ക്രൂരമായ ബലാൽസംഗത്തിനിരയാകുമ്പോഴും കത്വവയിലെ ആ പെൺകുട്ടി എന്തുകൊണ്ടാണ് ഒന്നു ഞരങ്ങുകപോലും ചെയ്യാതിരുന്നത്...?
text_fieldsജമ്മു: മനുഷ്യ ചരിത്രത്തിലെ തുല്ല്യതയില്ലാത്ത ക്രൂരതയ്ക്ക് ഇരയായപ്പോഴും എന്തുകൊണ്ടാണ് കത്വയിലെ ആ എട്ടു വയസ്സുകാരി ഒന്നു നിലവിളിക്കുക പോലും ചെയ്യാതിരുന്നത്...?
ആ ചോദ്യത്തിെൻറ ഉത്തരമാണ് ഫോറൻസിക് വിഭാഗം ഇപ്പോൾ പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നത്. വയറുനിറയെ ഭക്ഷണം കഴിച്ച പൂർണ ആരോഗ്യവാനായ ഒരാളായിരുന്നാൽ പോലും ഒന്ന് ഞരങ്ങാൻ കൂടി കാഴിയാത്തവണ്ണം അബോധാവസ്ഥയിലാകുന്നത്രയും തീവ്രമായ മയക്കുമരുന്നും പ്രാദേശിക ലഹരിയുമാണ് വെറും എട്ടു വയസ്സു മാത്രം പ്രയമുള്ള പിഞ്ചു കുഞ്ഞിന് ആ നരാധമന്മാർ നൽകിയത്. അതും ഭക്ഷണം പോലും കൊടുക്കാതെ എത്രയോ ദിവസങ്ങൾ. മരിക്കുന്നതിനു മുമ്പുതന്നെ ഇൗ ലോകത്തെ തിരിച്ചറിയാനാവാത്തവിധം മരവിച്ച അവസ്ഥയിലോ കോമയിലോ അവൾ ആയി കഴിഞ്ഞിരുന്നുവെന്നാണ് ഫോറൻസികിെൻറ ഒടുവിലത്തെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ഇത്രയും പീഡനം നടന്നിട്ടും പെൺകുഞ്ഞ് എന്തുകൊണ്ട് നിലവിളിക്കുകയോ സഹായം തേടുകയോ ചെയ്തില്ല എന്ന പ്രതിഭാഗം അഭിഭാഷകരുടെയും സോഷ്യൽ മീഡിയയിൽ അക്രമികളെ പിന്തുണച്ചവരുടെയും ചോദ്യങ്ങൾക്ക് പഴുതടച്ച മറുപടി തേടിയാണ് കേസന്വേഷിച്ച ക്രൈം ബ്രാഞ്ച് ഫോറൻസിക് വിദഗ്ധരെ സമീപിച്ചത്. അതിക്രൂരമായ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടു വയസ്സുകാരിയുടെ ആന്തരികാവയവങ്ങൾ സൂക്ഷ്മമായി പരിശോധിച്ച ഫോറൻസിക് വിദഗ്ധർ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്.
