ഭാര്യയും കാമുകനും ചേർന്ന് 50കാരനെ കൊന്ന് മൃതദേഹം മൂന്ന് കഷ്ണങ്ങളാക്കി വനത്തിൽ ഉപേക്ഷിച്ചു; 11 മാസങ്ങൾക്ക് ശേഷം പിടിയിൽ
text_fieldsപ്രതീകാത്മക ചിത്രം
മുംബൈ: മഹാരാഷ്ട്രയിലെ നവി മുംബൈയിൽ 50കാരനെ കാണാതായ സംഭവത്തിൽ 11 മാസങ്ങൾക്ക് ശേഷം വൻ ട്വിസ്റ്റ്. യുവാവിനെ കാണാതായതല്ല, ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. 50കാരനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം മൂന്ന് കഷണങ്ങളാക്കി വനത്തിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ബലിറാം സൂര്യനാഥ് കുശ്വാഹയാണ് കൊല്ലപ്പെട്ടത്. കേസിൽ ഭാര്യ സുനിത കുശ്വാഹയെയും കാമുകനും ഓട്ടോറിക്ഷാ ഡ്രൈവറുമായ രാഹുൽ ദശരഥ് പ്രജാപതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. സുനിതയും രാഹുലും തമ്മിൽ ഏറെക്കാലമായി ബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തെ ബലിറാം എതിർത്തതോടെയാണ് ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തത്.
2025 ആഗസ്റ്റ് ഒമ്പതിന് മക്കളെ ബന്ധുവീട്ടിലേക്ക് അയച്ചശേഷം രാത്രി ഉറങ്ങിക്കിടന്ന ബലിറാമിനെ ആദ്യം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് കഴുത്തറുക്കുകയും ചെയ്തതായി അന്വേഷണ സംഘം പറയുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം മൂന്ന് ഭാഗങ്ങളാക്കി ബെഡ്ഷീറ്റിലും ചാക്കുകളിലും പൊതിഞ്ഞ് രാഹുലിന്റെ ഓട്ടോറിക്ഷയിൽ കയറ്റി നവി മുംബൈയിലെ ഗാവ്‌ളി ദേവ് മലനിരകളിലെ വനമേഖലയിൽ വിവിധ സ്ഥലങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് സുനിത കുടുംബം താമസിച്ചിരുന്ന വീട് വാടകക്ക് നൽകി രാഹുലിനോടൊപ്പം താമസിക്കുകയും ചെയ്തു.
കുടുംബത്തിനെ ഉപേക്ഷിച്ച് വീടുവിട്ട് പോയെന്നായിരുന്നു ബലിറാമിനെ കാണാതായതിന് പിന്നാലെ സുനിത ബന്ധുക്കൾക്ക് നൽകിയ വിശദീകരണം. തുടർന്ന് മാസങ്ങളോളം ബലിറാമിനെ കാണാതായതിൽ സംശയം തോന്നിയ സഹോദരൻ ഈ വർഷം ഏപ്രിലിൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.
മൊബൈൽ ഫോൺ വിവരങ്ങൾ, മറ്റ് ഡിജിറ്റൽ തെളിവുകൾ എന്നിവ പരിശോധിച്ച അന്വേഷണ സംഘം സുനിതയെയും രാഹുലിനെയും നിരന്തരം ചോദ്യം ചെയ്തതോടെയാണ് ഇരുവരും കുറ്റം സമ്മതിച്ചതെന്ന് പൊലീസ് അറിയിച്ചു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വനത്തിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങളിൽ ചിലത് പൊലീസ് കണ്ടെടുത്തു. ബാക്കി അവശിഷ്ടങ്ങൾ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. ഭാരതീയ ന്യായ സംഹിതയിലെ കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

