'എന്തിനാണ് അതിന് പ്രാധാന്യം നൽകുന്നത്'; ചീഫ് ജസ്റ്റിസിനെതിരെ ഷൂ എറിഞ്ഞതിലെ കോടതിയലക്ഷ്യ നടപടിയിൽ സുപ്രീംകോടതി
text_fieldsസുപ്രീം കോടതി
ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിക്കെതിരെ ഷൂ എറിഞ്ഞ സംഭവത്തിന് വലിയ പ്രാധാന്യം നൽകുന്നത് എന്തിനാണെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസിനെതിരെ ഷൂ എറിഞ്ഞ രാകേഷ് കിഷോറിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതി ചോദ്യം.
ജസ്റ്റിസ് സുര്യകാന്താണ് ഹരജി പരിഗണിച്ചത്. അത്തരം വ്യക്തികൾക്ക് ഈ വ്യവസ്ഥയിൽ ഒരു പങ്കുമില്ല. അർഹതയില്ലാത്ത ഒരാൾക്ക് അമിത പ്രാധാന്യം നൽകരുത്. ഇക്കാര്യത്തിൽ ചീഫ് ജസ്റ്റിസ് കാണിച്ച അതേ മഹാമനസ്കത തങ്ങളും കാണിക്കുമെന്ന് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.
സുപ്രീംകോടതി ബാർ അസോസിയേഷനാണ് ഇതുസംബന്ധിച്ച ഹരജി നൽകിയത്. ഷൂ എറിഞ്ഞതിനെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ രാകേഷ് കിഷോർ വീരപ്രവൃത്തിയായി ചിത്രീകരിക്കുന്നുവെന്നും ഇതിൽ നടപടി വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹരജി.
സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്ക് നേരെ ഷൂ എറിഞ്ഞ സംഭവത്തിൽ അഭിഭാഷകനായ രാകേഷ് കിഷോറിനെ വെറുതെ വിട്ടിരുന്നു. ചീഫ് ജസ്റ്റിസിന്റെ നിർദേശമനുസരിച്ചാണ് നടപടി. എറിയാൻ ഉപയോഗിച്ച ഷൂസും ഇയാളിൽ നിന്ന് പിടികൂടിയ രേഖകളും വിട്ടുനൽകാനും രജിസ്ട്രാർ ജനറൽ ഡൽഹി പോലീസിന് നിർദേശം നൽകിയിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ, 71കാരനായ കിഷോറിനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി സുപ്രീം കോടതിയുടെ സുരക്ഷാ വിഭാഗത്തിന് കൈമാറിയിരുന്നു. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുമ്പാകെ അഭിഭാഷകര്‍ കേസുകള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നതിനിടെയായിരുന്നു സംഭവം. ജഡ്ജിമാരുടെ ഡയസിനടുത്തെത്തിയ അഭിഭാഷകൻ ഷൂ ഊരി ചീഫ് ജസ്റ്റിസിനെ എറിയുകയായിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ട് പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ. ‘സനാതന ധര്‍മ്മത്തോടുള്ള അനാദരവ് ഇന്ത്യ ഒരിക്കലും സഹിക്കില്ല’ എന്ന് ഇയാള്‍ ഉറക്കെ വിളിച്ചുപറഞ്ഞിരുന്നതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍, ആക്രമണത്തിനിടെയും കൂസലില്ലാതെ തുടർന്ന ചീഫ് ജസ്റ്റിസ് അഭിഭാഷകരോട് വാദങ്ങള്‍ തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. ‘ഇതൊന്നും കണ്ട് ശ്രദ്ധ മാറരുത്. ഞങ്ങളുടെ ശ്രദ്ധ മാറിയിട്ടില്ല. ഇത്തരം കാര്യങ്ങള്‍ എന്നെ ബാധിക്കില്ല’-അദ്ദേഹം പറഞ്ഞു.
സംഭവത്തിന് പിന്നാലെ, ഡൽഹി പോലീസിന്റെ സുരക്ഷാ വിഭാഗം കിഷോറിനെ മൂന്നുമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇയാൾക്കെതിരെ പരാതിയില്ലെന്നും വിട്ടയക്കണമെന്നും സുപ്രീം കോടതി രജിസ്ട്രാർ ജനറൽ അറിയിച്ചതോടെയാണ് അഭിഭാഷകനെ പൊലീസ് പോകാനനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

