'എന്തിനാണ് ബ്രാഹ്മണർ മഹാബോധി ക്ഷേത്രം നിയന്ത്രിക്കുന്നത്?' ബോധ് ഗയയിലെ ബുദ്ധ സന്യാസിമാർ ചോദിക്കുന്നു
text_fieldsഫെബ്രുവരി 12 മുതൽ ബിഹാറിലെ ബോധ് ഗയയിലെ ദോമുഹാനിൽ ഏകദേശം 30 ബുദ്ധ സന്യാസിമാർ പ്രതിഷേധ പ്രകടനം നടത്തുകയാണ്. 1949ലെ ബോധ് ഗയ ക്ഷേത്ര നിയമം നിർത്തലാക്കണമെന്നും എല്ലാ ബോധ് ഗയ ക്ഷേത്ര മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളും ബുദ്ധമത വിശ്വാസികളായിരിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. ബി.ആർ. അംബേദ്കറുടെയും ബുദ്ധന്റെയും ചിത്രങ്ങൾ ഉയർത്തികൊണ്ടാണ് പ്രതിഷേധം.
"ഇത് ഒരു ക്ഷേത്രത്തെക്കുറിച്ചു മാത്രമല്ല; ഞങ്ങളുടെ സ്വത്വത്തെയും അഭിമാനത്തെയും കുറിച്ചാണ്. ഞങ്ങളുടെ ആവശ്യങ്ങൾ സമാധാനപരമായി മുന്നോട്ടുവെക്കുകയാണ്. സർക്കാറിൽ നിന്ന് രേഖാമൂലമുള്ള ഉറപ്പ് ലഭിക്കുന്നതുവരെ, ഈ പ്രതിഷേധം തുടരും" -അഖിലേന്ത്യാ ബുദ്ധിസ്റ്റ് ഫോറത്തിന്റെ ജനറൽ സെക്രട്ടറി ആകാശ് ലാമ പറഞ്ഞു.
ബുദ്ധമതത്തിലെ ഏറ്റവും പവിത്രമായ തീർഥാടന കേന്ദ്രങ്ങളിലൊന്നായ മഹാബോധി ക്ഷേത്രം ബീഹാറിലെ ബോധ് ഗയയിലാണ് സ്ഥിതി ചെയ്യുന്നത്. മഹാബോധി ക്ഷേത്രത്തെ ബുദ്ധമതക്കാരല്ലാത്തവരുടെ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കാൻ ആഗ്രഹിക്കുന്നു. മഹാബോധി ക്ഷേത്രത്തിന്റെ നിയന്ത്രണത്തിൽ നിന്ന് ബ്രാഹ്മണരെയും ബുദ്ധമതക്കാരല്ലാത്തവരെയും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 12 മുതൽ പ്രതിഷേധത്തിലാണെന്നും എന്ന് ആകാശ് ലാമ പറഞ്ഞു.
മഹാബോധി ക്ഷേത്രത്തിന്റെ നടത്തിപ്പിന്‍റെ ഉത്തരവാദിത്തം ബോധ് ഗയ ക്ഷേത്ര മാനേജ്‌മെന്റ് കമ്മിറ്റിക്കാണ്. നിലവിൽ കമ്മിറ്റിയിൽ നാല് ഹിന്ദുക്കളും നാല് ബുദ്ധമതക്കാരും ജില്ലാ മജിസ്‌ട്രേറ്റും ചെയർമാനാണുള്ളത്. 1949ലെ ബോധ് ഗയ ക്ഷേത്ര നിയമം പ്രകാരമാണിത്. ബുദ്ധമതക്കാർക്ക് മാത്രം കമ്മിറ്റി കൈകാര്യം ചെയ്യാൻ കഴിയുന്ന തരത്തിൽ ഇത് നിർത്തലാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ക്ഷേത്ര നടത്തിപ്പിലും ചടങ്ങുകളിലും ബ്രാഹ്മണ ആചാരങ്ങളുടെ സ്വാധീനം വർധിച്ചുവരികയാണ്, ഇത് ബുദ്ധമത സമൂഹത്തിന്റെ വിശ്വാസത്തെയും പൈതൃകത്തെയും ആഴത്തിൽ വ്രണപ്പെടുത്തുന്നു എന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു.
കമ്മിറ്റിയിൽ ഭൂരിപക്ഷവും ഹിന്ദുക്കളാണ് എല്ലാ ക്ഷേത്ര ജീവനക്കാരും ഹിന്ദുക്കളാണ്, ഇത് മതപരമായ ആചാരങ്ങളെച്ചൊല്ലി നിരന്തരം തർക്കങ്ങൾക്ക് കാരണമാകുന്നു. തന്റെ ഭരണകാലത്ത് പോലും നിരവധി സംഘർഷങ്ങൾ ഉണ്ടായിരുന്നതായി ബോധ് ഗയ ക്ഷേത്ര മാനേജ്‌മെന്റ് കമ്മിറ്റി (ബി.ടി.എം.സി) മുൻ അംഗവും ബുദ്ധ സന്യാസിയുമായ പ്രജ്ഞാ ഷീൽ വ്യക്തമാക്കി.
എന്നാൽ, പ്രതിഷേധക്കാർ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും കമ്മിറ്റിയിൽ ഹിന്ദുക്കൾ ന്യൂനപക്ഷമാണെന്നും ബി.ടി.എം.സി അംഗമായ അരവിന്ദ് കുമാർ സിങ് പറഞ്ഞു. നാല് ഹിന്ദുക്കളും നാല് ബുദ്ധമതക്കാരും ഉണ്ടായിരിക്കണം എന്നതാണ് നിയമം. നിലവിൽ രണ്ട് ഹിന്ദുക്കൾ മാത്രമേയുള്ളൂ, അതേസമയം സെക്രട്ടറി ഉൾപ്പെടെ നാല് ബുദ്ധമതക്കാരുണ്ട്. കമ്മിറ്റിയിൽ ബുദ്ധമതക്കാർക്ക് ഭൂരിപക്ഷം ലഭിക്കുന്നത് ഇതാദ്യമാണ് എന്നും പ്രതിഷേധക്കാരുടെ ആരോപണങ്ങൾക്ക് മറുപടിയായി അരവിന്ദ് കുമാർ സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

