കഴിഞ്ഞ തവണ തടിതപ്പിയ മോദിക്ക് ഇത്തവണ പിഴച്ചതെവിടെ? കോവിഡിൽ തകരുന്ന വ്യാജ പ്രതിഛായാ നിർമിതികൾ
text_fieldsകോവിഡിെൻറ ആദ്യഘട്ടം ഏറെ മോശമായി ബാധിച്ച രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ. ഒരു സുപ്രഭാതത്തിൽ പ്രഖ്യാപിച്ച ലോക്ഡൗൺ രാജ്യത്തെ കോടിക്കണക്കിന് മനുഷ്യരുടെ ജീവിതാവസ്ഥകളെ കീഴ്മേൽ മറിച്ചു. ഇന്ത്യയിലെ ദരിദ്രനാരായണന്മാർ നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് നടന്നലഞ്ഞു. അവരിലേറെപ്പേർ വിശന്നും ദാഹിച്ചും തെരവുകളിൽ മരിച്ചുവീണു. എന്നിട്ടും ഭരണനേതൃത്വം ആ കെടുതികളുടെ ഉത്തരവാദിത്വങ്ങളിൽ നിന്ന് നിന്ന് വിദഗ്ധമായി തടിയൂരുകയായിരുന്നു. അതിനുള്ള ഒന്നാമത്തെ കാരണം രാജ്യത്തിെൻറ മുഖമായ മധ്യവർഗം താരതമ്യേന മെച്ചപ്പെട്ട നിലയിലായിരുന്നതാണ്. അപ്രതീക്ഷിതമായി കിട്ടിയ അവധി അവർ ആസ്വദിക്കുകയും ഭരണകൂടത്തിെൻറ ഇച്ഛാശക്തിയെ വാഴ്ത്തുകയും ചെയ്തു. ഹിന്ദുത്വ രാഷ്ട്രീയത്തെ നിലനിർത്തുന്നതും അതിൽ ആവേശംകൊള്ളുന്നതും ഇതേ മധ്യവർഗമായതിനാൽ അവർ ഭരകൂടത്തിെൻറ നടപടികളെ ശക്തിപ്രകടിപ്പിക്കലായാണ് കണ്ടത്.
ആഗോളതലത്തിലെ ശക്തിപ്രകടനം
ഹിന്ദുത്വ ശക്തികൾ രാജ്യത്ത് അധികാരത്തിൽ വന്നശേഷം അകത്തെന്നപോലെ പുറത്തും പ്രതിഛായാ നിർമാണത്തിൽ വ്യാപൃതരായിരുന്നു. കഴിഞ്ഞ കോവിഡ് കാലത്ത് നടത്തിയ പല ഒാൺലൈൻ സർവ്വേകളിലും മോദിയെ ഒന്നാമതെത്തിക്കാനുള്ള ആസൂത്രിത നീക്കങ്ങളുണ്ടായി. മോർണിങ് കൺസൾട്ടിെൻറ ഗ്ലോബൽ ലീഡർ റേറ്റിങിൽ മോദി ഒന്നാമതെത്തിയത് അങ്ങിനെയാണ്. അന്ന് 13 ലോകനേതാക്കളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഏറ്റവും മുന്നിലെത്തിയത്.
ഏപ്രിൽ 27 ലെ കണക്കനുസരിച്ച് മോദിക്ക് 39 ശതമാനം അപ്രൂവൽ റേറ്റിങ് ഉണ്ടായിരുന്നു. അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ, ബ്രസീലിലെ ജെയർ ബോൾസനാരോ, ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗി, യുകെയിലെ ബോറിസ് ജോൺസൺ, ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ, ജർമ്മൻ ചാൻസലർ ആഞ്ചെല മെർക്കൽ എന്നിവരെല്ലാം അന്ന് മോദിയേക്കാൾ പിന്നിലാണെത്തിയത്. 2020 ജനുവരിക്ക് ശേഷമുള്ള മോദിയുടെ ഏറ്റവും കുറഞ്ഞ റേറ്റിങ്ങായിരുന്നു ഇതെങ്കിലും പുതിയ സാഹചര്യത്തിൽ അതത്ര മോശമായിരുന്നില്ല.
