തിരുവനന്തപുരം: കഴിഞ്ഞ ആഗസ്റ്റ് 15ന് പാലക്കാട് സ്കൂളിൽ മോഹൻ ഭാഗവത് പതാക ഉയർത്തിയത് വിവാദമായിരിക്കെ വീണ്ടും റിപ്പബ്ളിക് ദിനത്തിൽ പതാക ഉയർത്താൻ ആർ.എസ്.എസ് മേധാവി എത്തുന്നത് പിന്നിലെ രാഷ്ട്രീയമെന്ത്? കേരളത്തിലെ ഹിന്ദു വോട്ടുകൾ ലക്ഷ്യം വെച്ചാണ് ആർ.എസ്.എസ് പതാക രാഷ്ട്രീയവുമായി മുന്നോട്ട് പോകുന്നതെന്ന് വ്യക്തമാണ്.
സംഘ്പരിവാർ നേതൃത്വം നൽകുന്ന പാലക്കാട്ടെ ഭാരതീയ വിദ്യാ നികേതൻ സ്കൂളിലാണ് റിപ്പബ്ളിക് ദിനത്തിൽ ദേശീയ പതാക ഉയർത്താനായി ഭാഗവത് എത്തുന്നത്. പാലക്കാട് കർണകിയമ്മൻ സ്കൂളിൽ ദേശീയ പതാക ഉയർത്തുന്നതിൽ നിന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിനെ ജില്ലാ കലക്ടർ വിലക്കിയിരുന്നു. വിലക്ക് മറികടന്ന് ഭാഗവത് സ്കൂളിൽ പതാകയുയർത്തിയിരുന്നു. ഇതിനെതിരെ കേസും നിലവിലുണ്ട്. എയ്ഡഡ് സ്‌കൂളുകളില്‍ രാഷ്ട്രീയ നേതാക്കള്‍ പതാക ഉര്‍ത്തുന്നത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മോഹന്‍ ഭാഗവതിന് കലക്ടര്‍ അനുമതി നിഷേധിച്ചത്. ജനപ്രതിനിധികള്‍ക്കോ അധ്യാപകര്‍ക്കോ പതാക ഉയര്‍ത്താമെന്നും കലക്ടര്‍ പറഞ്ഞിരുന്നു. എന്നാൽ ആർക്കും ദേശീയ പതാക ഉയർത്താമെന്നാണ് ആർ.എസ്.എസിന്‍റെ നിലപാട്.
ജില്ലാ പോലീസ് മേധാവി, തഹസില്‍ദാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, ഡി.ഡി.ഇ എന്നിവര്‍ക്കും ജില്ലാ കലക്ടര്‍ ഈ നിര്‍ദേശം നല്‍കിയിരുന്നു. എന്നാൽ ആർ.എസ്.എസ് തന്നെ ചുക്കാൻ പിടിക്കുന്ന സ്കൂളിൽ തന്നെ ഇത്തവണയെത്തുമ്പോൾ ഭാഗവതിന് ഈ വിലക്കുകൾ മറികടക്കുക എളുപ്പമായിരിക്കും.
കേരളവുമായും കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാരുമായും തുറന്ന പോരാട്ടത്തിനുള്ള അവസരമാണ് ആർ.എസ്.എസ് ഇതിലൂടെ ഒരുക്കുന്നത്. കമ്യൂണിസ്റ്റുകളെ ദേശീയവിരുദ്ധരായി ചിത്രീകരിക്കുക എന്ന നിഗൂഢമായ ലക്ഷ്യം കൂടി ഇതിന് പിന്നിലുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. കണ്ണൂരിലെ സി.പി.എം അക്രമത്തിനെതിരായി ദേശീയ തലത്തിൽ തന്നെ ബി.ജെ.പിയും ആർ.എസ്.എസും ആസൂത്രിതമായ നീക്കങ്ങൾ നടത്തിയിരുന്നു.