ഡോക്ടർമാരുടെ കർശന നിർദേശത്തോടെ മാത്രം മാനസിക രോഗികൾക്ക് നൽകുന്ന ക്ലോണാസെപാം (Clonazepam) എന്ന വീര്യം കൂടിയ മരുന്നും പ്രാദേശികമായി ഉപയോഗിക്കുന്ന കഞ്ചാവിന് തുല്ല്യമായ മന്നാറും കൂടിയ അളവിൽ കുഞ്ഞിനു ബലമായി നൽകിയിരുന്നു. പൂർണ ആരോഗ്യവാനായ ഒരാൾക്ക് പോലും താങ്ങാൻ കഴിയുന്നതിലും എത്രയോ കൂടിയ അളവിലാണ് ഇൗ മയക്കുമരുന്ന് കുഞ്ഞിന് നൽകിയത്. 0.1 മില്ലി ഗ്രാം മുതൽ 0.5 മില്ലി ഗ്രാം വരെയാണ് അനുവദനീയമായ അളവ്. അതും ഭക്ഷണത്തിനു ശേഷം മാത്രം. എന്നാൽ, കത്വയിലെ പെൺകുട്ടിക്ക് ആദ്യ ദിവസം നൽകിയത് 0.5 മില്ലി ഗ്രാമിെൻറ അഞ്ച് ഗുളികകളാണ്. ഇതിനു പുറമെ മന്നാർ എന്ന ലഹരിയും നൽകി. തുടർന്നുള്ള ദിവസങ്ങളിലും ഗുളികയും ലഹരിയും ആവർത്തിച്ചു നൽകി. ക്ലോണാസെപാം കഴിക്കുമ്പോൾ മറ്റ് ലഹരി വസ്തുക്കൾ ഉപയോഗിക്കരുതെന്നും അങ്ങനെ ചെയ്താൽ അത് നാഡീവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പ്. ഇതോടെ കുഞ്ഞിെൻറ ശ്വാസം മന്ദഗതിയിലാകുകയും മരിച്ചതിനു തുല്ല്യമാവുകയും ചെയ്തു. അതുകൊണ്ടാണ് അതി ക്രൂരമായ കൂട്ടബലാൽസംഗത്തിന് അഞ്ച് ദിവസത്തോളം ഇരയായിട്ടും ആ എട്ടുവയസ്സുകാരി ഒന്നു ഞരങ്ങുക പോലും ചെയ്യാതിരുന്നത് എന്ന് ഫോറൻസിക് വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നു.
ഇക്കഴിഞ്ഞ ജനുവരി 10നാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി സമീപത്തെ ക്ഷേത്രത്തിൽ ഒളിപ്പിച്ചുവെച്ചത്. മയക്കുമരുന്നും ലഹരിയും നൽകി അബോധവാസ്ഥയിലാക്കി പൂജകൾ നിർവഹിച്ച ശേഷമായിരുന്നു േക്ഷത്രത്തിെൻറ മുഖ്യസ്ഥാനത്തുവെച്ച് അതിനിഷ്ഠുരമായി പെൺകുട്ടിയെ കൂട്ടമായി ബലാൽസംഗം ചെയ്തത്. ജനുവരി 14ന് ക്ഷേത്രത്തിലെ പൂജാരിയും കേസിലെ ഒന്നാം പ്രതിയുമായ സഞ്ജിറാം കൊന്ന് കാട്ടിൽ വലിച്ചെറിഞ്ഞ കുഞ്ഞിെൻറ മൃതദേഹം ജനുവരി 17നാണ് കണ്ടെത്തിയത്. സഞ്ജിറാമിെൻറ മകൻ വിശാൽ, സ്പെഷ്യൽ പൊലീസ് ഒാഫീസർമാരായ ദീപക് ഖജൂരിയ, സുരീന്ദർ വർമ, ഇവരുടെ സുഹൃത്തായ പർവേഷ് കുമാർ എന്ന മന്നു, സഞ്ജിറാമിെൻറ പ്രായപൂർത്തിയാകാത്ത ബന്ധു എന്നിവരാണ് കേസിലെ പ്രതികൾ. നാല് ലക്ഷം രൂപ വാങ്ങി തെളിവു നശിപ്പിക്കാനും കേസ് ഒതുക്കിത്തീർക്കനും ശ്രമിച്ച എസ്.െഎ ആനന്ദ് ദത്തയ്ക്കും ഹെഡ് കോൺസ്റ്റബിൾ തിലക്രാജിനും എതിരെയും കേസെടുത്തിട്ടുണ്ട്.
മധ്യവേനൽ അവധി കഴിഞ്ഞ് കോടതികൾ തുറക്കുന്ന അടുത്തയാഴ്ച കേസ് വിചാരണ നടക്കുന്ന പത്താൻകോട്ട് കോടതിയിൽ ഫോറൻസികിെൻറ റിപ്പോർട്ട് സമർപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