ദുരന്തങ്ങളിലെ െഎക്യം
ഏതൊരു ജനതയും ഏറ്റവും ഒത്തൊരുമയും യോജിപ്പും പ്രകടിപ്പിക്കുന്നത് ദുരന്തമുഖത്താണെന്നത് വിഖ്യാതമായ സംഗതിയാണ്. മോദിയുടെ ഭരണപാടവമല്ല ജനങ്ങളുടെ ഭീതിയാണ് ആദ്യ കോവിഡ് തരംഗത്തിൽ ഭരണകൂടത്തിന് അനുകൂലമായി ഭവിച്ചത്. ലോക്ഡൗൺ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ ദുരിതത്തിലാക്കിയിരുന്നു. കോവിഡ് ഭീഷണി നേരിടാൻ സർക്കാരിന് എത്രയോ വേഗത്തിൽ പ്രവർത്തിക്കാൻ കഴിയുമായിരുന്നുവെന്ന് സാമൂഹിക നിരീക്ഷകർ ചുണ്ടിക്കാട്ടിയിരുന്നു. എങ്കിലും പ്രതിസന്ധി പ്രധാനമന്ത്രി മോദിയുടെ സൃഷ്ടിയല്ലെന്നും ലോക്ഡൗൺ ചുമത്താൻ അദ്ദേഹം നിർബന്ധിതനായിരുന്നു എന്ന ബോധവും ഇന്ത്യൻ മധ്യവർഗം വച്ചുപുലർത്തി. 'റാലി എറൗണ്ട് ദി ഫ്ലാഗ്' എന്നൊരു പ്രതിഭാസവും അക്കാലത്ത് പ്രവർത്തിച്ചിരുന്നു. പ്രതിസന്ധി, യുദ്ധം, പ്രകൃതിദുരന്തം തുടങ്ങിയ സമയങ്ങളിൽ സർക്കാരിനെ പിന്തുണയ്ക്കുന്ന പ്രവണതയാണത്. ഇന്ത്യൻ ജനതയും ഇത് പിന്തുടർന്നു എന്നതാണ് വസ്തുത.
രണ്ടം തരംഗവും ഉടയുന്ന മുഖംമൂടിയും
കഴിഞ്ഞ വർഷം കോവിഡിനേക്കാൾ ലോക്ഡൗണാണ് ആളുകളെ ബാധിച്ചത്. രണ്ടാം തരംഗത്തിൽ സംഗതി കൂടുതൽ സങ്കീർണ്ണമാണ്. കോവിഡ് അതിെൻറ സർവ്വശക്തിയും എടുത്ത് ആഞ്ഞടിക്കുകയാണ്. ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ കുന്നുകൂടുന്നു. ഓക്സിജെൻറ അഭാവം മൂലം ആളുകൾ മരിക്കുന്നു. നിലവിലുള്ള ആരോഗ്യസംവിധാനം അപര്യാപ്തമാണെന്ന് ജനത്തിന് ബോധ്യമായിരിക്കുന്നു. ആളുകൾക്ക് വാക്സിൻ എത്തിക്കാനാവാതെ സർക്കാർ ഇരുട്ടിൽതപ്പുകയാണ്.
'റാലി എറൗണ്ട് ദി ഫ്ലാഗ്' പ്രതിഭാസം വരുമാനം കുറയുന്നതിന് വിധേയമാണ്. വരുമാനം കുറയുകയും പ്രതിസന്ധി ഏറുകയും ചെയ്യുേമ്പാൾ ജനം കാര്യങ്ങൾ വസ്തുതാപരമായി വിലയിരുത്താൻ തുടങ്ങും. മാത്രമല്ല ഒരു സർക്കാരിനും ഇത്തരം പ്രതിഭാസങ്ങൾ നിരന്തരം പ്രയോജനപ്പെടുത്താനുമാവില്ല. വേണ്ടത്ര സമയം ലഭിച്ചിട്ടും വിടുവായത്തം അടിച്ചും ലോകത്തെ രക്ഷിക്കുമെന്ന് വീമ്പിളക്കിയും ഭരണവർഗം സമയം പാഴാക്കിയതായും ജനത്തിന് ബോധ്യമായിട്ടുണ്ട്. പൗരന്മാർക്ക് ലഭിക്കേണ്ട വാക്സിൻ വിദേശത്തേക്ക് കയറ്റി അയക്കുന്നതിലായിരുന്നു മോദിയുടെ ശ്രദ്ധയെന്ന് ഹിന്ദുത്വ അനുകൂലികൾ പോലും മുറുമുറുക്കുന്നുണ്ട്.
