Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎന്തിനാണ് അമേരിക്കയുടെ...

എന്തിനാണ് അമേരിക്കയുടെ ഔദാര്യം, ഇന്ത്യ ഒരു ‘ബനാന റിപ്പബ്ലിക്കാണോ’? റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള യു.എസ് അനുമതിയിൽ പ്രതിഷേധം കനക്കുന്നു

text_fields
bookmark_border
എന്തിനാണ് അമേരിക്കയുടെ ഔദാര്യം, ഇന്ത്യ ഒരു ‘ബനാന റിപ്പബ്ലിക്കാണോ’? റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള യു.എസ് അനുമതിയിൽ പ്രതിഷേധം കനക്കുന്നു
cancel

ന്യൂഡൽഹി: ഇന്ത്യൻ കമ്പനികൾക്ക് റഷ്യൻ എണ്ണ വാങ്ങാൻ അനുമതി നൽകിയ യു.എസ് പ്രഖ്യാപനത്തിനു പിന്നാലെ കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം. എണ്ണ വാങ്ങുന്നതിന് എന്തിനാണ് ഇന്ത്യക്ക് അമേരിക്കയുടെ അനുമതി എന്ന് പ്രതിപക്ഷ നേതാക്കൾ ചോദിച്ചു. റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് 30 ദിവസത്തെ ഇളവ് നൽകിയ അമേരിക്കൻ ട്രഷറി വകുപ്പിന്‍റെ തീരുമാനത്തോട് ഇതുവരെ കേന്ദ്ര സർക്കാർ പ്രതികരിച്ചിട്ടില്ല.

യു.എസ്-ഇസ്രായേൽ ആക്രമണത്തിനു പിന്നാലെ ഇറാൻ ഹുർമുസ് കടലിടുക്ക് കപ്പൽപാത അടച്ചിരുന്നു. ഇന്ത്യയിലേക്കുള്ള എണ്ണയുടെ 50 ശതമാനത്തോളവും പശ്ചിമേഷ്യൻ രാജ്യങ്ങളിൽനിന്ന് ഹുർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. എണ്ണ വരവ് തടസ്സപ്പെട്ടതിനു പിന്നാലെയാണ് റഷ്യൻ എണ്ണ വാങ്ങാൻ താൽക്കാലികമായി യു.എസിന്‍റെ അനുമതി. എന്നാൽ, ഒരുപരമാധികാര രാജ്യമായ ഇന്ത്യയുടെ എണ്ണ വാങ്ങാനുള്ള തെരഞ്ഞെടുപ്പിനെ എന്തിനാണ് അമേരിക്ക നിയന്ത്രിക്കുന്നതെന്ന ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്. ഇന്ത്യയുടെ വിദേശനയം ജനങ്ങളുടെ ഇച്ഛാശക്തിയും പാരമ്പര്യവും പ്രതിഫലിപ്പിക്കുന്നതായിരിക്കണമെന്ന് രാഹുൽ പ്രതികരിച്ചു.

‘ഇന്ത്യയുടെ വിദേശനയം നമ്മുടെ ജനങ്ങളുടെ കൂട്ടായ ഇച്ഛാശക്തിയിൽനിന്ന് ഉടലെടുക്കുന്നതാകണം. അത് നമ്മുടെ ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും സത്യത്തിലും അഹിംസയിലും അധിഷ്ഠിതമായ ആത്മീയ തത്വങ്ങളിലും വേരൂന്നിയതാകണം. ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത് നയമല്ല. ഒരു ദുർബലനായ വ്യക്തിയുടെ ചൂഷണത്തിന്റെ ഫലമാണ്’ -രാഹുൽ എക്സിൽ കുറിച്ചു. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് എന്തിനാണ് യു.എസിന്‍റെ അനുമതിയെന്ന് ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാൾ ചോദിച്ചു.

‘ഇന്ത്യക്ക് അനുമതി നൽകാൻ അമേരിക്ക ആരാണ്? എന്തിനാണ് ഇന്ത്യക്ക് അമേരിക്കയുടെ അനുമതി?’ -കെജ്രിവാൾ എക്സിൽ കുറിച്ചു. വാഷിങ്ടണ്ണുമായി ഇടപെടുന്നതിലെ ഇന്ത്യൻ നേതൃത്വത്തിന്‍റെ കഴിവുകേടാണ് വെളിപ്പെടുന്നത്. ഇന്ത്യ മറ്റൊരു രാജ്യത്തിനു മുന്നിൽ തലകുനിക്കരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ത്യയുടെ ഊർജ സ്രോതസ്സുകൾ നിർണയിക്കാൻ അമേരിക്കയുടെ അനുമതി ആവശ്യമുണ്ടോ എന്ന് കോൺഗ്രസ് എം.പി മനീഷ് തിവാരി ചോദിച്ചു.

