എന്തിനാണ് ഇത്ര നാണമെന്ന് മോദി; ഒപ്പമെത്താൻ മോദിക്ക് ഏഴുജൻമം വേണമെന്ന് തിരിച്ചടിച്ച് തേജസ്വി
text_fieldsപട്ന: രാഷ്ട്രീയ ജനത ദളിന്റെ (ആർ.ജെ.ഡി) പോസ്റ്ററിൽ ലാലുവിന്റെ അസാന്നിധ്യത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പിന്നാലെ, അതേ നാണയത്തിൽ തിരിച്ചടിച്ച് മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ്.
തിങ്കളാഴ്ച കടീഹാറിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു മോദിയുടെ പരാമർശം. സംസ്ഥാനത്ത് ‘ജംഗിൾ രാജ്’ നടത്തിയ ആളുടെ ചിത്രം ആർ.ജെ.ഡിയുടെ പോസ്റ്ററുകളിൽ കാണാനില്ലെന്നായിരുന്നു മോദിയുടെ വാക്കുകൾ.
ആർ.ജെ.ഡിയുടെയും കോൺഗ്രസിന്റെയും പോസ്റ്ററുകളിലേക്ക് നോക്കൂ, ബിഹാറിൽ ‘ജംഗിൾ രാജ്’ കൊണ്ടുവന്നയാളുടെ ചിത്രം കാണാനില്ല, ചില പോസ്റ്ററുകളിൽ ആളെ കാണാൻ ബൈനോക്കുലർ വെച്ചുനോക്കണം’ മോദി പറഞ്ഞു.
ആർ.ജെ.ഡിയുടെ ആ പ്രമുഖ നേതാവിന്റെ കുടുംബം മൊത്തത്തിൽ രാഷ്ട്രീയത്തിലുണ്ട്. എന്നിട്ടെന്താണ് അവർ അയാളുടെ പടം പോസ്റ്ററുകളിൽ ഉപയോഗിക്കാത്തത്. പ്രമുഖ നേതാവ് സ്വന്തം പിതാവിന്റെ പേര് ഉയർത്തിക്കാട്ടാൻ വിസമ്മതിക്കുകയാണ്. നിങ്ങളുടെ അഛനെ കുറിച്ച് പരാമർശിക്കാൻ എന്താണിത്ര നാണക്കേട്? എന്തൊക്കെ തെറ്റുകളാണ് ആർ.ജെ.ഡി ബിഹാറിലെ യുവാക്കളിൽ നിന്ന് ഒളിപ്പിക്കാൻ ശ്രമിക്കുന്നതെന്നും മോദി ചോദിച്ചു. മുൻ ബിഹാർ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിനെയും മകനും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായ തേജസ്വി യാദവിനെയും പേരെടുത്ത് പറയാതെയായിരുന്നു മോദിയുടെ പരിഹാസം.
ഇതിന് പിന്നാലെ മോദിക്ക് അതേ നാണയത്തിൽ മറുപടിയുമായി തേജസ്വി യാദവും സഹോദരി മിസ ഭാരതിയും രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി ബിഹാറിലെ ജനങ്ങളെ കുറിച്ചാണ് സംസാരിക്കേണ്ടതെന്ന് തേജസ്വി യാദവ് പറഞ്ഞു. ‘പ്രധാനമന്ത്രി ബിഹാറിലെ 14 കോടി ജനങ്ങളെ കുറിച്ചാണ് സംസാരിക്കേണ്ടത്. എന്തിനാണ് വിടുവായത്തം? റെയിൽവേക്ക് ലാലുവുണ്ടാക്കിയ ലാഭം ഒന്നുകൂടെ ആവർത്തിക്കണമെങ്കിൽ മോദി ഏഴുജൻമം ജനിക്കണം,’ തേജസ്വി യാദവ് തിരിച്ചടിച്ചു.
തെരഞ്ഞെടുപ്പ് കാലത്ത് മോദി ബിഹാറിലെത്തിയത് ലാലു യാദവിന്റെ പടം തിരഞ്ഞാണോ എന്ന് മിസ ഭാരതി ചോദിച്ചു. എൻ.ഡി.യുടെയും ബി.ജെ.പിയുടെയും നേതാക്കൾക്കും മോദിക്കും ലാലുവിനോടുള്ള ഭയം ഇതുവരെ മാറിയിട്ടില്ലെന്നാണ് പരാമർശങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രി കള്ളത്തോക്കിനെ കുറിച്ച് വാചാലനാവുമ്പോൾ മറുവശത്ത് തേജസ്വി യാദവ് ചെറുപ്പക്കാർക്ക് തൊഴിൽ നൽകുന്നതിനെ കുറിച്ച് പറയുന്നുവെന്നും ഭാരതി പറഞ്ഞു.
ബിഹാറിൽ നവംബർ ആറിനും 11നുമായി രണ്ടുഘട്ടങ്ങളിലായാണ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ 14നാണ് വോട്ടെണ്ണൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

