ലാതിരുന്നപ്പോൾ ഗൗരി അനന്തുവിനെ വിളിച്ച് ജീവിതം അവസാനിപ്പിക്കാൻ പോവുകയാണെന്ന് പറഞ്ഞു. ആ സമയം, അനന്ത് മന്ത്രി പങ്കജാ മുണ്ടെക്കൊപ്പം യാത്രിയിലായിരുന്നു. ഉടൻ തന്നെ അനന്ത് വീട്ടിലെത്തി ഗൗരിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

