ആരാകും അടുത്ത ബിഹാർ മുഖ്യമന്ത്രി ?; നിതീഷിന്റെ പിന്മാറ്റത്തിന് പിന്നാലെ അഭ്യൂഹങ്ങൾ ശക്തം
text_fieldsന്യൂഡൽഹി: മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് നിതീഷ് കുമാർ രാജ്യസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അറിയിച്ചതിന് പിന്നാലെ ബിഹാറിൽ ആരാകും മുഖ്യമന്ത്രിയെന്ന ചർച്ചകൾ സജീവം. നിതീഷ് കുമാർ രാജിവെച്ചതോടെ മുഖ്യമന്ത്രിപദം ബി.ജെ.പി ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സാമ്രാത്ത് ചൗധരിക്കാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി മുൻഗണന.
ഒ.ബി.സി സമുദായ അംഗമായ ചൗധരി ബിഹാറിലെ ജാതിസമവാക്യങ്ങൾക്കും യോഗ്യനായ സ്ഥാനാർഥിയാവുമെന്നാണ് വിലയിരുത്തൽ. എൻ.ഡി.എ സർക്കാറിൽ നിതീഷ് കുമാറിന്റെ അടുത്തയാളായി പ്രവർത്തിച്ച വ്യക്തിയാണ് ചൗധരി. ഇതും അദ്ദേഹത്തിന് നറുക്കുവീഴുന്നതിന് ഇടയാക്കുമെന്നാണ് വിലയിരുത്തുന്നത്.
മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്ന മറ്റൊരു പേര് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയുടേതാണ്. പ്രമുഖ യാദവ നേതാവായ റായ്, അമിത് ഷാക്ക് കീഴിൽ വർഷങ്ങളായി പ്രവർത്തിക്കുകയാണ്. ദീർഘകാലമായി ബിഹാറിലെ യാദവ സമുദായം ലാലുവിനും തേജസ്വിക്കും ഒപ്പമാണ്. യാദവ മുഖ്യമന്ത്രിയെ നിയമിക്കുക വഴി ആ വോട്ടുബാങ്കിലേക്ക് കൂടി കടന്നുകയറാമെന്ന് ബി.ജെ.പി കണക്കുകൂട്ടുന്നു.
ഇതിനൊപ്പം മറ്റ് ചില പേരുകൾ കൂടി ബി.ജെ.പി പരിഗണിക്കുന്നണ്ട്. മുൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ദിലീപ് ജയ്സ്വാൾ. വൈശ്യ വിഭാഗത്തിൽ കൽവാർ ജാതിയിൽ നിന്നുള്ളയാളാണ് ജയ്സ്വാൾ. സീമാഞ്ചൽ മേഖലയിലെ സ്വാധീനമാണ് അദ്ദേഹത്തിന് ഗുണകരമാവുക. കിഷൻഗഞ്ച് പോലുള്ള മേഖലയിൽ അദ്ദേഹത്തിന് വലിയ സ്വാധീനമുണ്ട്. അഞ്ച് തവണ എം.എൽ.എയായ സഞ്ജീവ് ചൗരസിയയാണ് പരിഗണിക്കുന്ന മറ്റൊരാൾ. അഞ്ച് തവണ എം.എൽ.എയായ ചൗരസ്യക്ക് ബിഹാർ തലസ്ഥാനമായ പട്നയിൽ നിർണായക സ്വാധീനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

