കോൺഗ്രസ് തന്റെ ശവക്കുഴി തോണ്ടുന്ന തിരക്കിൽ, താൻ വികസനത്തിന്റെയും -മോദി
text_fieldsബംഗളൂരു-മൈസൂരു അതിവേഗപാതയുടെ ഉദ്ഘാടനച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു
ബംഗളൂരു: കോൺഗ്രസും പ്രതിപക്ഷപാർട്ടികളും തന്റെ ശവക്കുഴി തോണ്ടുന്നത് സ്വപ്നം കാണുന്ന തിരക്കിലാണെന്നും എന്നാൽ താൻ എക്സ്പ്രസ് വേ പണിയുന്നതടക്കം രാജ്യത്തിന്റെ വികസനകാര്യങ്ങളുടെ തിരക്കിലാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കോൺഗ്രസ് നേതാക്കളുടെ ‘മോദി തേരി കബർ ഖുദേഗി’ (മോദി നിങ്ങളുടെ ശവക്കുഴി തോണ്ടും) എന്ന മുദ്രാവാക്യത്തെയാണ് മോദി പരിഹസിച്ചത്.
പാവപ്പെട്ടവരുടെ ക്ഷേമത്തിനായാണ് താൻ പ്രവർത്തിക്കുന്നതെന്നും രാജ്യത്തെ കോടിക്കണക്കിന് അമ്മമാരുടെയും സഹോദരിമാരുടെയും അനുഗ്രഹമാണ് തന്റെ സുരക്ഷാകവചമെന്ന് കോൺഗ്രസുകാർക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിലെ മാണ്ഡ്യ മദ്ദൂർ ഗജ്ജലക്കെരെയിൽ നടന്ന ചടങ്ങിൽ 118 കിലോമീറ്ററുള്ള ബംഗളൂരു-മൈസൂരു പത്തുവരി അതിവേഗപാതയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മോദി. കർണാടകയുടെ അതിവേഗത്തിലുള്ള വികസനത്തിന് ഡബിൾ എൻജിൻ സർക്കാറാണ് വേണ്ടത്. മേയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ ഈ വർഷം നടത്തിയ ആറാമത്തെ സന്ദർശനത്തിൽ മോദി പറഞ്ഞു.
കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ഇരട്ട എൻജിൻ സർക്കാർ ജനങ്ങളുടെ വികസനപ്രവൃത്തികൾ നടത്തുമ്പോൾ കോൺഗ്രസും സഖ്യകക്ഷികളും മോദിയുടെ ഖബർ കുഴിക്കുന്ന തിരക്കിലാണ്. എന്നാൽ മോദിയാകട്ടെ പാവപ്പെട്ടവന്റെ കണ്ണീരൊപ്പാനുള്ള തിരക്കിലും. കോടിക്കണക്കിന് അമ്മമാർ, സഹോദരികൾ, മക്കൾ, മറ്റ് ജനങ്ങൾ എന്നിവരാണ് തന്റെ രക്ഷക്കുള്ളത്. അതിവേഗപ്പാത ഇരു നഗരങ്ങൾക്കിടയിലുമുള്ള ദൂരം മൂന്നുമണിക്കൂറിൽനിന്ന് 75 മിനിറ്റാക്കി കുറക്കും. ജനങ്ങളുമൊത്തുള്ള സർക്കാറിന്റെ വികസനപ്രവൃത്തികളുടെ ഉദാഹരണമാണിത്. ബി.ജെ.പി സർക്കാർ എല്ലാ പണവും ജനങ്ങളുടെ വികസനത്തിനായാണ് ഉപയോഗിക്കുന്നത്. എന്നാൽ കോൺഗ്രസ് സർക്കാർ ആയിരക്കണക്കിന് കോടികൾ കൊള്ളയടിക്കുകയാണ് ചെയ്തത്. കോൺഗ്രസ് ഒരിക്കലും ജനങ്ങളുടെ വേദനകളും വികാരങ്ങളും പരിഗണിക്കുന്നില്ല. 2014ൽ നിങ്ങളെ സേവിക്കാനുള്ള അവസരം നിങ്ങൾ എനിക്ക് നൽകി. ജനങ്ങളുടെ വേദന മനസ്സിലാക്കുന്ന സർക്കാറിന്റെ രൂപവത്കരണമാണ് പിന്നീട് നടന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി, സുമലത എം.പി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

