Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആരുടെ റിപ്പബ്ലിക്?...

ആരുടെ റിപ്പബ്ലിക്? റിപ്പബ്ലിക്കിന്റെ 75 വർഷങ്ങൾ വിലയിരുത്തുന്നു

text_fields
bookmark_border
ആരുടെ റിപ്പബ്ലിക്? റിപ്പബ്ലിക്കിന്റെ 75 വർഷങ്ങൾ വിലയിരുത്തുന്നു
cancel
നവ ഫാഷിസം ഇടിച്ചുനിരത്തിയത് പള്ളിയല്ല. ഉന്മത്തരായ ഫാഷിസ്റ്റ് ആൾക്കൂട്ടം ഉന്മൂലനം ചെയ്തത് നിസ്സഹായരായ മനുഷ്യരെയല്ല, ഞ്ജാതരും അഞ്ജാതരുമായ രക്തസാക്ഷികൾ ​പ്രാണനും ​ചോരയും നൽകി നിർമിച്ച, ഇപ്പോഴും ​പ്രതിസന്ധികൾക്കിടയിലും ഇന്ത്യൻ ജനത നിർമിച്ചു​കൊണ്ടിരിക്കുന്ന നമ്മുടെ റിപ്പബ്ലിക്കി​​ന്റെ മൂല്യവ്യവസ്ഥകളെയാണ്. വ്യവസായ വളർച്ചക്കു പകരം, വെറുപ്പ് ഉൽപാദനമാണ്, വിഭജന വികാരമാണ് ഇന്ത്യയിൽ നിരന്തരം നടന്നു​കൊണ്ടിരിക്കുന്നത്.

രാജ്യത്തെ മതേതര മനസ്സ് ഏറെ ആശങ്കയിലാണ്​. ഇതിനു കാരണം സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടി മരിച്ചവർ സ്വപ്​നം ക​ണ്ട ഇന്ത്യ കൈമോശം വന്നതാണ്​. നാനാത്വത്തിൽ ഏകത്വമെന്നത്​ പഴയ പാഠപുസ്​തകത്തിലൊതുങ്ങി. ലോകത്തിന്​ മുന്നിൽ അഭിമാനത്തോടെ നിലകൊണ്ട ഭരണഘടനപോലും അട്ടിമറിക്കപ്പെട്ടു. പുതിയ പാർലമെന്റ്​ സ​മ്മേളനത്തിനു മുമ്പ്​ എം.പിമാർക്ക്​ വിതരണം ചെയ്​ത ഭരണഘടനയുടെ ആമുഖത്തിൽനിന്ന്​ മതേതരത്വം, സോഷ്യലിസം എന്നീ വാക്കുകൾ കാണാതായിരിക്കുന്നു. ഇതിനിടെ വീണ്ടുമൊരു റിപ്പബ്ലിക് ദിനം കൂടി വരുന്നു. ഇത്​, ഭയത്തി​ന്റെ റിപ്പബ്ലിക്കാണ്. നവ ഫാഷിസം ഇടിച്ചുനിരത്തിയത് പള്ളിയല്ല. ഉന്മത്തരായ ഫാഷിസ്റ്റ് ആൾക്കൂട്ടം ഉന്മൂലനം ചെയ്തത് നിസ്സഹായരായ മനുഷ്യരെയല്ല, അവരുടെ വെറുപ്പ് അലർച്ചകളിൽ കിടുങ്ങിപ്പോവുന്നത് ഏതെങ്കിലുമൊരു മതവിഭാഗമല്ല, ഞ്ജാതരും അഞ്ജാതരുമായ രക്തസാക്ഷികൾ ​പ്രാണനും ​ചോരയും നൽകി നിർമിച്ച, ഇപ്പോഴും ​പ്രതിസന്ധികൾക്കിടയിലും ഇന്ത്യൻ ജനത നിർമിച്ചു​കൊണ്ടിരിക്കുന്ന നമ്മുടെ റിപ്പബ്ലിക്കി​​ന്റെ മൂല്യവ്യവസ്ഥകളെയാണ്. വ്യവസായ വളർച്ചക്കു പകരം, വെറുപ്പ് ഉൽപാദനമാണ്, വിഭജന വികാരമാണ് നവ ഫാഷിസ്റ്റ് നേതൃത്വത്തിൽ റിപ്പബ്ലിക്കിന് പരിക്കേൽപിക്കും വിധം ഇന്ത്യയിൽ നിരന്തരം നടന്നു​കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ റിപ്പബ്ലിക്കിന്റെ 75 വർഷങ്ങൾ ഇവിടെ വിലയിരുത്തുന്നു.

