ആരാണ് പൊതുപ്രവർത്തകൻ?; ‘ഉന്നാവോ’യിൽ വിചിത്രവാദവുമായി പ്രതിഭാഗം അഭിഭാഷകൻ
text_fieldsകുൽദീപ് സിങ് സെൻഗാർ
ന്യൂഡൽഹി: നിയമസഭാംഗം പൊതുപ്രവർത്തകനാണോ? അല്ലെന്നാണ് ഉന്നാവോ കേസിൽ പ്രതിയായ മുൻ എം.എൽ.എ കുൽദീപ് സിങ് സെൻഗാറിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വാദിച്ചത്. ഇതുകേട്ട് കോടതി ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. പോക്‌സോ നിയമത്തിൽ പോലീസ് കോൺസ്റ്റബിൾ പൊതുപ്രവർത്തകന്‍റെ നിർവചനത്തിൽ വരുമെങ്കിലും, നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരംഗം അതിൽ ഉൾപ്പെടാത്തതെന്തേ എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്തും, ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരിയും, എ.ജി. മസീഹും അടങ്ങുന്ന ബെഞ്ചിന് ചോദിക്കേണ്ടിവരുകയും ചെയ്തു.
‘പൊതു പ്രവർത്തകന്റെ നിർവചനത്തെച്ചൊല്ലി പിന്നെ കോടതി വലിയ വാദങ്ങൾക്ക് സാക്ഷ്യം വഹിക്കുകയും ചെയ്തു. പോക്‌സോ നിയമത്തിൽ പൊതുസേവകൻ എന്നതിന് നിർവചനമില്ലെന്നും, സന്ദർഭം അനുസരിച്ചാണ് അതു കണക്കാക്കേണ്ടതെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദത്തിനിടെ പറഞ്ഞു. പോക്‌സോ നിയമത്തിൽ, ഇരയാക്കപ്പെടുന്ന കുട്ടിയുടെ കാര്യത്തിൽ അധികാരവും സ്വാധീനശേഷിയുമുള്ള പദവി വഹിക്കുന്നയാളാണ് പൊതുസേവകന്‍റെ ഗണത്തിൽ വരുക, ആ പദവി ദുരുപയോഗം ചെയ്താൽ കർശന വ്യവസ്ഥകൾ ചുമത്താം.
ആ മേധാവിത്വവും പദവിയുടെ ദുരുപയോഗവുമാണ് ഉന്നാവോ കേസിൽ നടന്നതെന്നായിരുന്നു വാദം. കൃത്യം നടത്തുമ്പോൾ സെൻഗാർ ആ പ്രദേശത്തെ ശക്തനായ, സ്വാധീനശേഷിയുള്ള എം.എൽ.എ ആയിരുന്നു, 16 വയസ്സിൽ താഴെ മാത്രം പ്രായമുള്ള പെൺകുട്ടിയുടെ മേൽ അയാൾ സ്വാധീനശേഷിയും മേധാവിത്വവും ചെലുത്തിയെന്നും സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി. അതിക്രമത്തിന് ഇരയായത് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആയിരിക്കെ പൊതുപ്രവർത്തകൻ ആണോയെന്നത് പ്രസക്തമല്ലെന്ന പരാമർശവും ഉന്നയിക്കപ്പെട്ടു.
ബലാത്സംഗം ചെയ്തത് കുറ്റകൃത്യമാണ്, എന്നാൽ കുറ്റകൃത്യത്തിന്‍റെ തീവ്രത കൂട്ടുന്നത് അധികാര ദുർവിനിയോഗം പോലുള്ള സാഹചര്യങ്ങൾ അനുസരിച്ചാണ്. സോളിസിറ്ററിന്‍റെ വാദങ്ങളെ പ്രതിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ സിദ്ധാർഥ് ദാവെയും എൻ. ഹരിഹരനും ഖണ്ഡിച്ചു. പോക്‌സോ നിയമത്തിൻ കീഴിൽ വരുന്ന തീവ്ര കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ എം.എൽ.എയെ പൊതുപ്രവർത്തകനായി കണക്കാക്കാൻ കഴിയില്ല. ഇന്ത്യൻ ശിക്ഷാ നിയമത്തിൽ എം.എൽ.എ പൊതുപ്രവർത്തകന്‍റെ പരിധിയിൽ വരില്ലെന്നാണ് അവർ വാദിച്ചത്.
നിയമസഭയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ പൊതുപ്രവർത്തകരുടെ നിർവചനത്തിൽനിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നതിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ആശങ്ക പ്രകടിപ്പിച്ചു. ഇത്തരമൊരു കുറ്റകൃത്യത്തിന്‍റെ കാര്യത്തിൽ പൊലീസ് കോൺസ്റ്റബിൾ പോലും പൊതുപ്രവർത്തകന്‍റെ നിർവചനത്തിൽ വരുമ്പോൾ എം.എൽ.എ അത്തരമൊരു വ്യാഖ്യാനത്തിൽ വരാത്തതിൽ ആശങ്കയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പൊതുപ്രവർത്തകന്‍റെ നിർവചനവും പോക്‌സോ നിയമത്തിനു കീഴിൽ അതിന്‍റെ പ്രസക്തിയും സംബന്ധിച്ച് നിശ്ചയദാർഢ്യത്തോടെയുള്ള സമീപനം ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു.
വിചാരണ കോടതി വിധിച്ചതും ഹൈകോടതി മരവിപ്പിച്ചതും
അവശേഷിക്കുന്ന ജീവിതകാലം ജയിലിൽ കഴിയണമെന്ന് വ്യക്തമാക്കിയാണ് വിചാരണ കോടതി സെങ്കറിന് ജീവപര്യന്തം തടവുശിക്ഷ നൽകിയത്. പോക്സോ നിയമപ്രകാരം കുറ്റകൃത്യം നടക്കുന്ന സമയത്ത് പ്രായപൂർത്തിയാകാത്ത ഇരക്ക് മേലുള്ള ലൈംഗികാക്രമണം നടത്തിയത് ഒരു പൊതുപ്രവർത്തകനോ പൊലീസ് ഓഫിസറോ സൈനികനോ സുരക്ഷാ സേനാംഗമോ ആശുപത്രി സ്റ്റാഫോ ജയിൽ സ്റ്റാഫോ ആണെങ്കിൽ അത് തീവ്ര കുറ്റകൃത്യമായി കണക്കാക്കി ജീവപര്യന്തം വരെ നീട്ടാവുന്ന 20 വർഷത്തെ ജയിൽ ശിക്ഷ നൽകും.
നാലുതവണ ബി.ജെ.പി എം.എൽ.എയായിരുന്ന കുൽദീപ് സിങ് സെങ്കറിനെ പൊതുപ്രവർത്തകനായി കണക്കാക്കിയാണ് വിചാരണ കോടതി തീവ്ര കുറ്റകൃത്യത്തിനുള്ള ശിക്ഷ വിധിച്ചത്. എന്നാൽ ജസ്റ്റിസുമാരായ സുബ്രഹ്മണ്യം പ്രസാദ്, ഹരീഷ് വൈദ്യനാഥൻ ശങ്കർ എന്നിവരടങ്ങുന്ന ഡൽഹി ഹൈകോടതി ബെഞ്ച് സെങ്കറിനെ പൊതുപ്രവർത്തകനായി കണക്കാക്കാനാവില്ലെന്നുപറഞ്ഞ് വിചാരണ കോടതി ശിക്ഷ മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തു.
എന്നാൽ, സിറ്റിങ് എം.എൽ.എയായ സെങ്കർ പൊതുസേവകന്റെ നിർവചനത്തിൽ വരില്ലെന്നും അതിനാൽ പോക്‌സോ നിയമത്തിലെ നാലാം വകുപ്പ് പ്രകാരം സംഭവം നടന്ന 2017ലെ ചുരുങ്ങിയ ശിക്ഷയായ ഏഴുവർഷം തടവ് മാത്രം മതിയെന്നും ഹൈകോടതി വ്യക്തമാക്കി. സെങ്കർ ഏഴുവർഷവും അഞ്ച് മാസവും ജയിലിൽ കിടന്നതിനാൽ ശിക്ഷ പൂർത്തിയായെന്ന് പറഞ്ഞാണ് വിചാരണ കോടതിയുടെ ശിക്ഷ മരവിപ്പിച്ച് ജാമ്യം നൽകിയത്. ഇതിനെതിരെയാണ് സി.ബി.ഐ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