അമേരിക്കയുടെ "നവ-സാമ്രാജ്യത്വ അഹങ്കാരം" എന്ന് വിശേഷിപ്പിച്ച അദ്ദേഹം, നമ്മുടെ ഊർജ സുരക്ഷ ഉറപ്പാക്കാൻ അമേരിക്കയുടെ അനുമതി വേണ്ട ഒരു ബനാന റിപ്പബ്ലിക്കാണോ ഇന്ത്യയെന്നും ചോദിച്ചു. കേന്ദ്രം മൗനം പാലിക്കുന്നതിനെയും അദ്ദേഹം ചോദ്യം ചെയ്തു. ഇന്ത്യയുടെ പരമാധികാരത്തിനും ആഗോള പദവിക്കും അപമാനകരമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി. ഇന്ത്യയെ അമേരിക്ക ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്ന് കോൺഗ്രസ് എം.പി ജയറാം രമേശ് ആരോപിച്ചു. ഇത് എത്രകാലം തുടരുമെന്നും എക്സ് കുറിപ്പിൽ ചോദിച്ചു.

കടലിൽ കുടുങ്ങികിടക്കുന്ന റഷ്യൻ കപ്പലുകളിൽനിന്ന് എണ്ണ വാങ്ങുന്നതിനാണ് ഇളവെന്നും രാജ്യാന്തര വിപണിയിലേക്ക് തടസ്സമില്ലാതെ എണ്ണ ലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്‍റ് അറിയിച്ചിരുന്നു. വ്യാപാര കരാർ ചൂണ്ടിക്കാട്ടി അമേരിക്കക്ക് മുന്നിൽ ഇന്ത്യ കീഴടങ്ങിയെന്ന ആരോപണവുമായി പ്രതിപക്ഷ പാർട്ടികൾ നേരത്തെ തന്നെ കേന്ദ്ര സർക്കാറിനെതിരെ രംഗത്തുവന്നിരുന്നു. ഇന്ത്യയുടെയും കർഷകരുടെയും താൽപര്യങ്ങൾക്ക് വിരുദ്ധമാണ് കരാറെന്നും ട്രംപിന്‍റെ ഭീഷണിക്കു മുന്നിൽ ഇന്ത്യ കീഴടങ്ങിയെന്നുമാണ് ആരോപണം. റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി കുറക്കാം എന്ന വ്യവസ്ഥയിലാണ് ഇന്ത്യക്കുള്ള ഇറക്കുമതി തീരുവയിൽ ഇളവ് വരുത്താൻ യു.എസ് തീരുമാനിച്ചത്.

റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമോ എന്ന ചോദ്യത്തോട് കേന്ദ്ര സർക്കാർ പരസ്യമായി പ്രതികരിക്കാൻ ഇതുവരെ തയാറായിട്ടില്ല. എന്നാൽ, ഘട്ടംഘട്ടമായി റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുറച്ചുകൊണ്ടുവരികയാണ്. ഏപ്രിൽ മൂന്നു വരെയാണ് ഇന്ത്യക്ക് ഇളവ് അനുവദിച്ചത്. വിവിധ ഉപരോധങ്ങളാൽ തടഞ്ഞുവെച്ച കപ്പലുകളിൽനിന്നുള്ള ഇടപാടുകൾക്കാണ് ഇളവ്.

“പ്രസിഡന്റ് ട്രംപിന്റെ ഊർജ അജണ്ട എണ്ണ, വാതക ഉൽപാദനം എക്കാലത്തെയും ഉയർന്ന തലത്തിലെത്തിച്ചിരിക്കുന്നു. ആഗോള വിപണിയിലേക്ക് എണ്ണയുടെ ഒഴുക്ക് തുടരാൻ, ട്രഷറി ഡിപ്പാർട്ട്‌മെന്റ് ഇന്ത്യൻ റിഫൈനറികൾക്ക് റഷ്യൻ എണ്ണ വാങ്ങാൻ 30 ദിവസത്തെ താൽക്കാലിക ഇളവ് അനുവദിക്കുന്നു. ഈ ഹ്രസ്വകാല നടപടി റഷ്യൻ സർക്കാറിന് കാര്യമായ സാമ്പത്തിക നേട്ടം നൽകില്ല, കാരണം ഇതിനകം കടലിൽ കുടുങ്ങിക്കിടക്കുന്ന എണ്ണയുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് മാത്രമേ അംഗീകാരം നൽകുന്നുള്ളൂ -സ്കോട്ട് ബെസ്സന്‍റ് എക്സിൽ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiRussian oilRussian oil ban
News Summary - Why does India need America’s permission?’: Opposition slams US waiver on Russian oil
Next Story