റിപ്പബ്ലിക്

റിപ്പബ്ലിക്​​​, ചരിത്രപരമായ സത്യവും അതിലപ്പുറം സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ഒരു ജനതയുടെ മഹാ സ്വപ്​നവുമാണ്​. അതുകൊണ്ട്​ തന്നെ, ഏതെങ്കിലും പ്രത്യേക തീയതിയിലേക്ക്​ ഒരു റിപ്പബ്ലിക്കിനെയും ആർക്കും പരിമിതപ്പെടുത്താൻ കഴിയില്ല. ഇന്ത്യൻ റിപ്പബ്ലിക്​ എന്ന പരികൽപന നിരവധിയായ സമരങ്ങളുടെ തുടർച്ചയിൽ രൂപപ്പെട്ട മഹത്തായ ആശയമാണ്​. ചിതറിക്കിടന്ന നിരവധി നാട്ടുരാജ്യങ്ങളുടെയും അതിനെ കൃത്രിമമായി ഏകീകരിച്ച ബ്രിട്ടീഷ്​ അധിനിവേശത്തെയും അതിവർത്തിച്ച്​ രൂപപ്പെട്ടു വന്ന ഇന്ത്യയെന്ന മഹത്തായ ആശയത്തി​െന്റ അതിഗംഭീരമായ ആവിഷ്​കാരമായാണ്​ റിപ്പബ്ലിക് അടയാളപ്പെടുത്തേണ്ടത്​.

റിപ്പബ്ലിക്​ എന്നുള്ളത്​ ഭരണഘടനയിൽ എഴുതിവെക്കുന്ന വെറും അക്ഷരങ്ങളല്ല. എന്നാൽ, അക്ഷരങ്ങൾ പ്രധാനമാണ്​. ഭരണഘടനയിലെ അക്ഷരങ്ങൾ എന്നുപറയുന്നത്​ ഒരു ജനത സ്വന്തം പരമാധികാരം അനുഭവിക്കുന്നതി​ന്റെ ആവിഷ്​കാരമാണ്​. ആ അർഥത്തിൽ അത് പ്രധാനമാണ്​. പക്ഷേ, ഭരണഘടന അക്ഷരങ്ങളല്ല എന്നുപറയുന്നത്​, അതി​ന്റെ പിറകിലേക്ക്​ വ്യാപിച്ച്​ കിടക്കുന്ന വികാരവായ്​പുകളുടെയും ഒരു പക്ഷേ, കുഴിച്ചെടുക്കൽപോലും അസാധ്യമായ ആശയങ്ങളുടെയും ഒരു വലിയ ലോകം അതിൽ അമർന്ന് കിടക്കുന്നതു​കൊണ്ടാണ്. ആ വലിയ ലോകത്തെ ചെറുതായി അടയാളപ്പെടുത്താൻ വേണ്ടി ഭരണഘടനയുടെ ആമുഖത്തിൽ എഴുതിച്ചേർക്കപ്പെട്ട പദങ്ങളാണ്​, പരമാധികാര മതേതര സോഷ്യലിസ്റ്റ്​ ഡെമോക്രാറ്റിക് റിപ്പബ്ലിക്. എന്നാൽ, 2014ന്​ ശേഷമുള്ള ഇന്ത്യൻ പശ്ചാത്തലത്തിൽ ഭരണഘടനയുടെ ആമുഖവും അതി​ന്റെ അന്തസ്സത്തയുമെല്ലാം മു​മ്പെങ്ങുമില്ലാത്തവിധം ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഭരണഘടനയുടെ ആകത്തുക –നാം ഇന്ത്യക്കാർ എന്ന ആമുഖമാണ്​. അതാണ്​ ന​ട്ടെല്ല്​. അതിലെ നിർണായകമായ ആശയങ്ങളുടെ ആവിഷ്​കാരത്തെയാണ്​ മതനിരപേക്ഷതയും അതുപോലെ സോഷ്യലിസവും എല്ലാം പ്രതിനിധാനം ചെയ്യുന്നത്​.

