മാതാപിതാക്കൾ ഉയർന്ന പദവിയിലെങ്കിൽ മക്കൾക്കെന്തിന് സംവരണം? -സുപ്രീം കോടതി
text_fieldsന്യൂഡൽഹി: വിദ്യാഭ്യാസപരവും സാമ്പത്തികപരവുമായി പുരോഗതി കൈവരിച്ച കുടുംബങ്ങളിലെ കുട്ടികൾക്ക് സംവരണ ആനുകൂല്യങ്ങൾ നൽകുന്നതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതി. ഇത്തരം പുരോഗതികൾ സാമൂഹിക മുന്നേറ്റത്തിന് കാരണമാകുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. `മാതാപിതാക്കൾ രണ്ടുപേരും ഐ.എ.എസ് ഉദ്യോഗസ്ഥരാണെങ്കിൽ അവരുടെ കുട്ടികൾക്ക് എന്തിനാണ് സംവരണം നൽകുന്നത്? വിദ്യാഭ്യാസവും സാമ്പത്തിക ശാക്തീകരണവും ഉണ്ടാകുമ്പോൾ അവിടെ സാമൂഹിക മുന്നേറ്റവും ഉണ്ടാകുന്നുണ്ട്. അങ്ങനെയെങ്കിൽ വീണ്ടും സംവരണം നൽകിയാൽ നമുക്ക് ഒരിക്കലും ഇതിൽ നിന്നും പുറത്തുകടക്കാൻ കഴിയില്ല. ഇത് നമ്മൾ ആശങ്കപ്പെടേണ്ട ഒരു കാര്യമാണ്. കൂടാതെ ഇതുകൊണ്ട് എന്താണ് പ്രയോജനം? സംവരണത്തിലൂടെ മാതാപിതാക്കൾ പഠിച്ചു, നല്ല ജോലി ലഭിച്ചു, നല്ല വരുമാനവും ലഭിക്കുന്നുണ്ട്, എന്നിട്ടും കുട്ടികൾക്ക് വീണ്ടും സംവരണം വേണം. നോക്കൂ, അവർ സംവരണത്തിൽ നിന്ന് പുറത്തുകടക്കണം' ജസ്റ്റിസ് ബി.വി നാഗരത്ന വ്യക്തമാക്കി.
മാതാപിതാക്കൾ രണ്ടുപേരും സർക്കാർ ജീവനക്കാരായതിനാൽ ക്രീമിലെയർ പരിധിയിൽപ്പെടുത്തി സംവരണത്തിൽ നിന്ന് ഒഴിവാക്കിയ കർണ്ണാടക ഹൈകോടതി വിധിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. കർണാടകയിലെ പിന്നാക്ക വിഭാഗങ്ങളിലെ കാറ്റഗറി II(A)-ൽ ഉൾപ്പെടുന്ന കുറുബ സമുദായത്തിൽപ്പെട്ട ഉദ്യോഗാർഥിയുമായി ബന്ധപ്പെട്ടതാണ് കേസ്. കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) തസ്തികയിലേക്ക് സംവരണം വഴിയാണ് ഉദ്യോഗാർഥി തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ഉദ്യോഗാർഥി ക്രീമിലെയർ പരിധിയിൽ വരുന്നു എന്ന് വിലയിരുത്തി ജില്ലാ ജാതി-വരുമാന സർട്ടിഫിക്കേഷൻ കമ്മിറ്റി ഇയാൾക്ക് ജാതി സർട്ടിഫിക്കറ്റ് നിഷേധിക്കുകയായിരുന്നു. ഇവരുടെ കുടുംബത്തിന്റെ വാർഷിക വരുമാനം ഏകദേശം 19.48 ലക്ഷം രൂപയാണ്. മാതാപിതാക്കൾ രണ്ടുപേരും സർക്കാർ ജീവനക്കാരാണെന്നും അവരുടെ വരുമാനം നിശ്ചിത ക്രീമിലെയർ പരിധിയേക്കാൾ കൂടുതലാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
കുടുംബം സാമൂഹികമായും സാമ്പത്തികമായും പുരോഗതി പ്രാപിച്ച ശേഷവും സംവരണ ആനുകൂല്യങ്ങൾ തുടരുന്നതിൽ ജസ്റ്റിസ് നാഗരത്ന ആവർത്തിച്ച് ആശങ്ക പ്രകടിപ്പിച്ചു. സാമ്പത്തിക-വിദ്യാഭ്യാസ ശാക്തീകരണത്തിലൂടെ സാമൂഹിക പദവി ഉയരുമെന്ന് ചൂണ്ടിക്കാണിച്ച ജസ്റ്റിസ് മാതാപിതാക്കൾ വിദ്യാസമ്പന്നരും നല്ല ജോലിയുള്ളവരും ഉയർന്ന വരുമാനമുള്ളവരുമായിരിക്കുമ്പോൾ കുട്ടികൾക്ക് സംവരണ ആനുകൂല്യങ്ങൾ നൽകുന്നതിന്‍റെ യുക്തിയെ ചോദ്യം ചെയ്തു.`ഒരു സന്തുലിതാവസ്ഥ ഉണ്ടായിരിക്കണം. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം വേണം, അത് ശരിയാണ്. എന്നാൽ മാതാപിതാക്കൾ സംവരണം പ്രയോജനപ്പെടുത്തി ഒരു നിലയിൽ എത്തിക്കഴിഞ്ഞാൽ—ഉദാഹരണത്തിന് രണ്ടുപേരും ഐ.എ.എസ് ഉദ്യോഗസ്ഥരോ സർക്കാർ സർവീസിലോ ആണെങ്കിൽ അവർ വളരെ നല്ല നിലയിലാണ്. അവിടെ സാമൂഹിക മുന്നേറ്റം നടന്നു കഴിഞ്ഞു' ജസ്റ്റിസ് നാഗരത്ന കൂട്ടി ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

