ഏത് തടാകമാണ് കണ്ണുനീർ തടാകം എന്നറിയപ്പെടുന്നത്; അതിന്റെ കാരണം?
text_fieldsലോക്തക് തടാകം
മണിപ്പൂരിലെ കുന്നുകളിൽ മറഞ്ഞിരിക്കുന്ന ഒരു തടാകമുണ്ട്. ഇന്ത്യയിൽ കൂടുതൽ പേർക്കും ഇതിനെക്കുറിച്ച് അധികമൊന്നും അറിയില്ല. ലോക്തക് തടാകം എന്നാണ് ഈ തടാകത്തിന്റെ പേര്. കണ്ണുനീർ തടാകം എന്ന പേരിലും അറിയപ്പെടുന്നു. പേരിൽ കുറച്ച് സങ്കടം കലർന്നിട്ടുണ്ടെങ്കിലും ഈ തടാകം ശാന്തവും മനോഹരവുമാണ്. വടക്കു കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ് ലോക്തക് തടാകം. ഋതുക്കൾക്കനുസരിച്ച് അതിന്റെ വലിപ്പം മാറുന്നു. നൂറുകണക്കിന് ചതുരശ്ര കിലോമീറ്റർ വ്യാപിച്ചു കിടക്കുന്നതാണിത്. അകലെ നിന്ന് നോക്കുമ്പോൾ ഈ തടാകം പച്ചയും നീലയും കലർന്ന ഒരു ചിത്രം പോലെ കാണപ്പെടുന്നു. വെള്ളത്തിൽ മേഘങ്ങളും കുന്നുകളും പ്രതിഫലിക്കുന്നു.
എന്തുകൊണ്ടാണ് ഇതിനെ കണ്ണുനീർ തടാകം എന്നു വിളിക്കുന്നത്?
പ്രാദേശിക ഐതിഹ്യങ്ങളിൽ നിന്നും തടാകവുമായി ആളുകൾ പങ്കിടുന്ന വൈകാരിക ബന്ധത്തിൽ നിന്നുമാണ് ഈ പേര് ഉരുത്തിരിഞ്ഞത്. തലമുറകളായി മണിപ്പൂരിലെ ജനങ്ങൾ നേരിടുന്ന വെള്ളപ്പൊക്കം, സംഘർഷങ്ങൾ, പോരാട്ടങ്ങൾ എന്നിവക്ക് ലോക്തക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. പല കുടുംബങ്ങളും അതിജീവനത്തിനായി പൂർണമായും തടാകത്തെയാണ് കാലക്രമേണ, മനുഷ്യന്റെ വേദനയ്ക്കും പ്രകൃതിക്കും ഇടയിലുള്ള ഈ ആഴത്തിലുള്ള ബന്ധം കാണിക്കുന്നതിനായി കവികളും എഴുത്തുകാരും ഇതിനെ കണ്ണുനീർ തടാകം എന്ന് വിളിക്കാൻ തുടങ്ങി.
ലോക്തക് തടാകത്തെക്കുറിച്ചുള്ള ഏറ്റവും രസകരമായ വസ്തുതകളിലൊന്ന് ഫുംഡിസ് എന്നറിയപ്പെടുന്ന അതിലെ പൊങ്ങിക്കിടക്കുന്ന ദ്വീപുകളാണ്. പ്രകൃതിദത്ത ചങ്ങാടങ്ങൾ പോലെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന സസ്യങ്ങളുടെയും മണ്ണിന്റെയും വേരുകളുടെയും കട്ടിയുള്ള കൂട്ടങ്ങളാണിവ. ചിലത് വളരെ വലുതായതിനാൽ ആളുകൾ അവയിൽ ചെറിയ കുടിലുകളിലാണ് താമസിക്കുന്നത്.
ഈ ഒഴുകുന്ന ദ്വീപുകളിലാണ് ലോകത്തിലെ ഏക ഒഴുകുന്ന ദേശീയോദ്യാനമായ കെയ്ബുൾ ലംജാവോ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. 'മണിപ്പൂരിലെ നൃത്തം ചെയ്യുന്ന മാൻ'എന്നറിയപ്പെടുന്ന സാൻഗായ് മാനുകളുടെ ആവാസ കേന്ദ്രമാണിത്. മൃദുവായ ഫുംഡികളിൽ മാൻ നടക്കുമ്പോൾ അത് നൃത്തം ചെയ്യുന്നതുപോലെ നമുക്ക് തോന്നും.
ലോക്തക് തടാകം ആയിരക്കണക്കിന് ആളുകളുടെ ജീവനാഡിയാണ്. മത്സ്യത്തൊഴിലാളികൾ എല്ലാ ദിവസവും രാവിലെ ഇവിടെ മീൻ പിടിക്കാൻ എത്തുന്നു. കർഷകർ കൃഷിക്കായി ഇതിലെ വെള്ളമെടുക്കുന്നു. എന്നാൽ തടാകം ഇപ്പോൾ അപകടത്തിന്റെ വക്കിലാണ്. മലിനീകരണം, ജലനിരപ്പിലെ മാറ്റങ്ങൾ, മനുഷ്യന്റെ സമ്മർദം എന്നിവ തടാകത്തെ ബാധിക്കുന്നുണ്ട്.
ലോക്തക് തടാകം സംരക്ഷിക്കുന്നതിനും അവബോധം പ്രചരിപ്പിക്കുന്നതിനുമായി പ്രാദേശിക സമൂഹങ്ങളും വിദ്യാർത്ഥികളും പരിസ്ഥിതി ഗ്രൂപ്പുകളും പ്രവർത്തിക്കുന്നത് പ്രതീക്ഷക്ക് വകനൽകുന്നുണ്ട്.
തടാകങ്ങൾ വെറും ജലാശയങ്ങളല്ല. അവ കഥകളും വികാരങ്ങളും ജീവിതങ്ങളും വഹിക്കുന്നുണ്ട്. പ്രകൃതിയെ ബഹുമാനിച്ചാൽ അത് നമ്മെ സംരക്ഷിക്കുമെന്നാണ് ഈ തടാകം നമ്മെ ഓർമപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

