ഒരു കോച്ചിൽ ഉൾക്കൊള്ളാവുന്നതിലും അധികം ആളുകൾക്ക് ടിക്കറ്റ് നൽകിയത് എന്തിന്; റെയിൽവേയെ വിമർശിച്ച് ഡൽഹി ഹൈകോടതി
text_fieldsന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയും കേന്ദ്രസർക്കാറിനേയും രൂക്ഷമായി വിമർശിച്ച് ഡൽഹി ഹൈകോടതി. തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിക്കാനിടയായ ദുരന്തത്തിലാണ് കോടതിയുടെ വിമർശനം.
ചീഫ് ജസ്റ്റിസ് ഡി.കെ ഉപാധ്യായ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരുൾപ്പെട്ട രണ്ടംഗ ബെഞ്ചാണ് റെയിൽവേയെ വിമർശിച്ച് രംഗത്തെത്തിയത്. ഒരു കോച്ചിൽ ഉൾക്കൊള്ളാവുന്നതിൽ അധികം ആളുകൾക്ക് എന്തിനാണ് ടിക്കറ്റ് നൽകുന്നതെന്ന് ഹൈകോടതി ചോദിച്ചു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാറും റെയിൽവേയും മറുപടി നൽകണമെന്നും കോടതി നിർദേശിച്ചു.
അപകടങ്ങൾ കുറക്കാൻ റെയിൽവേയോട് നിർദേശിക്കണമെന്ന പൊതുതാൽപര്യ ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതിയിൽ നിന്ന് പരാമർശങ്ങളുണ്ടായത്. ഒരു കോച്ചിലെ ആളുകളുടെ എണ്ണം റെയിൽവേ ആക്ട് പ്രകാരം നിയന്ത്രിച്ചിട്ടുണ്ട്. ആ നിയമം നടപ്പാക്കി കൂടെയെന്ന് കോടതി ആരാഞ്ഞു.
കോച്ചുകളിലെ പരമാവധി ആളുകളുടെ എണ്ണം നിശ്ചയിക്കാനും അനധികൃതമായി ആളുകൾ ട്രെയിനിനുള്ളിൽ പ്രവേശിക്കുന്നത് തടയാനും എന്ത് നടപടി സ്വീകരിച്ചുവെന്നും കോടതി റെയിൽവേയോട് ചോദിച്ചു. കോച്ചുകളിലെ പരമാവധി യാത്രക്കാരുടെ എണ്ണം നിശ്ചയിക്കാൻ റെയിൽവേക്ക് അധികാരമുണ്ട്. ഇതിന് പുറമേ ഈ എണ്ണം കോച്ചുകൾക്ക് പുറത്ത് പ്രദർശിപ്പിക്കുകയും വേണമെന്നും റെയിൽവേ നിയമത്തിൽ പറയുന്നുണ്ടെന്നും കോടതി ഓർമിപ്പിച്ചു. സീറ്റുകളേക്കാൾ കൂടുതൽ എണ്ണം ടിക്കറ്റുകൾ വിറ്റത് ഒരു പ്രശ്നമാണെന്നും കോടതി വ്യക്തമാക്കി.
ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലുംപെട്ട് 18 പേർ മരിച്ചിരുന്നു. ദുരന്തത്തിന് പിന്നാലെ റെയിൽവേയുടെ അനാസ്ഥയാണ് ഇത് കാരണമായതെന്ന വിമർശനം ഉയർന്നിരുന്നു. റിസർവ് ചെയ്യാത്ത യാത്രക്കാർക്ക് അനിയന്ത്രിതമായി ടിക്കറ്റ് നൽകുകയും സുരക്ഷാസേനയെ വിന്യസിക്കുന്നതിലെ അപര്യാപ്തയും ചൂണ്ടിക്കാട്ടിയാണ് റെയിൽവേക്കെതിരെ വിമർശനം ഉയർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

