സീമാഞ്ചൽ ആർക്ക് ചലഞ്ച്?
text_fieldsപട്ന: ആദ്യഘട്ടം മികച്ച പോളിങ്ങോടെ അവസാനിച്ച ബിഹാറിൽ അവസാനഘട്ട തെരഞ്ഞെടുപ്പിനുള്ള പ്രചാരണം ഊർജിതമായി. നവംബർ 11ന് നടക്കുന്ന അടുത്തഘട്ടത്തിൽ ആകെയുള്ള 122ൽ സീമാഞ്ചൽ മേഖലയിലെ 24 സീറ്റുകൾ എങ്ങോട്ട് തിരിയുമെന്നതാണ് നിർണായക ചോദ്യം. മുസ്‍ലിംകൾക്ക് നിർണായക സ്വാധീനമുള്ള സീമാഞ്ചലിൽ പുർണിയ, കത്തിഹാർ, കിഷൻഗഞ്ച്, അരാരിയ എന്നീ നാല് ജില്ലകളാണുൾപ്പെടുന്നത്.
ഏറെ പിന്നാക്കമാണ് ഈ ജില്ലകൾ. മഴക്കാലത്ത് കോസി, മഹാനന്ദ നദികൾ കരകവിഞ്ഞൊഴുകി ഇവിടത്തുകാരുടെ ജീവിതം വെള്ളത്തിലാഴ്ത്തുകയാണ്. 70 ശതമാനം യുവാക്കളും ജോലി തേടി വീട് വിട്ട് പോകാൻ നിർബന്ധിതരാകുന്നു. അതേസമയം, 2013ൽ സ്ഥാപിച്ച കിഷൻഗഞ്ചിലെ അലീഗഢ് മുസ്‍ലിം സർവകലാശാല കാമ്പസ് പൂർണമായി പ്രവർത്തിച്ചിട്ടില്ല. സീമാഞ്ചലിലെ കിഷൻഗഞ്ചിൽ ദാരിദ്ര്യനിരക്ക് 64.75 ശതമാനമാണ്.
തേജസ്വി യാദവ്, നിതീഷ് കുമാർ, നരേന്ദ്ര മോദി, അമിത് ഷാ, പ്രശാന്ത് കിഷോർ തുടങ്ങിയ പ്രമുഖരെല്ലാം സീമാഞ്ചലിൽ പ്രചാരണം നടത്തുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മിന്റെ സാന്നിധ്യം മഹാസഖ്യത്തിന് ഭൂരിപക്ഷം നഷ്ടപ്പെടാനുള്ള പ്രധാന കാരണമായിരുന്നു. 15 സീറ്റുകൾ ഉവൈസിയുടെ പാർട്ടി കാരണം മഹാസഖ്യത്തിന് ഇല്ലാതായെന്നായിരുന്നു ആരോപണം. എ.ഐ.എം.ഐ.എമ്മിന് അന്ന് അഞ്ച് സീറ്റാണ് കിട്ടിയത്. ബി.ജെ.പി എട്ടു സീറ്റും ജെ.ഡി (യു) നാല് സീറ്റും നേടി. മഹാസഖ്യത്തിന് ഏഴ് സീറ്റാണ് ലഭിച്ചത്. നാല് എം.എൽ.എമാർ ഉവൈസിയെ ഉപേക്ഷിച്ച് ആർ.ജെ.ഡിയിൽ ചേർന്നിരുന്നു. മറ്റൊരു എം.എൽ.എയും സംസ്ഥാന പ്രസിഡന്റുമായ അഖ്തറുൽ ഇമാൻ മാത്രം ഉവൈസിക്കൊപ്പം നിന്നു.
ഇത്തവണ മഹാസഖ്യത്തിൽ കോൺഗ്രസ് സീമാഞ്ചൽ മേഖലയിൽ 12 സീറ്റിൽ മത്സരിക്കുന്നു. ആർ.ജെ.ഡി ഒമ്പതിലും വി.ഐ.പി രണ്ടിലും സി.പി.ഐ (എം.എൽ) ഒരു സീറ്റിലും ജനവിധി തേടും. എൻ.ഡി.എയിൽ ബി.ജെ.പി -11, ജെ.ഡി.യു- 10, ചിരാഗ് പാസ്വാന്റെ എൽ.ജെ.പി (ആർ) ഒരു സീറ്റിലും മത്സരിക്കുന്നു.
വർഗീയ രാഷ്ട്രീയം കളിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഉവൈസിയുടെ പ്രചാരണം മുസ്‍ലിം പ്രാതിനിധ്യത്തിലും വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു. ‘സീമാഞ്ചലിന് സ്വതന്ത്ര രാഷ്ട്രീയ നേതൃത്വം നൽകുക’ എന്ന പ്രമേയത്തിലുള്ള റോഡ് ഷോകളും റാലികളുമാണ് ഉവൈസിയുടെ പ്രചാരണത്തിന്റെ മുഖ്യ ആകർഷണം. റാലികളിൽ അദ്ദേഹം വഖഫ് നിയമവും എസ്.ഐ.ആർ, എൻ.ആർ.സി വിഷയങ്ങളുമാണ് ഉന്നയിക്കുന്നത്.
സീമാഞ്ചലിലെ 50 ലക്ഷം മുസ്‍ലിംകൾ പരമ്പരാഗതമായി മഹാസഖ്യത്തെ പിന്തുണക്കുന്നവരാണ്. പക്ഷേ, ഉവൈസിയടക്കമുള്ള ത്രികോണ പോരാട്ടം ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. എ.ഐ.എം.ഐ.എമ്മിനെ ഭയന്ന് ചില ഹിന്ദു വോട്ടർമാർ മഹാസഖ്യത്തിലേക്ക് ചുവട് മാറി. സീമാഞ്ചൽ വികസന അതോറിറ്റി, ലോകോത്തര സർവകലാശാല, സൂപ്പർ സ്പെഷാലിറ്റി ആശുപത്രി എന്നിവ സ്ഥാപിക്കുമെന്ന് തേജസ്വി ഉറപ്പുനൽകുന്നുണ്ട്. വഖഫ് ബിൽ ചവറ്റുകുട്ടയിൽ എറിയുമെന്നും തേജസ്വി പറയുന്നു. വഖഫ് പോലുള്ള വിഷയങ്ങളിൽ നിതീഷ് കുമാറിന്റെ മൗനവും സീമാഞ്ചലിൽ ചർച്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

