ബി.ജെ.പിയുടെ തീപ്പൊരി; എന്നും വിവാദങ്ങൾക്കൊപ്പം
text_fieldsന്യൂഡൽഹി: പ്രവാചകനെതിരെ പരാമർശം നടത്തി ബി.ജെ.പിയെയും കേന്ദ്ര സർക്കാറിനെയും പ്രതിസന്ധിയിലാക്കിയ നൂപുർ ശർമയുടെ വളർച്ചതന്നെ വിവാദങ്ങളുടെ അകമ്പടിയിലായിരുന്നു. ചാനൽ ചർച്ചകളിൽ തീവ്ര ദേശീയതയുടെയും വർഗീയതയുടെയും വാദങ്ങൾ ഉന്നയിച്ച് എതിരാളികളെ നിഷ്പ്രഭരാക്കി മുന്നേറിയ നൂപുറിന്റെ പതനത്തിന് കാരണമായതും അത്തരമൊരു ചർച്ചതന്നെ.
2008ൽ എ.ബി.വി.പി പ്രതിനിധിയായി ഡൽഹി സർവകലാശാല വിദ്യാർഥി യൂനിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് നൂപുർ ശർമ പ്രശസ്തിയിലേക്ക് ഉയരുന്നത്.
പിന്നീട് ബി.ജെ.പി ഡൽഹി യൂനിറ്റ് വക്താവായി നിയമിതയായി. 2015ൽ അരവിന്ദ് കെജ്രിവാളിനെതിരെ നിയമസഭയിലേക്ക് മത്സരിച്ചതോടെയാണ് പാർട്ടിയിൽ പരിചിതമുഖമാകുന്നത്. കെജ്രിവാളിന് മുന്നിൽ തോറ്റെങ്കിലും നൂപുറിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ഗ്രാഫ് ഉയരുകയായിരുന്നു. ജെ.പി. നഡ്ഡ ബി.ജെ.പി പ്രസിഡന്റായതോടെ പാർട്ടിയുടെ ദേശീയ വക്താവായി സ്ഥാനക്കയറ്റം.
ചാനൽ ചർച്ചകളിൽ തീവ്ര ഹിന്ദുത്വ ആശയങ്ങളുടെ വക്താവായി രംഗത്തുവന്നു. വർഗീയതയും പരമത വിദ്വേഷവുമായിരുന്നു നൂപുറിന്റെ ചർച്ചകളുടെ അടിസ്ഥാനം. തീവ്ര വലതുപക്ഷ ചാനലുകളുടെ ഫ്ലോറിൽ അവതാരകരുടെ ഉദാരമായ പിന്തുണയോടെ അവർ എതിരാളികളെ അടിച്ചിട്ടു.
അതുവഴി ബി.ജെ.പിക്ക് പുറത്ത് ഹിന്ദുത്വ സംഘടനകളുടെ മാനസപുത്രിയുമായി മാറി. നൂപുറിന്റെ താരപദവി ഉപയോഗിക്കാൻ ബി.ജെ.പി നിരവധി ഉത്തരവാദിത്തങ്ങൾ അവർക്ക് പല കാലങ്ങളിലായി നൽകി. ഉത്തരാഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ മാധ്യമ ഏകോപന ചുമതല അവർക്കായിരുന്നു. ബി.ജെ.പി വനിത വിഭാഗത്തിന്റെ പരിശീലന ക്യാമ്പിന്റെ ചുമതലയും വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

