ഭർത്താവിന്റെ അടുത്തേക്ക് മടങ്ങണമെന്ന കോടതി വിധി അംഗീകരിച്ചില്ലെങ്കിലും ഭാര്യക്ക് ജീവനാംശം കിട്ടും; എങ്ങനെ?
text_fieldsകലഹം അവസാനിപ്പിച്ച് ഭാര്യ ഭർത്താവിന്റെ വീട്ടിലേക്ക് മടങ്ങണമെന്ന കോടതി വിധി അനുസരിക്കാതെ വേർപിരിഞ്ഞാലും ഭാര്യക്ക് ജീവനാംശത്തിന് അർഹതയുണ്ടാകും. 1955ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 9 പ്രകാരം ഭാര്യയും ഭർത്താവും ന്യായമായ കാരണങ്ങളില്ലാതെ വിവാഹബന്ധത്തിൽ നിന്ന് പിൻമാറിയാൽ ദാമ്പത്യാവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിനായി അതിലൊരു കക്ഷിക്ക് കോടതിയെ സമീപിക്കാം. കോടതിക്ക് ഇതിൽ തീർപ്പും കൽപിക്കാം. വിവാഹിതരായ സ്ത്രീയും പുരുഷനും അവരുടെ മക്കളുമടങ്ങുന്ന കുടുംബം സംരക്ഷിച്ചുനിർത്താൻ പര്യാപ്തമെന്ന പേരിലുണ്ടാക്കിയതാണ് ഈ നിയമം. എന്നാൽ പതിറ്റാണ്ടുകളായി അതിൽ തർക്കം നിലനിൽക്കുന്നുണ്ട്. 1983ൽ ആന്ധ്രപ്രദേശ് ഹൈകോടതി നിയമം റദ്ദാക്കി. ആധുനിക സമൂഹത്തിൽ ഇത്തരമൊരു വ്യവസ്ഥക്ക് സ്ഥാനമുണ്ടോ എന്ന് ചോദിച്ചായിരുന്നു കോടതിയുടെ നടപടി. എന്നാൽ ആന്ധ്രപ്രദേശ് കോടതിയുടെ വിധി സുപ്രീംകോടതി റദ്ദാക്കി.
വിവാഹം കഴിഞ്ഞ് തൊട്ടടുത്ത വർഷം 2015ൽ ഭാര്യ ഭർതൃഗൃഹം ഉപേക്ഷിച്ച കേസിലായിരുന്നു വിധി. 2018ൽ വിവാഹബന്ധം പുനഃസ്ഥാപിച്ചു കിട്ടാനായി ഭർത്താവ് കോടതിയെ സമീപിച്ചു. ഈ കേസ് നിലനിൽക്കെ, 1973 ലെ ക്രിമിനൽ നടപടി ചട്ടത്തിലെ സെക്ഷൻ 125 പ്രകാരം ഭർത്താവിൽ നിന്ന് ജീവനാംശമായി പ്രതിമാസ അലവൻസ് ആവശ്യപ്പെട്ട് ഭാര്യ മറ്റൊരു കേസും ഫയൽ ചെയ്തു. ഭർത്താവും ഭർതൃകുടുംബവും മോശമായി പെരുമാറുന്നുവെന്നായിരുന്നു ഭാര്യയുടെ ആരോപണം. അതിന്റെ നിരവധി ഉദാഹരണങ്ങളും അക്കമിട്ടുനിരത്തി. 2022 ഏപ്രിലിൽ യുവതിയോട് ദാമ്പത്യബന്ധം പുനഃസ്ഥാപിക്കുന്നതിനായി ഭർതൃവീട്ടിലേക്ക് മടങ്ങാൻ കോടതി ആവശ്യപ്പെട്ടു. എന്നാൽ ഈ നിർദേശം യുവതി അംഗീകരിച്ചില്ല. അതിനിടയിലാണ് 2022 ഫെബ്രുവരിയിൽ, ജീവനാംശ ഇനത്തിൽ യുവതിക്ക് പ്രതിമാസം 10,000 രൂപ നൽകാനായി കോടതി ഭർത്താവിനോട് ആവശ്യപ്പെട്ടത്.
ഉത്തരവിനെതിരെ ഭർത്താവ് ഝാർഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചു. ഭർതൃവീട്ടിലേക്ക് മടങ്ങിപ്പോകാനായി നിർദേശിച്ചിട്ടും യുവതി അനുസരിക്കാത്തത് ചൂണ്ടിക്കാട്ടി 2023ൽ ഹൈകോടതി ജീവനാംശം നൽകണമെന്ന ഉത്തരവ് റദ്ദാക്കി. ഈ തീരുമാനത്തെ ചോദ്യം ചെയ്ത് യുവതി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ഝാർഖണ്ട് കോടതി വിധി റദ്ദാക്കിക്കൊണ്ട് യുവതിക്ക് അനുകൂലമായാണ് സുപ്രീംകോടതി വിധിച്ചത്. ഹൈകോടതി നിർദേശമനുസരിച്ച് ഭർതൃഗൃഹത്തിലേക്ക് മടങ്ങിപ്പോകാൻ യുവതി തയാറാകാത്തത് ജീവനാംശം നൽകാതിരിക്കാനുള്ള മതിയായ കാരണമാകില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.