സോഷ്യലിസം

2014നുശേഷം ജനായത്ത ആശയങ്ങളുടെ അട്ടിമറിയാണ് അതിവേഗം നടന്നു​കൊണ്ടിരിക്കുന്നത്.​ സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ വളർന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ നവ ഫാഷിസ്റ്റ്​ ആശയങ്ങൾ ഏറക്കുറെ സമ്പൂർണമായ രാഷ്​ട്രീയ ആധിപത്യം ​നേടിയെടുക്കുന്ന തിരക്കിലാണ്​​. ഒരു പക്ഷേ, 1950 ജനുവരി 26​ലെ റിപ്പബ്ലിക് ദിനത്തി​ന്റെ ആഹ്ലാദവും ആവേശവും പങ്കുവെക്കു​േമ്പാൾതന്നെ, ഡോ. ബി.ആർ. അംബേദ്​കർ അവതരിപ്പിച്ച ഒരാശങ്ക ഈ സമയത്ത് അനിവാര്യമായും​ ഓർത്തെടുക്കേണ്ടതുണ്ട്​. അദ്ദേഹം പറഞ്ഞത്, നാം വൈരുധ്യത്തി​ന്റേതായ ഒരു ലോകത്തിലേക്ക്​ പ്രവേശിച്ച്​ കഴിഞ്ഞിരിക്കുന്നുവെന്നാണ്​. വളരെ ആഹ്ലാദമുള്ള സമയത്തുതന്നെ ഈ റിപ്പബ്ലിക്കിനെ കാത്തിരിക്കുന്ന സാധ്യതയെന്താണെന്നും അതേസമയം ആ റിപ്പബ്ലിക്കിനെ ചരിത്രപരമായി പിന്തുടരുന്ന ഏറ്റവും വലിയ പരിമിതിയു​ണ്ട്​ എന്നും ആ പരിമിതിക്ക്​ മുന്നിൽ നാം മുട്ടുകുത്തുകയാണെങ്കിൽ, റിപ്പബ്ലിക്കി​ന്റെ സാധ്യതകൾ പാഴായി പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ്​ നൽകി. അദ്ദേഹം പറഞ്ഞത്​, രാഷ്​ട്രീയമായി ഒരു വ്യക്തി ഒരു വോട്ട്​ എന്നതിലേക്ക്​ നാം പ്രവേശിച്ചിരിക്കുന്ന​ു. അത്​, ആഹ്ലാദകരമാണ്​. എന്നാൽ, ഒരു മനുഷ്യൻ ഒരു മൂല്യം എന്നതിലേക്ക്​ മുന്നേറാൻ നമുക്ക്​ കഴിഞ്ഞിട്ടില്ല. അതി​ന്റെ അടിസ്​ഥാനപരമായ കാരണം ജാതിമേൽക്കോയ്​മയാണ്​. എല്ലാ വിഭാഗത്തിൽപെട്ടവർക്കും വോട്ട്​ ചെയ്യു​േമ്പാൾ ​നമ്മുടെ സമൂഹത്തിൽ പ്രത്യക്ഷതലത്തിൽ തു​ല്യപരിഗണനയുണ്ട്. എന്നാൽ, സൂക്ഷ്​മതലത്തിൽ പരിശോധിക്കു​േമ്പാൾ ഒരു തുല്യ പരിഗണനയുമില്ല. ഇതാണ്​, നമ്മുടെ റിപ്പബ്ലിക് നേരിടുന്ന ഏറ്റവും വലിയ വൈരുധ്യമെന്നാണ്​ അ​ംബേദ്​കർ മുമ്പ് പറഞ്ഞത്​. ഇതിനനുബന്ധമായി അദ്ദേഹം പറഞ്ഞത്​, ജനാധിപത്യം എന്നാൽ​, ഇന്ത്യൻ മണ്ണിലെ മുകൾപാളി മാത്രമാണ്​. അതി​ന്റെ അടിപ്പടവുകൾ​, ആ ജനായത്തത്തെ അട്ടിമറിക്കുന്ന ജാതിമേൽക്കോയ്​മയുടേതാണ്​. ഈ വൈരുധ്യമാണ്​ അംബേ്​ദകർ ഇന്ത്യക്കാരെ ഓർമിപ്പിച്ചത്​. ഇന്നത്തെ ഇന്ത്യൻ പശ്ചാത്തലത്തിൽ കൃത്യമായി ചൂണ്ടിക്കാണിക്കാൻ കഴിയും കോർപറേറ്റ്​ കാഴ്ചപ്പാടും ജാതിമേൽക്കോയ്​മയും ഉരുകിച്ചേർന്ന്​ രൂപപ്പെട്ട ഒരു രാഷ്​ട്ര വ്യവസ്​ഥയാണിന്നുള്ളതെന്ന്​. ആ വ്യവസ്​ഥക്കകത്ത്​ നമ്മുടെ റിപ്പബ്ലിക്കൻ സ്വപ്​നങ്ങൾ ശിഥിലമായിക്കൊണ്ടിരിക്കുകയാണ്. പ്രയോഗികതലത്തിൽ ഇന്ത്യൻ ജനത ഭയത്തി​ന്റെ അന്തരീക്ഷത്തിലേക്ക്​ വലിച്ചെറിയപ്പെടുകയാണ്​.

