തെലങ്കാന ഉപതെരഞ്ഞെടുപ്പിൽ ഉവൈസിയുടെ പിന്തുണ കോൺഗ്രസിന്; എന്ത് കൊണ്ട്?
text_fieldsഅസദുദ്ദീൻ ഉവൈസി
ഹൈദരാബാദ്: തെലങ്കാനയിലെ തീപാറുന്ന ഉപതെരഞ്ഞെടുപ്പ് പോരാട്ടത്തിൽ കോൺഗ്രസിനെ പിന്തുണച്ചത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരവുമായി ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എ.ഐ.എം.ഐ.എം) പ്രസിഡന്റും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസി. ഹൈദരാബാദിലെ ജൂബിലി ഹിൽസ് നിയമസഭാ ഉപതെരഞ്ഞെടുപ്പിലാണ് കോൺഗ്രസ് സ്ഥാനാർഥി നവീൻ യാദവിനെ പിന്തുണയ്ക്കുമെന്ന് ഉവൈസി പ്രഖ്യാപിച്ചത്. മുസ്‍ലിം വോട്ടർമാർ ധാരാളമുള്ള മണ്ഡലത്തിൽ എഐഎംഐഎമ്മിന്റെ തീരുമാനം കോൺഗ്രസിന് വിജയ പ്രതീക്ഷ നൽകുന്നതാണ്.
നേരത്തെയുള്ള തെരഞ്ഞെടുപ്പുകളിൽ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്)യുമായിട്ടായിരുന്നു എ.ഐ.എം.ഐ.എം സഖ്യം രൂപീകരിച്ചിരുന്നത്. എന്നാൽ, ഇത്തവണ ഇതാദ്യമായി കോൺഗ്രസിനെ പിന്തുണക്കാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു. 2019ലെ തെരഞ്ഞെടുപ്പിൽ 34.7% ഉണ്ടായിരുന്ന ബിആർഎസിന്റെ വോട്ടുവിഹിതം 2024ൽ 15% ആയികുത്തനെ കുറഞ്ഞത് എന്തുകൊണ്ടെന്ന് വ്യക്തമാക്കണമെന്നാണ് ഇതേക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ഉവൈസി പറയുന്നത്.
തെലങ്കാന രൂപീകരണത്തിന് മുമ്പ് എ.ഐ.എം.ഐ.എം കോൺഗ്രസിനെ പിന്തുണച്ചിരുന്നു. എന്നാൽ, 2014 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ആർ.എസ് അധികാരം പിടിച്ചെടുത്ത ശേഷം കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ചു. “ബിജെപിയെ തടയുമെന്ന് വിശ്വസിച്ചാണ് ബിആർഎസിനെ പിന്തുണച്ചത്. എന്നാൽ, ബിആർഎസിന്റെ പ്രകടനം വളരെ മോശമായിരുന്നു. ഉദാഹരണത്തിന്, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജൂബിലി ഹിൽസ് സീറ്റ് ഉൾപ്പെടുന്ന സെക്കന്തരാബാദിൽ, ബിജെപി നേതാവ് ജി കിഷൻ റെഡ്ഡിയാണ് വിജയിച്ചത്. മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ബിജെപിയുടെ ഉയർച്ചയ്ക്ക് ബിആർഎസ് വോട്ടുകൾ പതിച്ചുനൽകി’ -ഉവൈസി ചൂണ്ടിക്കാട്ടി.
ബി.ആർ.എസ് ഭരണത്തിന് കീഴിൽ മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ മുരടിച്ചതായും ഉവൈസി പറഞ്ഞു. മരണംവരെ ഈ സീറ്റിനെ പ്രതിനിധീകരിച്ച ബിആർഎസിന്റെ മാഗന്തി ഗോപിനാഥ് മണ്ഡലത്തിലെ നാല് ലക്ഷം പേർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പരാജയമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിലെ നവീൻ യാദവും ബിആർഎസിന്റെ മാഗന്തി സുനിതയും ബിജെപിയുടെ ലങ്കാല ദീപക് റെഡ്ഡിയുമാണ് ഇത്തവണ ജൂബിലി ഹിൽസ് ഉപതെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

