ഡി.കെ മന്ത്രിസഭയിലെ രണ്ടാമൻ... ആരാണ് ജി. പരമേശ്വര?
text_fieldsബംഗളൂരു: മുതിർന്ന കോൺഗ്രസ് നേതാവായ ജി. പരമേശ്വര ബുധനാഴ്ച ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പാർട്ടി നേതൃത്വം തന്നെ ഒരു പ്രധാന ഉത്തരവാദിത്തം ഏൽപ്പിച്ചുവെന്നും കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം പൂർണമായും അംഗീകരിക്കുന്നുവെന്നും പരമേശ്വര പറഞ്ഞിരുന്നു. തന്റെ ദീർഘകാല അനുഭവങ്ങളെ അവഗണിക്കുന്നുവെന്ന ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
1951ആഗസ്റ്റ് ആറിന് തുംകൂറിലെ ഗൊല്ലഹള്ളി ഗ്രാമത്തിലാണ് (ഇപ്പോൾ സിദ്ധാർഥ നഗർ) പരമേശ്വരയുടെ ജനനം. മുൻ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായ ഗംഗാമലമ്മ ചിക്കണ്ണയുടെയും എച്ച്.എം. ഗംഗാധരയ്യയുടെയും മൂന്നാമത്തെ മകനാണ് പരമേശ്വര. തുംകൂറിലെ ഗൊല്ലഹള്ളിയിലെയും ഹെഗ്ഗരെയിലെയും സർക്കാർ സ്കൂളുകളിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. 1959ൽ പിതാവ് സ്ഥാപിച്ച സിദ്ധാർത്ഥ നഗറിലെ ശ്രീ സിദ്ധാർത്ഥ ഹൈസ്കൂളിൽ ചേർന്നു. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അദ്ദേഹം തുംകൂറിലെ ഗവൺമെന്റ് പ്രീ യൂനിവേഴ്സിറ്റി കോളജിൽ ചേർന്നു.
തുടർന്ന് ബാംഗ്ലൂരിലെ കാർഷിക ശാസ്ത്ര സർവകലാശാലയിൽ നിന്ന് അഗ്രിക്കൾച്ചറിൽ ബിരുദം നേടി. പിന്നീട് അതേ സർവകലാശാലയിൽ നിന്ന് അഗ്രികൾച്ചറിൽ ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് പരമേശ്വര തുംകൂരിലെ ശ്രീ സിദ്ധാർത്ഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി ജോലി ചെയ്തു. ശേഷം ബംഗളൂരുവിലെ യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചറൽ സയൻസസിൽ റിസർച്ച് അസിസ്റ്റന്റായും സേവനമനുഷ്ഠിച്ചു.
1988ൽ, ശ്രീ സിദ്ധാർത്ഥ മെഡിക്കൽ കോളജ്, ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ സ്ഥാപിക്കുന്നതിൽ അദ്ദേഹം തന്റെ പിതാവിനൊപ്പം ചേർന്നു. പിന്നീട് പരമേശ്വരയുടെ അമ്മയുടെ ഗ്രാമമായ ഗൊല്ലഹള്ളിയിലേക്ക് താമസം മാറി.
2023ൽ പി.ആർ. സുധാകർ ലാലിനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്. സിദ്ധരാമയ്യ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായി. തുടർച്ചയായ രണ്ടുതവണ പാർട്ടി സംസ്ഥാന നേതൃപദവി അലങ്കരിച്ച അദ്ദേഹം കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയിൽ ഏറ്റവും കൂടുതൽ കാലം പ്രസിഡന്റ് സ്ഥാനം വഹിച്ച വ്യക്തി കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

