Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്തിലെ ആ...

ഗുജറാത്തിലെ ആ കൗമാരക്കാരിയുടെ ആത്മഹത്യയുടെ പിന്നി​ലെ കാരണമെന്ത്?; ‘അസ്വസ്ഥ ബാധിത പ്രദേശ നിയമം’ മുസ്‍ലിംകളെ ചങ്ങലക്കിടുന്ന വിധം

text_fields
bookmark_border
ഗുജറാത്തിലെ ആ കൗമാരക്കാരിയുടെ ആത്മഹത്യയുടെ പിന്നി​ലെ കാരണമെന്ത്?;  ‘അസ്വസ്ഥ ബാധിത പ്രദേശ നിയമം’ മുസ്‍ലിംകളെ ചങ്ങലക്കിടുന്ന വിധം
cancel

ഒരു മാസം മുമ്പാണ് അഹമ്മദാബാദിലെ ഗോമതിപൂരിലെ ഒരു വീട്ടിൽ 15കാരി ആത്മഹത്യ ചെയ്തത്. സാനിയ അൻസാരിയുടെ ആത്മഹത്യാ കുറിപ്പിൽ കാരണക്കാരെ പരാമർശിച്ചിരുന്നു. അത് അവർ വാങ്ങിയ വീടിന്റെ പഴയ ഉടമസ്ഥ​രെക്കുറിച്ചായിരുന്നു.

ആഗസ്റ്റ് 9നായിരുന്നു സാനിയ അൻസാരി തകർന്ന കുടുംബത്തെക്കുറിച്ചും ‘അസ്വസ്ഥ ബാധിത പ്രദേശ നിയമ’ത്തെക്കുറിച്ചുമുള്ള ചോദ്യങ്ങൾ അവശേഷിപ്പിച്ചുകൊണ്ട് സ്വയം ജീവിതം അവസാനിപ്പിച്ചത്. അൻസാരി കുടുംബം സ്വന്തം അയൽപക്കത്ത് ഒരു വീടു വാങ്ങിയതുമൂലം ഗുജറാത്തിലെ കുപ്രസിദ്ധമായ നിയമത്തി​ന്റെ നിഴലിൽ മാസങ്ങളോളം പീഡനത്തിനും അക്രമത്തിനും ഭീഷണിക്കും ഇരകളാക്കപ്പെട്ടു. മുസ്‍ലിംകളായ വാങ്ങലുകാരും ഹിന്ദുക്കളായ വിൽപ്പനക്കാരും തമ്മിലുള്ള സംഘർഷം അവസാനിച്ചത് ഒരു ദുരന്തത്തിലാണ്. അവരുടെ കൗമാരക്കാരിയായ മകൾ ആത്മഹത്യ ചെയ്തു.

സാനിയയുടെ സഹോദരി റിഫത്ത് ജഹാൻ ആ സംഭവം വിവരിച്ചു. ഒരു ഹിന്ദു അയൽവാസിയിൽനിന്ന് 15.5 ലക്ഷം രൂപക്ക് ഒരു വീട് വാങ്ങിയതിനെത്തുടർന്ന് ഞങ്ങളുടെ ജീവിതം തലകീഴായി മറിഞ്ഞു. 2024 ഡിസംബറോടെ തന്നെ അവർ പണം മുഴുവൻ നൽകി. എന്നാൽ ഔപചാരിക കൈമാറ്റം നടക്കുന്നതിന് മുമ്പ് വിൽപനക്കാരിയുടെ ഭർത്താവ് മരിച്ചു. ദുഃഖാചരണം അവസാനിച്ചിട്ടും അവരുടെ മകൻ വീട് ഒഴിയാൻ കൂട്ടാക്കിയില്ല. ഇത് ഒരു തർക്കത്തിന് കാരണമായി. അൻസാരികൾ നിലവിൽ താമസിക്കുന്ന വീടിനു മുന്നിലുള്ള ഈ വീട് പ്രാദേശിക ഹിന്ദുത്വ ഗ്രൂപ്പുകളിൽ നിന്ന് തർക്കത്തിന്റെയും വിദ്വേഷത്തിന്റെയും കേന്ദ്രമായി അതിവേഗം വളർന്നു.

അൻസാരി കുടുംബം വിൽപ്പനക്കാരായ സുമൻ സോനാവ്‌ദെയോട് വീട് തങ്ങൾക്ക് കൈമാറുന്നതിനെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം, ഇപ്പോഴും അവർ തന്നെയാണ് യഥാർഥ ഉടമകളെന്നു പറഞ്ഞ് മുഴുവൻ പണവും ലഭിച്ചിട്ടും മാറാതെ ഒഴികഴിവുകൾ കണ്ടെത്തി. ‘അസ്വസ്ഥ ബാധിത പ്രദേശ നിയമ’ത്തെ ഉദ്ധരിച്ച് കരാർ റദ്ദാക്കുമെന്ന് സോനാവ്‌ദെയുടെ മകൻ ദിനേശ് കുടുംബത്തെ ഭീഷണിപ്പെടുത്തിയതായി അൻസാരികൾ പറഞ്ഞു.

