ജാമിഅ സമരത്തിന് തീപകർന്ന പെൺശബ്ദം; ആരാണ് നൗഷീൻ ഫാറൂഖ്?
text_fieldsനൗഷീൻ ഫാറൂഖ്
ന്യൂഡൽഹി: രണ്ട് പതിറ്റാണ്ടുകാലം തടവറയിലാക്കപ്പെട്ട ജനാധിപത്യം തിരിച്ചുപിടിക്കാൻ ഡൽഹി ജാമിഅ മില്ലിയ്യ ഇസ്‍ലാമിയ്യയിലെ വിദ്യാർഥികൾ തെരുവിൽ പൊരുതി വിജയം കാണുമ്പോൾ, ആ സമരമുഖത്തെ ഏറ്റവും തിളക്കമാർന്ന പെൺസാന്നിധ്യമായിരുന്നു നൗഷീൻ ഫാറൂഖ്. തലസ്ഥാന നഗരിയിൽ നിന്നും ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെയുള്ള ഒരു കൊച്ചു ദ്വീപിൽ നിന്ന് രണ്ട് വർഷത്തെ ബിരുദാനന്തര ബിരുദ പഠനത്തിനെത്തി, തനിക്ക് ഒരുപക്ഷേ ഒരിക്കലും വോട്ട് ചെയ്യാൻ കഴിയില്ലെന്നറിഞ്ഞിട്ടും വരാനിരിക്കുന്ന തലമുറകൾക്ക് വേണ്ടി കാമ്പസ് ജനാധിപത്യം ഉറപ്പുവരുത്തി മടങ്ങുന്ന ഒരു പോരാളിയുടെ പേരാണത്.
കടൽ കടന്നെത്തിയ വിദ്യാർഥി പ്രതിരോധം
സൗത്ത് ആൻഡമാൻ ജില്ലയിലെ 'നയാപുരം' എന്ന കൊച്ചു ഗ്രാമത്തിൽ നിന്നാണ് നൗഷീൻ ഡൽഹിയിലെത്തുന്നത്. ജനനസമയത്ത് എട്ടാം മാസത്തിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോടെ പിറന്നുവീണ നൗഷീൻ, വളരുന്തോറും വാചാലമായി സംസാരിക്കുന്ന പ്രകൃതക്കാരിയായി മാറി. കുട്ടിക്കാലത്തെ ആ സംസാരിക്കാനുള്ള ധൈര്യമാണ് പിൽക്കാലത്ത് സഹപാഠികളുടെ അവകാശങ്ങൾക്ക് വേണ്ടി ഭരണകൂടത്തോട് ചോദ്യങ്ങൾ ചോദിക്കാനുള്ള രാഷ്ട്രീയ ശബ്ദമായി മാറിയത്. ചെന്നൈ പ്രസിഡൻസി കോളേജിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ശേഷമാണ് നൗഷീൻ പി.ജി പഠനത്തിനായി ജാമിഅ മില്ലിയ്യയിൽ ചേരുന്നത്. നിലവിൽ ജാമിഅ കാമ്പസിലെ ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയാണ്. ഒരു ദ്വീപുഗ്രാമത്തിൽ നിന്നുള്ള വിദ്യാർഥിനി രാജ്യത്തിന്റെ രാഷ്ട്രീയ ശ്രദ്ധാകേന്ദ്രമായ ഒരു സർവകലാശാലയുടെ സമര നായകത്വത്തിലേക്ക് വളർന്നത് നിശ്ചയദാർഢ്യം ഒന്നു കൊണ്ടുമാത്രമാണ്.
ജനാധിപത്യം പാരമ്പര്യമായി കിട്ടിയ പോരാട്ടവീര്യം
നൗഷീന്റെ ധീരമായ നിലപാടുകൾക്ക് പിന്നിൽ അവളുടെ കുടുംബത്തിന്റെ പോരാട്ട ചരിത്രവുമുണ്ട്. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കാലത്ത് രണ്ട് വർഷത്തോളം ജയിൽവാസം അനുഭവിച്ച വ്യക്തിയായിരുന്നു നൗഷീന്റെ മുത്തശ്ശൻ. കോവിഡ് കാലത്തെ ക്വാറന്റൈൻ നടപടികളിലെ അപാകതകൾ ചോദ്യം ചെയ്തതിന് 2020-ൽ അറസ്റ്റിലായ പ്രമുഖ പത്രപ്രവർത്തകൻ സുബൈർ അഹമ്മദ് നൗഷീന്റെ വലിയച്ഛനാണ് (പിന്നീട് 2021 സെപ്റ്റംബറിൽ കൽക്കട്ട ഹൈക്കോടതി അദ്ദേഹത്തിനെതിരെയുള്ള എഫ്.ഐ.ആർ റദ്ദാക്കിയിരുന്നു). ഭരണകൂടത്തിന്റെ അനീതികൾക്കെതിരെ സംസാരിക്കാനും ഉത്തരവാദിത്തം ഏറ്റെടുക്കാനുമുള്ള ഈ കുടുംബ പാരമ്പര്യം തന്നെയാണ് നൗഷീനും കരുത്തായത്.