ജനാധിപത്യം

ചരിത്രത്തിൽ എല്ലാ കാലത്തും നമ്മളെ ​കൊതിപ്പിക്കുന്ന ഒന്നാണ് ഒന്ന്,​ ഒന്നാവൽ, ഒരുമ എന്നുള്ളത്​. എന്നാൽ, ആ മാസ്കരികമായ യഥാർഥ ഒരുമക്കെതിരായിപ്പോലും ഒരുമയെത്തന്നെ ഉയർത്തിപ്പിടിക്കുന്ന രീതി എല്ലാകാലത്തെയും ഏകാധിപത്യ, ഫാഷിസ്റ്റ്​ സമൂഹത്തി​ൽ കാണാൻ പറ്റും. ഒരുമിപ്പിക്കേണ്ട ഒന്നിനെ വിഭജിക്കാനുള്ള ഒന്നാക്കി തീർക്കുന്നുണ്ടിവിടെ. നായകപദവിയിൽ നിൽക്കാൻ കഴിയുന്ന ആ ഒന്നിനെപ്പോലും പ്രതിനായക പദവിയിൽ നിർത്താൻ കഴിയുന്ന വ​ളരെ സൂക്ഷ്​മമായ രാഷ്ട്രീയ, സാംസ്കാരിക പ്രവർത്തനമാണ്​ നടന്നു​കൊണ്ടിരിക്കുന്നത്​. അതായത്​, ജനായത്തം മുന്നോട്ടു​വെക്കുന്ന ഐക്യം എന്നുപറയുന്നത്​, വൈവിധ്യങ്ങളുടെ വിമോചനത്തിലൂടെ സാധ്യമാകുന്ന സർഗാത്മകമായ ഒരുമയാണ്​. ഒരുമ ​ഐക്യം എന്നതിനുപകരം വൈവിധ്യങ്ങളെ ഇല്ലാതാക്കി കൃത്രിമമായി രൂപപ്പെടുത്തിയെടുക്കുന്ന ഏകീകരണ ശ്രമങ്ങളാണിപ്പോൾ ശക്തമാകുന്നത്. ഈ ഒരു സാഹചര്യത്തിലാണ്​ ഒരു രാജ്യം ഒരു നിയമം എന്ന കാഴ്ചപ്പാട്​ രൂപപ്പെടുന്നത്. ലോകത്തിലെതന്നെ, വൈവിധ്യങ്ങളുടെ ഒരു ചെറുപതിപ്പ്​ എന്നനിലയിലുള്ള വിസ്മയമാണ്​ ഇന്ത്യ​. നൂറുകണക്കിന്​ ഭാഷകൾ, അനവധി മതങ്ങൾ, അഭിരുചികൾ, ഭൂപരമായ വ്യത്യാസങ്ങൾ, ചരിത്രപരമായ സവിശേഷതകൾ ഇങ്ങനെ എത്രയെത്രയോ വൈവിധ്യങ്ങളുടെ വിസ്തൃതലോകം. ഇതിൽനിന്നും ഏതെങ്കിലും ഒരു ഭാഷ മതിയെന്ന മട്ടിലുള്ള