‘‘ഹെൽമറ്റ് എവിടെ സാറേ..?’’ പിഴ ഈടാക്കിയ പൊലീസുകാരനെതന്നെ ചോദ്യം ചെയ്ത് യുവാവ്; സമൂഹ മാധ്യമങ്ങളിൽ വൈറലായി വിഡിയോ
text_fieldsപ്രയാഗ്‌രാജ്: റോഡിലെ നിയമങ്ങൾ സാധാരണക്കാർക്കും പൊലീസിനും ഒരുപോലെയാണെന്ന വസ്തുത തുറന്നുകാട്ടിയതിന് പിഴ ഒടുക്കേണ്ടി വന്നിരിക്കുകയാണ് യു.പിയിലെ ഒരു യുവാവ്. ഹെൽമറ്റില്ലാതെ ബൈക്കോടിച്ച സബ് ഇൻസ്പെക്ടറെ പരസ്യമായി ചോദ്യം ചെയ്യുന്ന പ്രയാഗ്‌രാജിലെ ഒരു യുവാവിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുക്കുകയാണ്. എന്നാൽ, തെറ്റ് തിരുത്തുന്നതിന് പകരം പൊലീസിനെ ചോദ്യംചെയ്തതിന് യുവാവിൽനിന്ന് 6,000 രൂപ പിഴ ഈടാക്കുകയാണ് ചെയ്തത്. നിരുത്തരവാദപരമായ ഈ പൊലീസ് നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.
രണ്ട് ട്രാഫിക് നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ട്രാഫിക് പൊലീസ് മോട്ടോർ സൈക്കിൾ യാത്രികന് പിഴ ചുമത്തിയത്. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാത്തതിന് 5,000 രൂപയും, ഹെൽമറ്റ് ധരിക്കാത്തതിന് 1,000 രൂപയും ഉൾപ്പെടെയാണ് ആകെ 6,000 രൂപയുടെ ചലാൻ നൽകിയത്. പിഴ ഈടാക്കിയതിന് പിന്നാലെയാണ് സമീപത്തുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ ഹെൽമറ്റില്ലാതെ യാത്ര ചെയ്യാനൊരുങ്ങുന്നത് യുവാവിന്റെ ശ്രദ്ധയിൽ പെട്ടത്.
"നിങ്ങളുടെ ഹെൽമറ്റ് എവിടെ?" എന്ന് യുവാവ് ഉദ്യോഗസ്ഥനോട് നേരിട്ട് ചോദിച്ചതോടെയാണ് തർക്കം തുടങ്ങിയത്. എന്നാൽ "തന്റെ ഹെൽമറ്റ് നഷ്ടപ്പെട്ടു" എന്നായിരുന്നു പൊലീസുകാരന്റെ മറുപടി. ഈ മറുപടിയിൽ തൃപ്തനാകാതെ, ട്രാഫിക് നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമായിരിക്കണമെന്ന് യുവാവ് വാദിച്ചു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും യുവാവ് ഇത് ഫോണിൽ പകർത്തുകയുമായിരുന്നു. വാക്കേറ്റത്തിനിടയിൽ യുവാവ് തന്നോട് അനാദരവ് കാണിക്കുകയാണെന്ന് ആരോപിച്ച ഉദ്യോഗസ്ഥൻ, മൊബൈൽ ഫോൺ പിടിച്ചെടുക്കാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം.
അനുജ് അഗ്നിഹോത്രി എന്ന എക്സ് ഉപയോക്താവാണ് ഈ വിഡിയോ പങ്കുവെച്ചത്. ട്രാഫിക് നിയമങ്ങൾ നടപ്പിലാക്കാൻ ബാധ്യസ്ഥരായ ഉദ്യോഗസ്ഥർതന്നെ അത് ലംഘിക്കുമ്പോൾ എന്തുകൊണ്ട് അവർക്കെതിരെ നടപടിയുണ്ടാകുന്നില്ലെന്ന് നിരവധി പേർ ചോദ്യം ചെയ്തു. നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും അത് നടപ്പാക്കേണ്ട ആവശ്യകതയും ചൂണ്ടിക്കാട്ടി സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

