കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കാൻ വൈകും
text_fieldsവാഷിങ്ടൺ: ഭാരത് ബയോടെക്ക് നിർമ്മിക്കുന്ന കോവിഡ് വാക്സിനായ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കാൻ വൈകുമെന്ന് സൂചന. ലോകാരോഗ്യ സംഘടനയുടെ പ്രതിരോധ കുത്തുവെപ്പുകളുമായി ബന്ധപ്പെട്ട വിദഗ്ധസമിതിയുടെ യോഗം ഒക്ടോബർ അഞ്ചിനാണ് നടക്കുക. ഇതിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. ഫൈസർ-ബയോടെക്, ജോൺസൺ & ജോൺസൺ, മൊഡേണ, സിനോഫാം, ഓക്സ്ഫെഡ്-ആസ്ട്ര സെനിക്ക തുടങ്ങിയ വാക്സിനുകൾക്കാണ് ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത്.
ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച വാക്സിനുകളിലൊന്നാണ് കോവാക്സിൻ. ഓക്സ്ഫെഡ്-ആസ്ട്രസെനിക്കയുടെ കോവിഷീൽഡിനൊപ്പം കോവാക്സിനും രാജ്യത്ത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ജൂലൈ ഒമ്പതിന് തന്നെ കോവാക്സിൻ ലോകാരോഗ്യ സംഘടനയുടെ അനുമതിക്കായി അപേക്ഷ നൽകിയിരുന്നുവെന്നും ഈ അപേക്ഷ പരിഗണനയിലാണെന്നുമാണ് ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് കേന്ദ്രസർക്കാർ രാജ്യസഭയിൽ മറുപടി നൽകിയത്.
കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കാത്തത് മൂലം പല രാജ്യങ്ങളും വാക്സിനെ അംഗീകരിച്ചിട്ടില്ല. ഇതുമൂലം ഇന്ത്യയിൽ നിന്നും വിവിധ രാജ്യങ്ങളിലേക്ക് പോവുന്ന പ്രവാസികൾ ഉൾപ്പടെ ദുരിതത്തിലാണ്.