കുടുംബത്തിലെ വിയോഗം പോലും മാറ്റിവെച്ച സമർപ്പണം
ജാമിഅ യൂണിയൻ തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് ഒക്ടോബർ 12-ന് ആരംഭിച്ച നിരാഹാര സമരം കനത്തതോടെ കാമ്പസ് കലുഷിതമായി. ഗേറ്റുകൾ പൂട്ടിയും ഓൺലൈൻ ക്ലാസുകളിലേക്ക് മാറ്റിയും അധികൃതർ പ്രതിരോധം തീർത്തു. ഇതിനിടെ ഒക്ടോബർ 18-ന് നൗഷീന്റെ ഉമ്മയുടെ മുത്തശ്ശി മരണപ്പെട്ടു. മരണാനന്തര ചടങ്ങുകൾക്കായി സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ഡൽഹിയിൽ നിന്ന് പോർട്ട് ബ്ലെയറിലേക്കുള്ള ദൂരക്കൂടുതൽ തടസ്സമായിരുന്നു. മാത്രമല്ല, തൊട്ടടുത്ത ദിവസം ദേശീയ മാധ്യമങ്ങളെ കാണുന്നതിനായി വിദ്യാർഥികൾ ഒരുക്കിയ നിർണായക പത്രസമ്മേളനത്തിന്റെ ഉത്തരവാദിത്തവും നൗഷീന്റെ ചുമലിലായിരുന്നു. കാമ്പസിലെ സഹപാഠികളുടെ പോരാട്ടം രാജ്യശ്രദ്ധയിൽ കൊണ്ടുവരേണ്ട ചരിത്രപരമായ ആ ഘട്ടത്തിൽ, കടുത്ത വ്യക്തിപരമായ ദുഃഖവും വേർപാടും നെഞ്ചിലൊതുക്കി നൗഷീൻ സമരമുഖത്ത് തന്നെ ഉറച്ചുനിന്നു. അങ്ങ് വിദൂര ദ്വീപിലിരുന്ന് മകളുടെ സുരക്ഷയെക്കുറിച്ച് ഓരോ നിമിഷവും നെഞ്ചിടിപ്പോടെ ആശങ്കപ്പെടുമ്പോഴും, നൗഷീന്റെ ഉമ്മയും കുടുംബവും അവളുടെ നീതിക്കുവേണ്ടിയുള്ള സമരത്തിന് പാറപോലെ ഉറച്ച പിന്തുണയാണ് നൽകിയത്.
'എനിക്ക് വോട്ട് ചെയ്യാനായില്ലെങ്കിലും നാളത്തെ കുട്ടികൾക്ക് ഇത് ഉപകാരപ്പെടും'
ഒക്ടോബർ 29-ന് അഡ്വ. ഹാരിസ് ബീരാൻ എം.പിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം സർവകലാശാലാ അഡ്മിനിസ്ട്രേഷനുമായി നടത്തിയ നിർണായക ചർച്ചകൾക്ക് ഒടുവിൽ വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടു. 2027 മെയ് 15-നകം യൂണിയൻ ഭരണഘടന രൂപീകരിക്കുമെന്നും ജൂലൈയിൽ പുതിയ അധ്യയന വർഷം ആരംഭിച്ച് ആറാഴ്ചയ്ക്കകം തെരഞ്ഞെടുപ്പ് നടത്തുമെന്നും സർവകലാശാല ഉത്തരവിറക്കി. സമരക്കാർക്കെതിരായ അച്ചടക്ക നടപടികളും പിൻവലിച്ചു. എന്നാൽ ഈ വിജയം ആഘോഷിക്കുമ്പോഴും നൗഷീന്റെ പ്രതികരണം ഏതൊരു സമരപ്രവർത്തകനെയും വികാരഭരിതനാക്കുന്നതായിരുന്നു:
"അടുത്ത അധ്യയന വർഷത്തിൽ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ എന്റെ രണ്ട് വർഷത്തെ പി.ജി കോഴ്സ് പൂർത്തിയാകും; ആ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനോ മത്സരിക്കാനോ ഞാൻ ഈ കാമ്പസിൽ ഉണ്ടാകില്ല. പക്ഷേ, എനിക്ക് ശേഷം ഇവിടെ പഠിക്കാൻ വരുന്ന അനുജന്മാർക്കും അനുജത്തിമാർക്കും ഇത്രയും കാലം നിഷേധിക്കപ്പെട്ട ജനാധിപത്യ അവകാശവും പ്രതിനിധ്യവും ഇനി അനുഭവിക്കാൻ കഴിയുമല്ലോ എന്നതിലാണ് എന്റെ ഏറ്റവും വലിയ സന്തോഷം."
രണ്ട് വർഷത്തെ ഹ്രസ്വമായ ബിരുദാനന്തര പഠനത്തിനെത്തുന്ന പലരും കാമ്പസിലെ ശാശ്വതമായ പ്രശ്നങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുമ്പോൾ, സ്വന്തം ലാഭേച്ഛകൾക്കപ്പുറം വരുംതലമുറയ്ക്കായി ജനാധിപത്യത്തിന്റെ വിത്തുപാകിയ നൗഷീൻ ഫാറൂഖ് എന്ന ദ്വീപുകാരി പെൺകുട്ടി, ത്യാഗത്തിന്റെയും നേതൃപാടവത്തിന്റെയും ഉജ്ജ്വല മാതൃകയായി ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുകയാണ്.

