‘കെ.സി.ആറിനും ഉവൈസിയുടെ പാർട്ടിക്കുമെതിരെ കേസില്ലാത്തതെന്തുകൊണ്ടാണ്, മോദിജി സ്വന്തക്കാരെ ആക്രമിക്കില്ല’; പരിഹാസവുമായി രാഹുൽ ഗാന്ധി
text_fieldsഹൈദരാബാദ്: നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന തെലങ്കാനയിൽ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവും (കെ.സി.ആർ) അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മും മോദിയുടെ ഇഷ്ടക്കാരാണെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രതിപക്ഷ നേതാക്കന്മാരെല്ലാം കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുമ്പോൾ തെലങ്കാന മുഖ്യമന്ത്രി കെ.സി.ആറിനും എ.ഐ.എം.ഐ.എം നേതാക്കൾക്കുമെതിരെ ഒറ്റ കേസുമില്ലെന്നും പ്രധാനമന്ത്രി അവരെ പരിഗണിക്കുന്നത് സ്വന്തക്കാരായാണെന്നും രാഹുൽ ആരോപിച്ചു.
‘കെ.സി.ആറിനും എ.ഐ.എം.ഐ.എമ്മിനുമെതിരെ കേസില്ല. പ്രതിപക്ഷത്തിന് നേരെ മാത്രമാണ് ആക്രമണം. മോദിജി ഒരിക്കലും സ്വന്തം ആളുകളെ ആക്രമിക്കില്ല. അദ്ദേഹം നിങ്ങളുടെ മുഖ്യമന്ത്രിയെയും എ.ഐ.എം.ഐ.എം നേതാക്കളെയും സ്വന്തക്കാരായാണ് പരിഗണിക്കുന്നത്. അതിനാൽ അവർക്കെതിരെ ഒരു കേസുമില്ല’, തെലങ്കാനയിലെ തുക്കുഗുഡയിൽ കോൺഗ്രസ് റാലിയിൽ രാഹുൽ പറഞ്ഞു.
കെ.സി.ആറിന്റെ പാർട്ടിയായ ഭാരത് രാഷ്ട്ര സമിതിയെ (ബി.ആർ.എസ്) ‘ബി.ജെ.പി ബന്ധു സമിതി’ എന്നും രാഹുൽ വിശേഷിപ്പിച്ചു. അവരെല്ലാം വ്യത്യസ്ത പാർട്ടികളാണ്, എന്നാൽ അവർ ഒന്നിച്ചാണ് പ്രവർത്തിക്കുന്നത്. കാർഷിക നിയമങ്ങൾ, ജി.എസ്.ടി, രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകൾ എന്നിവയിൽ ബി.ആർ.എസ് ബി.ജെ.പിയെ പിന്തുണച്ചതിന്റെ ഉദാഹരങ്ങൾ കാണിച്ച് ലോക്‌സഭയിൽ ബി.ആർ.എസ് എം.പിമാർ ആവശ്യമുള്ള ഘട്ടങ്ങളിൽ ബി.ജെ.പിക്ക് പിന്തുണയുമായി എത്തിയിട്ടുണ്ടെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
2024 തെരഞ്ഞെടുപ്പിൽ മൂന്നാം മുന്നണിക്ക് സാധ്യതയുണ്ടെന്ന് എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീൻ ഉവൈസി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. "ഇൻഡ്യ സഖ്യത്തിന്‍റെ ഭാഗമാകാൻ ക്ഷണിക്കാത്തതിൽ എനിക്ക് പരാതിയില്ല. മായാവതിയും കെ.സി.ആറും പോലുള്ള നേതാക്കൾ സഖ്യത്തിലില്ല. പല വടക്കുകിഴക്കൻ പാർട്ടികളും സഖ്യത്തിലില്ല. ഇൻഡ്യ സ്വയം പ്രഖ്യാപിത മതനിരപേക്ഷതയുടെ പാർട്ടിയായി മാറിക്കഴിഞ്ഞു. പ്രതിപക്ഷ സഖ്യത്തിൽ ഇല്ലാത്ത പാർട്ടികളെ ഉൾപ്പെടുത്തി മൂന്നാം മുന്നണി രൂപവത്കരിക്കാൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്" - ഉവൈസി പറഞ്ഞു.
അതേസമയം ഉവൈസിയുടെ പരാമർശത്തോട് പ്രതികരിച്ച് കോൺഗ്രസ് വക്താവ് പവൻ ഖേര രംഗത്തെത്തിയിരുന്നു. ഉവൈസിക്ക് അമിത് ഷാ എന്ന് പേരുള്ള സഖ്യകക്ഷിയുണ്ടെന്നും ഇന്ന് അത് രാജ്യത്തെ ജനങ്ങൾക്ക് വ്യക്തമായെന്നുമായിരുന്നു പവൻ ഖേരയുടെ പ്രതികരണം. മഹാരാഷ്ട്രയിൽ റാലി നടത്താനിരുന്ന അമിത് ഷാ, ഹൈദരാബാദിൽ കോൺഗ്രസ് റാലി നടത്തുന്നുണ്ട് എന്ന് അറിഞ്ഞതോടെ തെലങ്കാനയിലെത്തി. ഏറെ കാലമായി ഉവൈസി സംസ്ഥാനത്ത് ഒരു റാലി പോലും സംഘടിപ്പിച്ചിട്ടില്ല. എന്നാൽ ഇന്ന് ഉവൈസിയും റാലി സംഘടിപ്പിക്കുന്നുണ്ട്. ഇവർക്ക് മറ്റൊരു സുഹൃത്ത് കൂടിയുണ്ട്, ബി.ആർ.എസ്. അതുകൊണ്ട് ഇവരെ എ.ബി.സി (അസദുദ്ദീൻ ഉവൈസി, ബി.ആർ.എസ്, ചാണക്യൻ) എന്ന് വിളിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.