ഇരുപതിന്‍റെ കുപ്പിവെള്ളത്തിന് എന്തിന്100 രൂപ, പുറമെ സർവീസ് ചാർജും; ഹോട്ടലുകൾക്കെതിരെ ഡൽഹി ഹൈകോടതി
text_fieldsന്യൂഡൽഹി: ഹോട്ടലുകളും റെസ്റ്റോറന്റുകളും മെനുവിൽ രേഖപ്പെടുത്തിയ ഭക്ഷണ സാധനങ്ങൾക്ക് എം.ആർ.പി വിലയേക്കാൾ കൂടുതൽ ഈടാക്കുന്ന സാഹചര്യത്തിൽ എന്തിന് അധികമായി സർവീസ് ചാർജ് വാങ്ങുന്നുവെന്ന് ഡൽഹി ഹൈകോടതി. 20 രൂപയുടെ കുപ്പിവെള്ളത്തിന് 100 രൂപയും അതിന് പുറമെ സർവീസ് ചാർജുമാണ് ഹോട്ടലുകൾ ഈടാക്കുന്നത്.
ഹോട്ടലുകളും റെസ്റ്റോറന്റുകളും സർവീസ് ചാർജ് നിർബന്ധമാക്കിയതിനെതിരെ സമർപ്പിച്ച അപ്പീൽ പരിഗണിക്കവേയാണ് കോടതി ഈ ചോദ്യമുന്നയിച്ചത്. ജസ്റ്റിസുമാരായ ദേവേന്ദ്ര കുമാർ ഉപാധ്യായയും തുഷാർ റാവു ഗെഡേലയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് റെസ്റ്റോറന്റ് അസോസിയേഷനോട് ചോദ്യവുമായി മുന്നോട്ട് പോയത്.
നിർബന്ധിത സർവീസ് ചാർജിനെതിരെ നാഷനൽ റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ (എൻ.ആർ.എ.ഐ)യും ഫെഡറേഷൻ ഓഫ് ഹോട്ടൽസ് ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻസ് ഓഫ് ഇന്ത്യ (എഫ്.എച്.ആർ.എ.ഐ)യും സമർപ്പിച്ച അപ്പീലിന്റെ വാദം കേൾക്കവെയാണ് ചോദ്യം ഉന്നയിച്ചത്.
മാർച്ചിൽ ഹൈകോടതിയുടെ സിംഗിൾ ജഡ്ജി നിർബന്ധിത സർവീസ് ചാർജ് ഈടാക്കുന്നത് പൊതുതാൽപര്യത്തിന് വിരുദ്ധവും അന്യായമായ വ്യാപാര രീതിയാണെന്ന് വിധിച്ചിരുന്നു. ഒരു റെസ്റ്റോറന്റിന്റെ ബിൽ മൂന്ന് ഘടകങ്ങളായാണ് ഉപഭോക്താവിൽ നിന്ന് തുക ഈടാക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭക്ഷണം, റെസ്റ്റോറന്റിന്റെ അനുഭവം, സേവനം എന്നിങ്ങനെയാണത്.
‘20 രൂപ വിലയുള്ള ഒരു വെള്ളക്കുപ്പിക്ക് 100 രൂപ ഈടാക്കുമ്പോൾ അനുഭവത്തിന്റെ പേര് പറഞ്ഞ് 80 രൂപ അധികം വാങ്ങുന്നു. എന്നിട്ട് സേവനത്തിന് വേറെ സർവീസ് ചാർജ് ഈടാക്കുന്നു. ഈ അനുഭവത്തിൽ സേവനം ഉൾപ്പെടുന്നില്ലേ? ഇത് ഞങ്ങൾക്ക് മനസിലാകുന്നില്ല.’ കോടതി ചോദിച്ചു.
സർവീസ് ചാർജിന് പുറമെ ജി.എസ്.ടി (ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ്) കൂടി നിർബന്ധമായി നൽകേണ്ടി വരുന്നത് ഉപഭോക്താവിന് ഇരട്ട പ്രഹരമാണെന്ന് ഏൽക്കുന്നതെന്ന് മാർച്ച് 28-ലെ ഉത്തരവിൽ കോടതി വ്യക്തമാക്കിയിരുന്നു.
നിങ്ങൾ എന്തിനാണ് 20 രൂപയുടെ വെള്ളക്കുപ്പിക്ക് 100 രൂപ മെനുവിൽ വിലയിടുന്നത്? അനുഭവത്തിന്റെ പേര് പറഞ്ഞ് അധിക തുക ഈടാക്കുന്നത് ഒരു പ്രശ്നമാണെന്നും കോടതി പറഞ്ഞു. ഉപഭോക്തൃ പരാതികളും ബില്ലുകളും പരിശോധിച്ച കോടതി, നിർബന്ധിത സർവീസ് ചാർജ് പൊതുതാൽപര്യത്തിന് വിരുദ്ധമാണെന്ന് കണ്ടെത്തി. ഇത്തരം സാഹചര്യങ്ങളിൽ നിശബ്ദമായി ഇരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

