‘സ്വന്തം വീട്ടിൽവെച്ച് അവക്ക് ഭക്ഷണം കൊടുക്കാത്തതെന്ത്? തെരുവു നായ്ക്കൾക്ക് തീറ്റ നൽകാൻ സമ്മതിക്കാത്തതിൽ അസ്വസ്ഥനായ ഹരജിക്കാരനോട് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ‘എന്തുകൊണ്ട് സ്വന്തം വീട്ടിൽ അവക്ക് ഭക്ഷണം കൊടുക്കുന്നില്ല?’ -തെരുവു നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിനെച്ചൊല്ലി പീഡനം നേരിടുന്നുവെന്ന് ആരോപിച്ച് ഹരജി സമർപിച്ച നോയിഡ നിവാസിയോടാണ് സുപ്രീംകോടതിയുടെ ഈ ചോദ്യം. ‘ഇങ്ങനെയുള്ള വിശാലഹൃദയരായ ആളുകൾക്കുവേണ്ടി നമ്മൾ എല്ലാ പാതകളും റോഡുകളും തുറന്നിടണം? ഇത്തരം മൃഗങ്ങൾക്ക് എല്ലാ സ്ഥലവുമുണ്ട്. മനുഷ്യർക്ക് ഇടമില്ല. നിങ്ങളുടെ സ്വന്തം വീട്ടിൽ അവക്ക് ഭക്ഷണം കൊടുക്കാത്തതെന്ത്? ആരും നിങ്ങളെ തടയുന്നില്ലല്ലോ’- അലഹബാദ് ഹൈകോടതിയുടെ 2025 മാർച്ചിലെ ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹരജിയിൽ വാദം കേൾക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും ഉൾപ്പെട്ട സുപ്രീംകോടതി ബെഞ്ച് പ്രധാന നിരീക്ഷണങ്ങൾ നടത്തിയത്.
2023ലെ മൃഗ ജനന നിയന്ത്രണ നിയമങ്ങൾ അനുസരിച്ച് തെരുവു നായ്ക്കൾക്ക് ഭക്ഷണം നൽകിയതിന് തങ്ങളെ പീഡിപ്പിക്കുകയാണെന്ന് ഹരജിക്കാരൻ ആരോപിച്ചു. പ്രസ്തുത നിയമങ്ങളിലെ റൂൾ 20 കമ്മ്യൂണിറ്റി മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നതിനുള്ള ഉത്തരവാദിത്തം റസിഡന്റ് വെൽഫെയർ അസോസിയേഷനുകൾ, അപ്പാർട്ട്മെന്റ് ഉടമകളുടെ അസോസിയേഷനുകൾ അല്ലെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവക്കു നൽകുന്നുണ്ട്. തെരുവു മൃഗങ്ങൾക്ക് നിയുക്ത തീറ്റ കേന്ദ്രങ്ങൾ നിർബന്ധമാക്കുന്നുമുണ്ട്. ഹരജിക്കാരൻ പ്രസ്തുത നിയമം പാലിക്കുക മാത്രമാണെന്ന് അഭിഭാഷകൻ വാദിച്ചു. ഗ്രേറ്റർ നോയിഡയിൽ അത്തരം തീറ്റ കേന്ദ്രങ്ങൾ ഉണ്ടെങ്കിലും നോയിഡ അധികൃതർ ഇതുവരെ അവ നടപ്പിലാക്കിയിട്ടില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാണിച്ചു.
‘എങ്കിൽ, നിങ്ങളുടെ സ്വന്തം വീട്ടിൽ ഒരു ഷെൽട്ടർ തുറക്കൂ. എല്ലാ തെരുവു നായ്ക്കൾക്കും നിങ്ങളുടെ സ്വന്തം വീട്ടിൽ ഭക്ഷണം നൽകൂ’ എന്നായിരുന്നു സുപ്രീംകോടതിയുടെ മറുപടി. തെരുവു നായ്ക്കളുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകൾ ബെഞ്ച് എടുത്തുകാണിച്ചതോടെ സംഭാഷണം പ്രായോഗികതലത്തിലേക്കു മാറി. ‘നിങ്ങൾ രാവിലെ സൈക്കിൾ ചവിട്ടാൻ പോകാറുണ്ടോ?’- ജഡ്ജിമാരിൽ ഒരാൾ ചോദിച്ചു. അത് ചെയ്യാൻ ശ്രമിച്ചുനോക്കൂ. എന്താണ് സംഭവിക്കുന്നതെന്ന് കാണാമെന്നും ജഡ്ജിമാരിലൊരാൾ പറഞ്ഞു.
താൻ പ്രഭാത നടത്തത്തിനിറങ്ങാറുണ്ടെന്നും പതിവായി നായ്ക്കളെ കാണാറുണ്ടെന്നും അഭിഭാഷകൻ പറഞ്ഞപ്പോൾ, രാവിലെ നടക്കുന്നവർ അപകടത്തിലാണെന്നും സൈക്കിൾ യാത്രികരും മറ്റ് ഇരുചക്ര വാഹനയാത്രക്കാരും കൂടുതൽ അപകടത്തിലാണെന്നും ബെഞ്ച് തിരിച്ചടിച്ചു. തുടർന്ന്, ഒന്നിച്ചു വാദം കേൾക്കാനായി നേരത്തെ മാറ്റിവെച്ച സമാന ഹരജികളിലേക്ക് ഈ ഹരജിയും ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