സമീപനം ജനജീവിതത്തെ ദു​രിതത്തിലാഴ്ത്തും. ഭക്ഷണം, പാർപ്പിടം, വിനോദ​ം ഇവയൊക്കെ സ്വയം തെരഞ്ഞെടുക്കാനുള്ള സാധ്യതകൾ ഇല്ലാതാകും​. ആ വിധം തെരഞ്ഞെടുക്കാനുള്ള സാധ്യതകളെ ഇല്ലാതാക്കി ഭരണകൂടം നിർദേശിക്കുന്ന ഒരു സാധ്യതയുടെ മുന്നിൽ സകലമാന മനുഷ്യരും സാഷ്​ടാംഗം പ്രണമിക്കണമെന്ന രീതിയിലുള്ള ജനാധിപത്യവിരുദ്ധ സമീപനമാണ്​ ഒരു രാഷ്​ട്രം ഒരു നിയമം എന്ന കാഴ്ചപ്പാടിലൂടെ മ​ുന്നോട്ടുവെക്കപ്പെടുന്നത്​. ഇതൊരു സാംസ്കാരിക അധിനിവേശമാണ്. ജനായത്ത അഭിരുചിക്ക് അനുസരിച്ച് തെരഞ്ഞെടുക്കാനുള്ള മനുഷ്യരുടെ അവകാശങ്ങൾ കവർച്ച ചെയ്യുന്നത് റിപ്പബ്ലിക്കിന് അന്ത്യം കുറിക്കും. ഇന്ത്യൻ ജന​തയെ ഒരുമിപ്പിക്കുക എന്ന നമ്മുടെ റിപ്പബ്ലിക് മ​ു​േന്നാട്ടുവെക്കുന്ന കാഴ്ചപ്പാടിനു പകരം ഒരുമിപ്പിക്കുകയാണ്​ എന്ന വ്യാജ ​പ്രതീതി സൃഷ്​ടിച്ചുകൊണ്ട്​ ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണ് ശക്തിപ്പെട്ടു​​കൊണ്ടിരിക്കുന്നത്​​. അതിലൂടെ അരക്ഷിതത്വം ഉണ്ടാക്കുകയും അതിലൂടെ കോർപറേറ്റ്​, ജാതിമേൽക്കോയ്​മ താൽപര്യങ്ങൾ ദൃഢപ്പെടുകയും ചെയ്യും. അതിവൈകാരികത ഭിന്നിപ്പി​ന്റെ തുരുത്തുകൾ ഉണ്ടാക്കും. ഇതിനിടയിൽ സ്വന്തം താൽപര്യസംരക്ഷണം നടത്താമെന്ന കണക്കുകൂട്ടലിലാണ്​ ഭരണകൂടം. ഫെഡറലിസം നമ്മു​ടെ രാജ്യത്തി​ന്റെ ആത്മാവാണ്​. അതാണ്​, അട്ടിമറിക്കപ്പെടുന്നത്​.

