രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല, പക്ഷേ ഏഴുവയസുകാരന്‍റെ അപ്രതീക്ഷിത മരണത്തിനും കോവിഡ് വില്ലൻ
text_fieldsശ്രേയഷും പിതാവ് രാജുവും
മുംബൈ: 'എന്‍റെ കുഞ്ഞിനെ നഷ്ടപ്പെട്ടു, മറ്റൊരു മാതാപിതാക്കൾക്കും ഈ ഗതി വരുത്തരുതെന്നാണ് എന്‍റെ പ്രാർഥന' -ഏഴുവയസുകാരനായ മകൻ ശ്രേയഷിനെ നഷ്ടപ്പെട്ട പിതാവ് രാജു വോർക്കട്ടെയുടെ വാക്കുകളാണിത്. 33കാരനായ രാജുവിന് ജൂലൈ ഏഴിനാണ് മകനെ നഷ്ടമായത്. കാരണം കുട്ടികളിലെ മൾട്ടിസിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോം (എം.ഐ.എസ് -സി).
കോവിഡ് അനുബന്ധ രോഗാവസ്ഥയാണിത്. കോവിഡിനൊപ്പമോ കോവിഡിന് ശേഷമോ കുട്ടികളിലും കൗമാരക്കാരിലും വളരെ വിരളമായി ഇവ കണ്ടുവരുന്നു. പൻവേൽ മുനിസിപ്പൽ കോർപറേഷനിലെ കാലാംബോലിയിലാണ് രാജുവിന്‍റെയും കുടുംബത്തിന്‍റെയും താമസം. കുഞ്ഞിന് കോവിഡ് പോസിറ്റീവാകുകയോ മറ്റു ലക്ഷണങ്ങളോ ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് രാജു പറയുന്നു.
കുഞ്ഞിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് മണിക്കൂറികൾക്കകം ആരോഗ്യനില വഷളാകുകയും മൂന്നാംക്ലാസുകാരൻ മരണത്തിന് കീഴടങ്ങുകയും ചെയ്തത് മാതാപിതാക്കൾക്കൊപ്പം ഡോക്ടർമാരിലും ഞെട്ടലുണ്ടാക്കിയിരുന്നു. നാലുവയസുകാരി ശ്വേതക്കും സഹോദരന്‍റെ മരണം താങ്ങാനായില്ല. കുഞ്ഞ് മരിച്ചതോടെ കാരണം അറിയാതെ കുഴങ്ങുകയായിരുന്നു എല്ലാവരും.
ജൂലൈ രണ്ടിന് ശ്രേയഷിന് പനിയുണ്ടായിരുന്നു. തുടർന്ന് മാതാവ് കുഞ്ഞിന് പതിവായി പനിക്കും മറ്റും നൽകുന്ന മരുന്നുകൾ നൽകി. ഇതോടെ പനി കുറയുകയും കുട്ടി കളിക്കാൻ പോകുകയും ചെയ്തു.
ശനിയാഴ്ച രാവിലെ അഞ്ചരയോടെ ശ്രേയഷിന് വീണ്ടും പനി തുടങ്ങി. 'പനിക്കുള്ള മരുന്ന് വീണ്ടും നൽകിയപ്പോൾ കുറഞ്ഞു. എന്നാൽ അവൻ ഛർദിക്കാൻ തുടങ്ങി. ഇതോടെ സമീപത്തെ കുട്ടികളുടെ ഡോക്ടറുടെ അടുത്തെത്തിച്ചു. ഭക്ഷ്യവിഷബാധയാണെന്നായിരുന്നു കരുതിയത്. അതിനുമുമ്പത്തെ ദിവസം ശ്രേയഷ് പുറത്തുനിന്ന് ഭക്ഷണം കഴിച്ചിരുന്നു. ഡോക്ടർ പരിശോധിച്ചശേഷം കുട്ടിയെ നിരീക്ഷണത്തിലാക്കി. 104 ഡിഗ്രി പനിയുണ്ടെന്നല്ലാതെ മറ്റു പ്രശ്നങ്ങളൊന്നും അവന് ഇല്ലായിരുന്നു. എന്നാൽ ശനിയാഴ്ച വൈകിേട്ടാടെ കുട്ടിയുടെ ആരോഗ്യനില വഷളാകുകയും അബോധാവസ്ഥയിലാകുകയുമായിരുന്നു. തുടർന്ന് കുട്ടിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ആശുപത്രിയിൽവെച്ച് കുഞ്ഞിനെ കോവിഡ് പരിശോധനക്ക് ഉൾപ്പെടെ വിധേയമാക്കുകയും ചെയ്തിരുന്നു. കുട്ടിക്ക് മറ്റു രോഗലക്ഷണങ്ങളില്ല, എന്നാൽ കുട്ടികളിലെ മൾട്ടിസിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോമാണെന്ന് കണ്ടെത്തുകയായിരുന്നു' -രാജു പറഞ്ഞു.
ഉടൻതന്നെ, കുഞ്ഞിന് കുത്തിവെയ്പ്പ് അടക്കം നൽകിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. കുട്ടികളിൽ എം.ഐ.എസ് -സി ചെറിയ പനിയുടെ രൂപത്തിലാണ് കണ്ടുവരുന്നത്. ചിലപ്പോൾ കുറച്ചുദിവസങ്ങളോളം നീണ്ടുനിൽക്കാം. എന്നാൽ, ഇത് ബാധിച്ചുള്ള മരണം അസാധാരണമാണെന്ന് ഡോക്ടർമാർ പറയുന്നു.
കുട്ടിക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. ശ്രേയക്കൊപ്പമായിരുന്നു അവന്‍റെ കളികളും. മുത്തശ്ശനോ മുത്തശ്ശിയോ കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ചിലപ്പോൾ മാസങ്ങൾക്ക് മുമ്പ് കോവിഡ് ലക്ഷണങ്ങൾ കാണിച്ചിരിക്കാം അതാണ് രോഗാവസ്ഥക്ക് കാരണമായതെന്നും രാജു കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

