'മൈ ഫ്രണ്ട്...,ഹ,ഹ,ഹ...' ; രാഹുൽ ഗാന്ധിക്കൊപ്പം മിമിക്രി ചെയ്ത് വൈറലായ പുൽകിത് മണി ആരാണ്?
text_fieldsന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ഇൻഡോർ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മിമിക്രി അവതരിപ്പിച്ചുകൊണ്ട് രാഷ്ട്രീയ ചർച്ചകളിൽ ഇടംപിടിച്ചിരിക്കുകയാണ് സ്റ്റാൻറപ്പ് കൊമേഡിയൻ പുൽകിത് മണി. രാഹുൽ ഗാന്ധി തന്‍റെ സോഷ്യൽ മീഡിയ പേജുകളിൽ വിഡിയോ പങ്കുവെച്ചതോടെ ആരാണ് ഈ കൊമോഡിയൻ എന്നാണ് എല്ലാവരും തിരയുന്നത്.
'@hunnywhoisfunny' എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിലിലൂടെ ശ്രദ്ധേയനായ ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററും സ്റ്റാൻറപ്പ് കൊമേഡിയനുമാണ് പുൽകിത് മണി. 2021 മുതൽ പ്രൊഫഷണലായി രംഗത്തുള്ള അദ്ദേഹത്തിന് ഇൻസ്റ്റാഗ്രാമിൽ ഏകദേശം ആറ് ലക്ഷത്തോളം ഫോളോവേഴ്സ് ഉണ്ട്. ലൈവ് ഷോകൾ, രാഷ്ട്രീയ ആക്ഷേപഹാസ്യങ്ങൾ എന്നിവയിലൂടെയാണ് അദ്ദേഹം യുവജനങ്ങൾക്കിടയിൽ ശ്രദ്ധനേടിയത്.
ഫെബ്രുവരിയിൽ യൂട്യൂബിൽ റിലീസ് ചെയ്ത അദ്ദേഹത്തിൻറെ 'റോ ഹണി' (Raw Hunny) എന്ന സ്പെഷ്യൽ ഷോ ഇതിനോടകം പത്ത് ലക്ഷത്തിലധികം കാഴ്ചക്കാരെ നേടിയിട്ടുണ്ട്. നിലവിൽ ആഗസ്റ്റ് 29 മുതൽ ഒക്ടോബർ 11 വരെ നീളുന്ന വിവിധ ഇന്ത്യൻ നഗരങ്ങളിലെ 'ഗ്രേറ്റ് ഹരാസ്‌മെന്റ്' എന്ന പുതിയ ഷോയുടെ ടൂറിലാണ് അദ്ദേഹം.
ഈ വർഷം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശനയങ്ങളെയും നേതാക്കളോടുള്ള പെരുമാറ്റശൈലിയും അനുകരിച്ചുകൊണ്ടുള്ള പുൽകിതിന്റെ ഇൻസ്റ്റാഗ്രാം റീൽ വൈറലായതോടെയാണ് അദ്ദേഹം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. 'മൈ ഫ്രണ്ട്' എന്ന പ്രയോഗവും ശൈലിയും അനുകരിച്ചുള്ള ഈ വീഡിയോ 16 ദശലക്ഷത്തിലധികം ആളുകൾ കണ്ടിരുന്നു. എന്നാൽ വിവരസാങ്കേതികവിദ്യ നിയമപ്രകാരമുള്ള സർക്കാർ ഉത്തരവിനെ തുടർന്ന് മാർച്ച് മാസത്തിൽ ഈ വീഡിയോ ഇന്ത്യയിൽ ബ്ലോക്ക് ചെയ്യപ്പെടുകയുണ്ടായി.
ഇതിനെത്തുടർന്ന് രാഷ്ട്രീയ ആക്ഷേപഹാസ്യങ്ങളും ഓൺലൈൻ ആവിഷ്കാര സ്വാതന്ത്ര്യവും സംബന്ധിച്ച ചർച്ചകൾ സജീവമായിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ഇൻഡോറിൽ നടന്ന രാഹുൽ ഗാന്ധിയുടെ 'ഛാത്രോം കി ഗൂഞ്ച്' പരിപാടിയിലും പുൽകിത് സമാനമായ രീതിയിൽ മോദിയുടെ മിമിക്രി അവതരിപ്പിച്ചത്.
സർക്കാർ നിയന്ത്രണങ്ങൾക്ക് പുറമെ മറ്റൊരു നിയമപോരാട്ടത്തിലും പുൽകിത് മണി ഉൾപ്പെട്ടിട്ടുണ്ട്. തൻറെ ഇൻസ്റ്റാഗ്രാം റീലുകൾ വ്യാജമായ പകർപ്പവകാശ പരാതികളെ തുടർന്ന് നീക്കം ചെയ്തതിനെതിരെ അദ്ദേഹം ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
സെപ്റ്റംബർ 9-ന് ജസ്റ്റിസ് ജ്യോതി സിംഗ് പരിഗണിച്ച ഈ കേസിൽ, തർക്കത്തിലിരുന്ന രണ്ട് റീലുകളും മെറ്റ പുനഃസ്ഥാപിച്ചിട്ടുണ്ട്. പകർപ്പവകാശ പരാതിക്ക് പിന്നിൽ പ്രവർത്തിച്ച അജ്ഞാത അക്കൗണ്ടുകൾക്കെതിരെയുള്ള വിവരങ്ങൾ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നടപടികൾ കോടതിയുടെ പരിഗണനയിലാണ്. രാഷ്ട്രീയ ആക്ഷേപഹാസ്യങ്ങളും പകർപ്പവകാശ പ്രശ്നങ്ങളും കാരണം ഈ വർഷം മുഴുവൻ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിയാണ് പുൽകിത് മണി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