മധ്യവർഗം ദുരിതത്തിൽ
ഹുന്ദുത്വയുടെ വാഴ്ത്തുപാട്ടുകാരിൽ വലിയൊരു വിഭാഗമായ മധ്യവർഗത്തെയാണ് കോവിഡ് രണ്ടാം തരംഗം തീവ്രമായി ബാധിച്ചത്.കഴിഞ്ഞ തവണ ദുരിതംനേരിട്ടവരും ഈ വർഷെ പീഡിതരും തമ്മിൽ വർഗ്ഗപരമായിതന്നെ വ്യത്യാസമുണ്ട്. 2020 ലോക്ഡൗ ൗൺ പാവപ്പെട്ടവരെയും കുടിയേറ്റ തൊഴിലാളികളെയുമാണ് ദുരിതത്തിലാക്കിയത്. ഇവർ എണ്ണത്തിൽ കൂടുതലാണെങ്കിലും മധ്യവർഗവുമായി താരതമ്യപ്പെടുത്തുമ്പോൾ രാഷ്ട്രീയമായി ശക്തിയില്ലാത്തവരാണ്. സമൂഹമാധ്യമങ്ങൾ പോലുള്ള പ്രചരണ മാർഗങ്ങൾ പഴയ സാധുക്കൾക്ക് ലഭ്യമായിരുന്നില്ല. എന്നാൽ മധ്യവർഗം അതിെൻറ സർവ്വ സന്നാഹങ്ങളുമായി ഭരണവർഗത്തിനെതിരേ ആഞ്ഞടിക്കുകയാണിപ്പോൾ? മധ്യവർഗ കോപത്തിന് ദേശീയ ആഖ്യാനത്തെ രൂപപ്പെടുത്താനുള്ള ശേഷിയുണ്ട്. സർക്കാർ അനുകൂല മാധ്യമങ്ങൾക്ക് പോലും ഈ വിഭാഗത്തിെൻറ വികാരത്തെ പൂർണമായും അവഗണിക്കാൻ കഴിയില്ല.
മോദി സർക്കാർ നേരിട്ട സിഎഎ പ്രക്ഷോഭവും കാർഷിക നിയമങ്ങൾെക്കതിരായ വലിയ സമരങ്ങളും ഉണ്ടാക്കിയതിനേക്കാൾ രൂക്ഷമായ സ്വാധീനം അണ്ണാ ഹസാരെ പ്രസ്ഥാനത്തിന് ഉണ്ടാക്കാൻ കഴിഞ്ഞത് മധ്യവർഗ കോപത്തിെൻറ സ്വാധീനം കാരണമാണ്. മോദിക്കും സംഘത്തിനും ആശങ്കപ്പെടേണ്ട മറ്റൊരു വിഭാഗം യുവാക്കളാണ്. 18-25 വയസ്സിനിടയിലുള്ള ധാരാളം വോട്ടർമാർ ഒന്നിലധികം പ്രതിസന്ധികൾക്കിടയിലും ബിജെപിയെ പിന്തുണക്കുമോ എന്നത് കണ്ടറിയണം.
ഏൽക്കാത്ത മറുപ്രചരണങ്ങൾ
അന്താരാഷ്ട്ര തലത്തിലെ മോശം പ്രചാരണം തടയാനുള്ള നടപടിയെടുക്കാൻ വിദേശകാര്യ മന്ത്രാലയം അംബാസഡർമാരോട് നിർദ്ദേശിച്ചിട്ടുണ്ട്. പൊതുജനങ്ങളിൽ നിന്നുള്ള ഓൺലൈൻ വിമർശനങ്ങളെ തടയാനുള്ള ശ്രമങ്ങൾക്ക് സുപ്രീംകോടതിയുടെ കടുത്ത വിമർശനമാണ് ലഭിച്ചത്. മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനെക്കുറിച്ച് 'മാനസികാരോഗ്യ വിദഗ്ധർ' എന്ന പേരിൽ എഴുതിയ ഒരു കത്ത് ആർഎസ്എസിെൻറ ഉപജാപമാണെന്ന് തെളിഞ്ഞിരുന്നു. രാജ്യത്ത് ഓക്സിജെൻറ കുറവ് ഇല്ലെന്ന് ആരോഗ്യമന്ത്രി ഹർഷ് വർധനും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ആവർത്തിച്ച് പറയുന്നുണ്ട്. എന്നാൽ ഓക്സിജെൻറ കുറവ് മൂലം ആളുകൾ മരിക്കുന്ന സാഹചര്യത്തിൽ അതെല്ലാം പരാജയമാവുകയാണ്. ആദ്യത്തെ കോവിഡ് തരംഗത്തിൽ നിന്ന് വ്യത്യസ്തമായി മഹാരാഷ്ട്രയെപ്പോലുള്ള പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് കുറ്റംചാരി രക്ഷപ്പെടാനുള്ള പഴുതും ഇത്തവണ മോദിക്കും കൂട്ടർക്കും ലഭിച്ചിട്ടില്ല. ഡൽഹി, ഛത്തീസ്ഗഡ് എന്നിവ ഒഴികെ രണ്ടാം തരംഗത്തിെൻറ കേന്ദ്രം പ്രധാനമായും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്, പ്രത്യേകിച്ച് ഉത്തർപ്രദേശ്, ഗുജറാത്ത്, കർണാടക സംസ്ഥാനങ്ങൾ.