ആഗസ്റ്റ് 7ന് വിൽപനക്കാരന്റെ മകന്റെ നേതൃത്വത്തിൽ ഒരു കൂട്ടം പ്രാദേശിക വലതുപക്ഷക്കാർ അവരുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി. അവർ സാനിയയെ മുടിയിൽ പിടിച്ചു വലിച്ചു. അടിക്കുകയും ചവിട്ടുകയും ചെയ്തു. ആരെങ്കിലും തങ്ങളെ രക്ഷിക്കാനെത്തുമെന്നും സഹായിക്കുമെന്നുമുള്ള പ്രതീക്ഷ അസ്ഥാനത്തായി. രണ്ട് ദിവസത്തിനുശേഷം സാനിയ നാല് വ്യക്തികളുടെ പേരുകൾ എഴുതി വച്ച ഒരു ആത്ഹമത്യ കുറിപ്പ് തയ്യാറാക്കി. വീടു നൽകാതെ തന്റെ കുടുംബത്തിന്റെ പണം അവർ കൈക്കലാക്കിയെന്നും മാസങ്ങളോളം അവരെ പീഡിപ്പിച്ചെന്നും കുറിപ്പിൽ ആരോപിക്കുന്നു.

എന്താണ് അസ്വസ്ഥ ബാധിത പ്രദേശ നിയമം?

സാമുദായികമായി ‘സെൻസിറ്റീവ്’ ആയ പ്രദേശങ്ങളിലെ സ്വത്തുക്കളുടെ ‘ദുരിത വിൽപന’ തടയുന്നതിനായി 1991ൽ ഗുജറാത്ത് കൊണ്ടുവന്ന ഒരു നിയമമായ ‘ഡിസ്റ്റർബേർഡ് ഏരിയാസ് ആക്ടാണ്’ ഈ തർക്കത്തിന്റെ കാതൽ. ഈ നിയമപ്രകാരം, ഇത്തരം സ്ഥലങ്ങളിൽ സ്വത്തുക്കൾ വിൽപ്പന നടത്തുന്നതിന് ജില്ലാ കലക്ടറുടെ മുൻകൂർ അനുമതി ആവശ്യമാണ്. എന്നാൽ, മുസ്‍ലിം കുടുംബങ്ങൾ ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിലേക്ക് മാറുന്നത് തടയുന്നതിനുള്ള ഒരു ഉപകരണമായി ഇത് മാറിയിട്ടുണ്ടെന്ന് വിമർശകർ വാദിക്കുന്നു. അതിനെ സാധൂകരിക്കുന്ന സംഭവങ്ങളിലൊന്നാണ് അൻസാരി കുടുംബത്തിന്റേത്. സാനിയയുടെ കേസിൽ, ഈ നിയമപ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും അവരുടെ വാങ്ങൽ അസാധുവാക്കപ്പെടുമെന്നും അയൽക്കാർ ഭീഷണിപ്പെടുത്തി. ഇത് കുടുംബത്തെ നിസ്സഹായാവസ്ഥയിലേക്ക് തള്ളിയിടുകയും പൊലീസ് നടപടിക്കായി കൂടുതൽ സമ്മർദ്ദം ചെലുത്തുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്തു.

മുസ്‍ലിംകൾ ഗെട്ടോകളിൽ നിന്ന് മാറി സ്ഥലങ്ങളുടെ അവകാശം നേടുന്നതിനെതിരായ പ്രവർത്തനങ്ങളെ ഇത്തരം നിയമം സധൂകരിക്കുകയാണെന്ന് സാനിയയുടെ കേസ് നിരീക്ഷിച്ച സാമൂഹിക പ്രവർത്തകനായ കലീം സിദ്ദിഖി പറയുന്നു. ‘ദുർബല കുടുംബങ്ങളെ സംരക്ഷിക്കുന്നതിനുപകരം അവർക്ക് സ്വതന്ത്ര്യം നിഷേധിക്കാൻ നിയമം ആയുധമാക്കുന്നു. നിങ്ങൾക്ക് പണമുണ്ടാകാം, പക്ഷേ, എവിടെ താമസിക്കണമെന്ന് തെരഞ്ഞെടുക്കാൻ കഴിയില്ല എന്ന് അത് മുസ്‍ലിംകളോട് പറയുന്നുവെന്നും സിദ്ദീഖി പറഞ്ഞു.

