സംഭൽ ഷാഹി ജമാ മസ്ജിദിന്റെ ചുവരുകൾ പെയിന്റടിച്ചു തുടങ്ങി, ഒരാഴ്ച കൊണ്ട് പൂർത്തിയാകും; നടപടി കോടതി ഉത്തരവിന് ശേഷം
text_fieldsസംഭൽ ഷാഹി ജമാ മസ്ജിദ്
ലഖ്നോ: ഉത്തർപ്രദേശിലെ സംഭൽ ഷാഹി ജമാ മസ്ജിന്റെ പുറംചുവരുകൾ വെള്ള പെയിന്റടിക്കാനുള്ള നടപടികൾ തുടങ്ങി. മസ്ജിദിന്റെ പുറംഭാഗം പെയിന്റടിക്കാനും ലൈറ്റുകൾ പിടിപ്പിക്കാനും അനുമതി നൽകിയ അലഹാബാദ് കോടതി വിധിക്ക് പിന്നാലെയാണിത്. മാർച്ച് 12നായിരുന്നു മസ്ജിദിൽ നവീകരണ പ്രവർത്തനങ്ങൾക്ക് കോടതി അനുമതി നൽകിയത്.
തുടർന്ന് മാർച്ച് 13ന് ആർക്കിയോളജിക്കൽ സർവേ അംഗങ്ങൾ മസ്ജിദിൽ പരിശോധന നടത്തുകയും ചെയ്തു. ഒരാഴ്ചക്കുള്ളിൽ മസ്ജിദിലെ പെയിന്റടി പൂർത്തീകരിക്കാനാകുമെന്നാണ് ആർക്കിയോളജിക്കൽ സർവേ അധികൃതർ പറയുന്നത്. എട്ടുപേരാണ് ജോലിക്കുള്ളത്.
മസ്ജിദിന്റെ പുറംചുമരിൽ വെള്ള പെയിന്റടിച്ചാൽ എന്താണ് പ്രശ്നമെന്ന് അലഹാബാദ് ഹൈകോടതി ആർക്കിയോളജിക്കൽ സർവേ അധികൃതരോട് ചോദിച്ചിരുന്നു. പെയിന്റടിക്കാൻ അനുമതി തേടി മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹരജി പരിഗണിക്കവേ ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാൾ ആയിരുന്നു ചോദ്യമുന്നയിച്ചത്.
മസ്ജിദിന്റെ ഉൾഭാഗം സെറാമിക് പെയിന്റാണെന്നും നിലവിൽ വെള്ള പെയിന്റടിക്കേണ്ടതില്ലെന്നുമായിരുന്നു എ.എസ്.ഐ റിപ്പോർട്ട്. എന്നാൽ, പുറംചുമരിൽ വെള്ള പെയിന്റടിക്കുകയും വിളക്കുകളുടെ പ്രവൃത്തി നടത്തുകയും മാത്രമാണ് ആവശ്യമെന്ന് വെള്ളിയാഴ്ച മസ്ജിദ് കമ്മിറ്റിക്കുവേണ്ടി ഹാജരായ എസ്.എഫ്.എ. നഖ്വി ബോധിപ്പിച്ചു.
കഴിഞ്ഞ വർഷം നവംബർ 24നായിരുന്നു സംഭലിൽ അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്. സംഭൽ ജമാ മസ്ജിദിൽ കോടതി നിർദേശപ്രകാരം നടത്തിയ സർവേക്കിടെയുണ്ടായ സംഘർഷത്തിൽ നാലുപേർ കൊല്ലപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥരടക്കം നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ കേസിന്റെ അടുത്ത വാദം കേൾക്കൽ ഏപ്രിൽ എട്ടിനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