പരമാധികാരം

സ്വാതന്ത്ര്യ സമര ചരിത്രം പ്രാദേശിക ഭാഷകളുടെ കൂടി പോരാട്ട ചരിത്രമാണ്. ക്ലാസിക് ഭാഷയെന്ന്​ അറിയപ്പെടുന്ന സംസ്​കൃതത്തെ മാറ്റിനിർത്തി പ്രദേശികഭാഷകളിലൂടെ രൂപപ്പെട്ടുവന്ന ഭക്തിപ്രസ്​ഥാനത്ത​ിൽ പ്രാദേശിക ഭാഷകളുടെ കൂടി ചെറുത്തുനിൽപാണ്​ തുടക്കത്തിൽ നാം കണ്ടത്​. പിന്നീട്​ ​നടന്ന നവോത്ഥാന പ്രവർത്തനങ്ങളിലും ഇതേ ഊർജമാണ് തുളുമ്പിയത്​. ഇതിന്റെ തുടർച്ചയായി വന്ന​ സാമ്രാജ്വത്വ വിരുദ്ധ ബഹുജന രാഷ്​ട്രീയ ധാരകളിലൂടെയാണ്​ നമ്മുടെ പ്രതിരോധം ​ വളർന്നുവന്നത്​. ഇ​െതല്ലാം ഇന്ത്യക്കാർ സംസാരിക്കുന്ന പലതരം ഭാഷകളിലൂടെയാണ് രൂപപ്പെട്ടത്​​. നാട്ടുരാജ്യങ്ങളിൽ നിന്നുമാറി​, ഭാഷാടിസ്​ഥാനത്തിൽ സംസ്​ഥാനങ്ങളും രാഷ്​ട്രീയ കക്ഷികളും രൂപവത്കരിക്കുന്നതിലേക്ക്​ നയിച്ചത്​​. പറഞ്ഞുവരുന്നത് മുകളിൽനിന്ന്​ കെട്ടിയിറക്കപ്പെട്ട ഒന്നല്ല ഇന്ത്യൻ ദേശീയത എന്നാണ്. അടിയിൽനിന്ന് ഇന്ത്യൻ ജനത സംസാരിക്കുന്ന ഭാഷയിൽ ​ കെട്ടിപ്പൊക്കിയവയാണ് നമ്മുടെ യഥാർഥ ദേശീയത​. ഭാഷാടിസ്​ഥാനത്തിലുള്ള ഐക്യത്തെ എതിർത്തത്​ പ്രധാനമായും നാല്​ സംഘടനകളാണ്. അതിൽ രണ്ടെണ്ണം മൂലധന സംഘടനകളാണ്​. ഓൾ ഇന്ത്യ എക്​സ്​പോർ​േട്ടഴ്​സ്​ അസോസിയേഷൻ, ഫിക്കി എന്നിവയാണവ. മറ്റുള്ളത്​, ജനസംഘവും സ്വതന്ത്ര പാർട്ടിയുമാണ്. അതിന്ന്​ പ്രത്യേകിച്ച്​ ഓർമിക്കേണ്ടതാണ്​. മൂലധന ശക്തികൾ ലക്ഷ്യമിടുന്നത്​ ഒറ്റ വിപണിക്കാണ്​. പ്രാദേശിക വിപണി ഇല്ലാതാക്കി തുറന്ന വിപണിക്കുവേണ്ടിയാണ്​ അവരുടെ​ ദേശീയത ​ഭ്രാന്തമാകുന്നത്. ഒരൊറ്റ ഇന്ത്യ എന്നാൽ അവർക്ക് ഒരൊറ്റ വിപണി മാത്രമാണ്. ഇന്ത്യ അഥവാ ഭാരതം സംസ്​ഥാനങ്ങളുടെ ഐക്യവേദിയാണ്​. യൂനിയൻ ഓഫ്​ ​സ്​റ്റേറ്റ്സ്​ എന്നാണ് ഭരണഘടന പറയുന്നത്. കേന്ദ്രം, സംസ്ഥാനം എന്ന മട്ടിലുള്ള നമ്മുടെ പരിഭാഷ സത്യത്തിൽ അധിനിവേശത്തിന്റെ അവശിഷ്​ടമാണ്​. സെൻട്രൽ എന്ന വാക്കല്ല, യൂനിയൻ എന്നാണ് ഭരണഘടനയിലുള്ളത്​. അതു​​കൊണ്ട് തന്നെ സംസ്​ഥാനങ്ങളും സംസ്​ഥാനങ്ങളുടെ ഐക്യവേദിയുമാണ്. അതിനുപകരം, അധികാരശക്തികളാണ് അതിനെ കൽപിക്കുന്ന കേന്ദ്രവും അനുസരിക്കുന്ന സംസ്​ഥാനവു​മായി മാറ്റിയത്. അതാണിപ്പോൾ നിറഞ്ഞാടുന്നത്​. കൊളോണിയൽ ​വേസ്റ്റുകൾ ആരാച്ചാർമാർ സംസ്ഥാനങ്ങളുടെ ആരാച്ചാർ ആകുന്ന അവസ്ഥ.

