ഡൽഹി ആര് നയിക്കും? സസ്പെൻസ് തുടരുന്നു
text_fieldsന്യൂഡൽഹി: 27 വർഷത്തിനുശേഷം ഡൽഹിയിൽ അധികാരം പിടിച്ച ബി.ജെ.പി സർക്കാർ രൂപവത്കരണ ചർച്ച സജീവമാക്കി. ആം ആദ്മി പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടമായതോടെ മുഖ്യമന്ത്രി അതിഷി ഞായറാഴ്ച ലഫ്. ഗവർണർ വി.കെ. സക്സേനക്ക് രാജിക്കത്ത് നൽകി. രാജി സീകരിച്ച ലഫ്. ഗവർണർ പുതിയ സർക്കാർ രൂപവത്കരിക്കുന്നതുവരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ ആവശ്യപ്പെട്ടു. സർക്കാർ രൂപവത്കരണത്തിന് അവകാശവാദം ഉന്നയിച്ച് ലഫ്.ഗവർണറെ കാണാൻ ബി.ജെ.പി കത്ത് നൽകിയിട്ടുണ്ട്.
ആരായിരിക്കും മുഖ്യമന്ത്രി എന്ന കാര്യത്തിൽ പാർട്ടിയിൽ ചർച്ച തുടരുകയാണ്. ഞായറാഴ്ച രാവിലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സചിദേവ് എന്നിവർ കൂടിക്കാഴ്ച നടത്തി. അമിത് ഷായുടെ വസതിയിലായിരുന്നു ചർച്ച.
ഫലപ്രഖ്യാപനത്തിന് പിന്നാലെ ശനിയാഴ്ച രാത്രി പാർട്ടി ആസ്ഥാനത്ത് നടന്ന വിജയാഘോഷത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായുമായും ജെ.പി. നഡ്ഡയും ആദ്യ വട്ട ചർച്ച നടത്തിയിരുന്നു. ആം ആദ്മി പാർട്ടി ദേശീയ അധ്യക്ഷൻ അരവിന്ദ് കെജ്രിവാളിനെ തോൽപിച്ച ജാട്ട് വിഭാഗത്തിൽനിന്നുള്ള നേതാവ് പർവേഷ് വർമയുടെ പേരാണ് പൊതുവേ ഉയർന്നുവരുന്നത്. പർവേഷ് വർമ കഴിഞ്ഞ ദിവസങ്ങളിലായി ലഫ്.ഗവർണറെയും അമിത് ഷായെയും കണ്ടിരുന്നു. മുതിർന്ന നേതാക്കളായ വിജേന്ദർ ഗുപ്ത, സതീഷ് ഉപാധ്യായ എന്നിവരുടെ പേരുകളും കേൾക്കുന്നുണ്ട്. വനിത മുഖ്യമന്ത്രി വേണമെന്ന ചർച്ചയുമുണ്ട്. ഡൽഹി മുൻ മുഖ്യമന്ത്രി സുഷമ സ്വരാജിന്റെ മകളും ന്യൂഡൽഹി മണ്ഡലത്തിൽ നിന്നുള്ള എം.പിയുമായ ബാൻസുരി സ്വരാജ്, രേഖ ഗുപ്ത, ശിഖ റായ് എന്നിവർക്കാണ് വനിതകളിൽ സാധ്യത കൽപിക്കുന്നത്.
തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസ്, അമേരിക്ക സന്ദർശനത്തിനായി തിരിക്കും. സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷമായിരിക്കും സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുകയെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