സാനിയയുടെ കുടുംബം വീടിനു പുറത്തേക്ക് കാലെടുത്തു വെക്കുമ്പോഴെല്ലാം അവരെ വേട്ടയാടി. ആക്രമണത്തിന്റെയും ആത്മഹത്യാക്കുറിപ്പിന്റെയും സി.സി.ടി.വി ദൃശ്യങ്ങൾ ഉണ്ടായിരുന്നിട്ടും പൊലീസ് ആദ്യം എഫ്‌.ഐ.ആർ ഫയൽ ചെയ്യാൻ വിസമ്മതിച്ചുവെന്ന് കുടുംബം പറയുന്നു. കുറിപ്പിന്റെ ഫോറൻസിക് പരിശോധന നടത്തിയിട്ടും മരണത്തെ ആകസ്മികമാണെന്നാണ് ഉദ്യോഗസ്ഥർ വിശേഷിപ്പിച്ചത്. പൊലീസ് കമീഷണർ ജി.എസ്. മാലിക്കിന്റെ ഇടപെടലിനു ശേഷമാണ് പ്രായപൂർത്തിയാകാത്ത ഒരാളുടെ മേലുള്ള ആത്മഹത്യാ പ്രേരണ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി ആറു വ്യക്തികളുടെ പേരുകൾ എഫ്‌.ഐ.ആറിൽ പരാമർശിച്ചത്.

നടപടി വൈകിയതിൽ നിന്ന് സിസ്റ്റം തങ്ങളെ സംരക്ഷിക്കില്ല എന്ന ഭയം സാനിയയുടെ കുടുംബത്തെ കീഴടക്കി. ‘ഞങ്ങൾ പൊലീസ സ്റ്റേഷൻ കയറിയിറങ്ങിക്കൊണ്ടിരുന്നു. പക്ഷേ, നിയമം ഞങ്ങളുടെ പക്ഷത്തല്ലെന്ന് അവർ പറഞ്ഞു. ഞങ്ങൾക്കിപ്പോൾ കടുത്ത നിസ്സഹായതയും നിരാശയും തോന്നുന്നു’വെന്ന് റിഫത്ത് പറയുന്നു.

നിയമ ഭേദഗതിക്കെതിരെ മുസ്‍ലിം സംഘടനകൾ

മുസ്‍ലിംകളെയും മറ്റു ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ടുള്ളതെന്ന് ആരോപണമുയർന്നതിന്റെ പശ്ചാത്തലത്തിൽ ഗുജറാത്ത് സർക്കാറിന്റെ ‘അസ്വസ്ഥബാധിത പ്രദേശ നിയമ’ത്തിലെ വിവാദ ഭേദഗതികൾ പിൻവലിക്കാൻ ആലോചിക്കുന്നുവെന്ന് സംസ്ഥാന സർക്കാർ 2023ൽ ഹൈകോടതിയിൽ. അറിയിച്ചിരുന്നു. 2019ൽ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന ഭേദഗതിക്കെതിരെ മുസ്‍ലിം സംഘടനകൾ നൽകിയ ഹരജിയുമായി ബന്ധപ്പെട്ടായിരുന്നു പ്രസ്താവന. ഭേദഗതികൾക്ക് 2020ൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നൽകിയിരുന്നു.

ഈ ഭേദഗതികൾ ഭരണഘടനയുടെ 14, 19, 21 വകുപ്പുകൾക്കെതിരാണെന്ന് ചൂണ്ടിക്കാട്ടി ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് 2021ൽ ഹൈകോടതിയെ സമീപിച്ചു. നിലവിൽതന്നെ പ്രത്യേക പ്രദേശങ്ങളിലേക്ക് ഒതുക്കപ്പെട്ട മുസ്‍ലിംകൾ അടക്കമുള്ള ഗുജറാത്തിലെ ന്യൂനപക്ഷങ്ങൾ കൂടുതൽ അരികുവത്കരിക്കപ്പെടാൻ ഭേദഗതികൾ കാരണമാകുമെന്നും സമുദായങ്ങൾ തട്ടുകളായി തിരിക്കപ്പെടുമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുകയുണ്ടായി. ഒരു പ്രത്യേക മേഖലയിൽ താമസിക്കുന്നവരെ അവരുടെ മതത്തിന്റെയും രീതികളുടെയും അടിസ്ഥാനത്തിൽ വേർതിരിക്കാനും അതുവഴി അവസരങ്ങൾക്കുള്ള തുല്യത നിഷേധിക്കപ്പെടുന്ന അവസ്ഥയുണ്ടാകുമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim minoritygujarath bjpReligious Discriminationlegal fightDisturbed Areas Act
News Summary - What is the reason behind the suicide of that teenage girl in Gujarat?; How the ‘Disturbed Areas Act’ shackles Muslims
Next Story