മതേതരം

അപരം പൊളിഞ്ഞാലേ പൗരത്വം പ്രിയമാകുകയുള്ളൂ. ഇവിടെ, പൗരത്വം പൊളിക്കപ്പെടുകയാണ്​. എല്ലാറ്റിനെയും ചേർത്തുപിടിച്ചു മാത്രമേ​ റിപ്പബ്ലിക് പൂർണമാവൂ. 1893ലെ ഷികാഗോയിലെ സർവമത സമ്മേളനത്തെയാണ്​ പലരും പുകഴ്​ത്തി പറയാറുള്ളത്​. അത്, പ്രസക്തവുമാണ്. എന്നാൽ, 1924ൽ ആലുവയിൽ ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തിൽ നടന്ന സർവമത സമ്മേളനത്തി​െന്റ സന്ദേശം സത്യത്തിൽ അതിലുമേറെ ശ്രദ്ധിക്ക​പ്പെടേണ്ടതാണ്​. വെറും സർവമത സമ്മേളനമായിരുന്നില്ല അത്. ജാതിവിരുദ്ധ മത സൗഹാർദ സമ്മേളനമായിരുന്നു​. എല്ലാ മതവിഭാഗക്കാ​രെയും പങ്കാളികളാക്കി. എന്തിന്​ ന്യൂനപക്ഷത്തിൽ ന്യൂനപക്ഷമായ യഹൂദ മതത്തിനു​പോലും അതിൽ പ്രാതിനിധ്യമുണ്ടായി. ആ സമ്മേളനത്തിൽ അപരമത വിദ്വേഷ പരാമർശമുണ്ടായപ്പോൾ, ഉടൻ തിരുത്തല​ുണ്ടായി. പക്ഷേ, ഒരൊറ്റ ജാതി സംഘടന പ്രതിനിധിയെപ്പോലും അതിൽ പ​ങ്കെടുപ്പിച്ചില്ല.

ആല​ുവയിലെ ആ സമ്മേളനത്തി​ന്റെ നൂറാം വാർഷികത്തിൽ കൂടിയാണ് ഇന്ന്​ നാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്​. രാജ്യം ആവശ്യപ്പെടുന്ന ജാതിമേൽക്കോയ്മക്കെതിരായ ആ സർവമത സമ്മേളനം നടന്നത്​ നമ്മുടെ കേരളത്തിലാണെന്നത്​​ ആവേശകരമായ ഒന്നാണ്​. ഗുരുവി​ന്റെ നാനാത്വത്തിൽ ജാതിയൊഴിച്ച് എല്ലാം ഉണ്ടായിരുന്നു. എന്നാൽ, ഇന്ന് നവ ഫാഷിസ്റ്റുകൾ എല്ലാറ്റിനെയും കോർപറേറ്റ് ജാതി മേൽക്കോയ്മ സഖ്യത്തിലേക്ക് ​സങ്കോചിപ്പിക്കുന്ന തിരക്കിലാണ്.

ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാൻ ഭരണകൂടത്തിന് എളുപ്പം കഴിയും. അതിനെ പ്രതിരോധിക്കാൻ ജനങ്ങൾക്ക് ഏറെ സമയം വേണ്ടി വരും. എന്നിട്ടും, ഈ ഭയത്തിന് ഇടയിലും നാം ഏറക്കുറെ സാഹോദര്യത്തോടെ ജീവിക്കുന്നുണ്ട്. ഗുജറാത്ത് വംശഹത്യയുടെ പശ്ചാത്തലത്തിൽ നരേന്ദ്ര മോദി സർവമത സമ്മേളനം വിളിച്ചുചേർത്തിരുന്നു. അപ്പോൾ ഒരു മൗലവി തൊപ്പി സമ്മാനിച്ചു. മോദി അത്, പരസ്യമായി നിരസിച്ചു. ഒൗപചാരികമായി പോലും അത് സ്വീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇന്ത്യയിൽ വ്യത്യസ്ത മതവിശ്വാസികൾ തമ്മിൽ ഒരു തർക്കമില്ല. പക്ഷേ, ഭരണകൂടത്തിന് ആ സൗഹൃദം ശക്തിപ്പെടുത്തുന്നതിന് താൽപര്യമില്ല. ഇത്തരമൊരു പശ്ചാത്തലത്തിലാണ് സമകാല ഇന്ത്യൻ റിപ്പബ്ലിക്കിന്റെ പ്രതീകമായി ബിൽകീസ് ബാനു മാറുന്നത്. ഫാഷിസ്റ്റുകൾ കൊലയാളികളെ സംരക്ഷിച്ചപ്പോൾ, ഈ നാടിനെ നാനാതരത്തിലുള്ള മനുഷ്യരാണ് ബിൽകീസ് ബാനുവിന് ഒപ്പം നിന്നത്. അതിൽ എടുത്തുപറയേണ്ട പേരുകളിലൊന്ന് പി.ജി. ജാതവേതൻ നമ്പൂതിരിയുടേതാണ്. അദ്ദേഹമാണ് അക്കാലത്ത് ദേശീയ മനുഷ്യാവകാശ കമീഷ​ന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്നത്. ഇദ്ദേഹത്തെ ബിൽക്കീസ് ബാനു കാണാൻ ചെല്ലുന്നുണ്ട്. അദ്ദേഹം അപ്പോൾ ചോദിക്കുന്നുണ്ട്. നിങ്ങൾ പൊരുതാൻ തയാറാണോ. എങ്കിൽ വിജയം നിങ്ങളുടെ കൂടെയുണ്ടാകുമെന്ന്. അതാണ് നമ്മുടെ പ്രതീക്ഷ. അന്ന്, ജാതവേദൻ നമ്പൂതിരി ബിൽക്കീസ് ബാനു​വിനോട് ചോദിച്ച ആ ചോദ്യവും ബിൽക്കീസ് ബാനു സ്വന്തം ജീവിതസമരത്തിലൂടെ അതിനേകിയ ഉത്തരവുമാണ് ഏത് പ്രതിസന്ധിയിലും ഇന്ത്യൻ റിപ്പബ്ലിക് അതിജീവിക്കുകതന്നെ ചെയ്യുമെന്നതിനുള്ള ഉറപ്പ്.

എഴുത്ത്: അനൂപ് അനന്തൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ConstitutiondemocracyrepublicIndia News
News Summary - Whose republic? Assessing 75 years of the Republic
Next Story