Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വനിതാ മന്ത്രി എപ്പോൾ? കർണാടകയുടെ കാത്തിരിപ്പ് നീളുന്നു

text_fields
bookmark_border
https://www.madhyamam.com/tags/karnataka-cabinet
cancel
camera_alt

കർണാടക മന്ത്രിമാർ 

ബംഗളൂരു: കർണാടക നിയമസഭയുടെ വർഷകാല സമ്മേളനം തുടങ്ങി ഒരാഴ്ചയായപ്പോഴും സംസ്ഥാനത്ത് ഉയരുന്നത് വനിതാ മന്ത്രിയെ കുറിച്ചുള്ള ചോദ്യങ്ങൾ. മന്ത്രിസഭയിൽ ഒരു വനിത പോലും ഇല്ലാതെയാണ് കഴിഞ്ഞ 13ന് നിയമസഭ സമ്മേളനം ആരംഭിച്ചത്. 27 വരെ സഭ സമ്മേളിക്കുമെങ്കിലും ഇതിനിടയിൽ വനിത മന്ത്രിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമോ എന്നതിൽ അനിശ്ചിതത്വം തുടരുകയാണ്.

ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ 33 അംഗങ്ങളാണുള്ളത്. മന്ത്രിസഭയിലെ അവശേഷിക്കുന്ന ഒരു ഒഴിവിലേക്ക് വനിത അംഗത്തെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് കോൺഗ്രസ് നേതൃത്വത്തിന് ഇതുവ​രെ അന്തിമ തീരുമാനത്തിലെത്താൻ കഴിഞ്ഞിട്ടില്ല. മന്ത്രിസഭാ വികസനവും വകുപ്പുകളുടെ വിഭജനവും സംബന്ധിച്ച തർക്കങ്ങളും നിലനിൽക്കുകയാണ്. മന്ത്രിസ്ഥാനം ലഭിക്കാത്തതിലും പ്രധാനപ്പെട്ട വകുപ്പുകൾ ലഭിക്കാത്തതിലും അതൃപ്തരായവർ പുറമേ. മന്ത്രിസഭ വികസന കൂടിയാലോചനകൾക്കായി ഡി.കെ. ശിവകുമാർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്ക് പലതവണ ഡൽഹിയിൽ തങ്ങേണ്ടിയും വന്നു.

നിലവിൽ, വനിതാ പ്രാതിനിധ്യവും പിന്നാക്ക വിഭാഗമായ കുറുബ സമുദായ പ്രാതിനിധ്യവും ഒരുമിച്ച് പരിഹരിക്കുന്നതിനുള്ള വഴികൾ തേടുകയാണ് ഹൈക്കമാൻഡ്. മറ്റു മന്ത്രിസ്ഥാനങ്ങളെല്ലാം ഇതിനകം നികത്തിയ സാഹചര്യത്തിൽ, ബാക്കിയുള്ള ഏക സീറ്റിൽ ആരെ ഉൾപ്പെടുത്തണം എന്നതിൽ വിവിധങ്ങളായ പരിഗണനകൾ പരിശോധിച്ചുവരികയാണെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു.

സാമൂഹികക്ഷേമ മന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ കെ.എച്ച്. മുനിയപ്പയോട് മന്ത്രിസ്ഥാനം രാജിവെക്കാൻ ആവശ്യപ്പെടുകയും, അദ്ദേഹത്തിന്റെ മകളും കെ.ജി.എഫിൽ നിന്നുള്ള എം.എൽ.എയുമായ രൂപകല ശശിധറിനെ മന്ത്രിയായി നിയമിക്കുകയും ചെയ്യുക എന്നതാണ് ഒരു നിർദേശം. ഇത് വനിതാ പ്രാതിനിധ്യമെന്ന ആവശ്യം നിറവേറ്റുന്നതിനൊപ്പം, ഒഴിവുവരുന്ന സ്ഥാനത്ത് കുറുബ നേതാവായ ബസവരാജ് ശിവണ്ണവരെ ഉൾപ്പെടുത്തുന്നതിലൂടെ സാമുദായിക പ്രാതിനിധ്യവും പരിഹരിക്കാൻ കഴിയും. എന്നാൽ, മറ്റൊരാൾക്ക് വഴിമാറിക്കൊടുക്കാൻ മന്ത്രിയോട് രാജി ആവശ്യപ്പെടുന്നതിലെ പ്രശ്നങ്ങളുമുണ്ട്.

ചിക്ക്മഗളൂരുവിൽ നിന്നുള്ള നിയമസഭ കൗൺസിൽ അംഗവും കുറുബ നേതാവുമായ ഗായത്രി ശാന്തേഗൗഡയെ മന്ത്രിയാക്കുക എന്നതാണ് മറ്റൊരു പരിഗണന. ഇവരെ ഉൾപ്പെടുത്തുന്നതിലൂടെ സ്ത്രീ പ്രാതിനിധ്യവും കുറുബ സമുദായ പ്രാതിനിധ്യവും ഒരുമിച്ച് പരിഹരിക്കാൻ കഴിയുമെന്നാണ് പാർട്ടി വിലയിരുത്തൽ. ഇതിലും തീരുമാനമായിട്ടില്ല.

രണ്ടാഴ്ച മുമ്പ് നടത്തിയ മന്ത്രിസഭ വികസനത്തിൽ ശാന്തേഗൗഡയുടെ പേരും മന്ത്രിമാരുടെ പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിർദേശപ്രകാരം അവർ ചുമതലയേൽക്കാൻ തയാറായില്ല. നിലവിൽ കുറുബ സമുദായത്തിൽ നിന്നുള്ള യതീന്ദ്ര സിദ്ധരാമയ്യയും (സിദ്ധരാമയ്യയുടെ മകൻ) കൗൺസിലിൽ നിന്നുള്ള പ്രതിനിധിയായതിനാലാണിത്. എം.എൽ.എമാരിൽ നിന്നുള്ള ബസവരാജ് ശിവണ്ണവരെ മന്ത്രിയാക്കണമെന്നായിരുന്നു സിദ്ധരാമയ്യയുടെ ആവശ്യം.

ബെളഗാവി റൂറലിനെ പ്രതിനിധീകരിക്കുന്ന ലക്ഷ്മി ആർ. ഹെബ്ബാൾകർ ആയിരുന്നു സിദ്ധരാമയ്യ മന്ത്രിസഭയിലെ ഏക വനിത മന്ത്രി. 2023ലെ തെരഞ്ഞെടുപ്പിൽ 224ൽ 135 സീറ്റ് നേടിയാണ് കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story