മോദിയുടെ ഭാവി
അധികാരത്തിലേറിയ ശേഷം ഹിന്ദുത്വ രാഷ്ട്രീയം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിതെന്ന് നിസംശയം പറയാം. 2016 ലെ നോട്ട് നിരോധനത്തിനും 2017ലെ ജിഎസ്ടിക്കും ശേഷവും മോദി വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു. പക്ഷേ, അപ്പോഴും മോദിയുടെ ഉദ്ദേശ്യത്തെക്കുറിച്ചും കഴിവിനെക്കുറിച്ചും കുറച്ചുപേർ മാത്രമാണ് സംശയം ഉന്നയിച്ചത്. എന്തോ നല്ലത് വരാനിരിക്കുന്നു എന്ന പ്രതീക്ഷ ജനങ്ങളിൽ ബാക്കിയായിരുന്നു. ഈ വർഷം തുടക്കത്തിൽ വേൾഡ് ഇക്കണോമിക് ഫോറത്തിൽ സ്വയം അഭിനന്ദിച്ചുകൊണ്ട് മോദി ഒരു പ്രസംഗം നടത്തിയിരുന്നു. തെൻറ സർക്കാർ കോവിഡ് കൈകാര്യം ചെയ്തതിനെ മോദിതന്നെ വാനോളം പ്രശംസിക്കുകയും ചെയ്തു. പുതിയ ദുരന്തമുഖത്തുനിന്ന് തിരിഞ്ഞുനോക്കുേമ്പാ അന്ന് നടത്തിയ പ്രശംസ ക്രൂരമായ തമാശയായി മോദിക്കുതന്നെ തോന്നാനിടയുണ്ട്.
നോട്ടുനിരോധനത്തിനുശേഷം, ദരിദ്ര വോട്ടർമാർക്കിടയിലെ വികാരം മോദിക്ക് അനുകൂലമായിരുന്നു. സമ്പന്നരുടെ അനധികൃത സ്വത്ത് ലക്ഷ്യമിട്ട് ഒരു സുപ്രധാന നടപടി സ്വീകരിച്ചതാണെന്നാണ് അന്ന് ഒരുവിഭാഗം വിശ്വസിച്ചത്. ഇത്തവണ അത്തരം വികാരങ്ങളൊന്നും മോദി സർക്കാറിനെ തുണക്കാനില്ല. ആദ്യം കർഷകരേയും ഇപ്പോൾ നഗര മധ്യവർഗത്തെയും വേദനിപ്പിക്കുന്ന നടപടികളാണ് ഉണ്ടായിരിക്കുന്നത്. ദരിദ്ര വോട്ടർമാർ സർക്കാരിനെ പിന്തുണയ്ക്കുന്നുണ്ടോ ഇല്ലയോ എന്നതും കണ്ടറിയണം. പകർച്ചവ്യാധി ഗ്രാമ-അർധ ഗ്രാമീണ മേഖലകളിലേക്ക് വ്യാപിക്കുന്നതിനാൽ ഇത് കൂടുതൽ കൂടുതൽ ബുദ്ധിമുട്ടായിത്തീരും. ഇനിയും ഇൗ അവസ്ഥ തുടർന്നാൽ കോവിഡ് രണ്ടാം തരംഗം ഭരണകൂടത്തിനുമുന്നിൽ വലിയ വെല്ലുവിളിയായാത്തീരീമെന്നതിൽ സംശയമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

