ലോകത്തിലെ മൊത്തം കോവിഡ് കേസുകളിലെ പകുതിക്കടുത്ത് ഇന്ത്യയിലെന്ന് ലോകാരോഗ്യ സംഘടന
text_fieldsജനീവ: കഴിഞ്ഞ ഒരാഴ്ചയായി ലോകത്തെ മൊത്തം കോവിഡ് കേസുകളുടെ പകുതിക്കടുത്ത് ഇന്ത്യയിലാണ് റിപ്പോർട്ട് ചെയ്യുന്നതെന്ന് ലോകാരോഗ്യ സംഘടന. ലോകത്തെ മൊത്തം കോവിഡ് കേസുകളിൽ 46 ശതമാനവും ഇന്ത്യയിൽനിന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് പകർച്ചവ്യാധി സംബന്ധിച്ച ഡബ്ല്യു.എച്ച്.ഒയുടെ പ്രതിവാര റിപ്പോർട്ടിൽ പറയുന്നു. ആഗോളതലത്തിലുള്ള കോവിഡ് മരണങ്ങളുടെ 25 ശതമാനവും ഇന്ത്യയിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ബുധനാഴ്ച രാവിലത്തെ കണക്ക് അനുസരിച്ച് ഇന്ത്യയിൽ 24 മണിക്കൂറിനിടെ 3,780 കോവിഡ് മരണങ്ങളാണ് ഉണ്ടായത്. 3,82,315 പേർക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. തുടർച്ചയായ 14ാം ദിവസമാണ് ഇന്ത്യയിലെ പ്രതിദിന രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടക്കുന്നത്.
ആവശ്യത്തിന് ഓക്സിജനും കിടക്കകളുമില്ലാതെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കോവിഡ് രോഗികൾ നരകയാതന അനുഭവിക്കുന്നതിന്‍റെ റിപ്പോർട്ടുകളാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി ഉയർന്നുവരുന്നത്. സംസ്കാരത്തിനുള്ള ഊഴം നോക്കി ശ്മശാനങ്ങളുടെ വെളിയിൽ മൃതദേഹങ്ങളുമായി ബന്ധുക്കൾ കാത്തുനിൽക്കുന്നതിന്‍റെ ദൃശ്യങ്ങളും നൊമ്പരക്കാഴ്ചയാകുകയാണ്. ഇതിനൊക്കെ തക്കതായ പരിഹാരം കണ്ടെത്തുന്നതിന് പകരം മതപരിപാടികൾക്ക് അനുവാദം നൽകിയും തെരഞ്ഞെടുപ്പ് റാലികൾ നടത്തിയും രാജ്യത്ത് കോവിഡ് വ്യാപനം അതിവേഗത്തിലാക്കാനാണ് മോദി സർക്കാർ ശ്രമിച്ചതെന്ന ആരോപണം ശക്തമായ പശ്ചാത്തലത്തിലാണ് ഡബ്ല്യു.എച്ച്.ഒയുടെ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
മഹാരാഷ്ട്രയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് ബാധിച്ച് മരിച്ചത് 920 പേരാണ്. രോഗം ബാധിച്ച് ഒരു ദിവസം മരണപ്പെടുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. 57,640 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൽ 3,882 പേർ മുംബൈയിലാണ്. ഇവിടെ 24 മണിക്കൂറിൽ 77 പേർ മരിക്കുകയും ചെയ്തു. പുനെയിൽ 9,084 പുതിയ കേസുകളും 93 മരണവും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ നിലവിൽ 6.41 ലക്ഷം രോഗബാധിതരാണു ചികിത്സയിലുള്ളത്.
കർണാടകയിൽ ആദ്യമായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 50,000 കടന്നു. തലസ്ഥാനമായ ബംഗളൂരുവിലാണ് ഇതിൽ പകുതിയും. ആകെ കേസുകൾ 17.4 ലക്ഷത്തിലേക്ക് ഉയർന്നു. 346 പുതിയ മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 16,884 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

