ആത്മാവ് ഊറ്റിക്കളഞ്ഞ പാർലമെന്റിന് എന്തു വില? പ്രതിപക്ഷം
text_fieldsന്യൂഡൽഹി: പാർലമെന്റിൽനിന്ന് ജനാധിപത്യത്തിന്റെ ആത്മാവുതന്നെ ഊറ്റിക്കളഞ്ഞിരിക്കേ, പുതിയൊരു കെട്ടിടത്തിന് ഒരു വിലയും തങ്ങൾ കാണുന്നില്ലെന്ന് പ്രതിപക്ഷം. പാർലമെന്റ് മന്ദിരോദ്ഘാടന ബഹിഷ്കരണം പ്രഖ്യാപിച്ച് പ്രതിപക്ഷ പാർട്ടികൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയുടെ പൂർണരൂപം:
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ചരിത്രവേളയാണ്. ജനാധിപത്യത്തെ സർക്കാർ ഭീഷണിപ്പെടുത്തുന്നതായി കരുതുമ്പോൾ തന്നെ, ഏകാധിപത്യ രീതിയിൽ പുതിയ പാർലമെന്റ് പണിതതിനെ തള്ളിപ്പറയുമ്പോൾ തന്നെ, അഭിപ്രായ ഭിന്നത മറന്ന് ഈ സന്ദർഭം അടയാളപ്പെടുത്തുന്നതിന് തുറന്ന മനസ്സാണ് ഞങ്ങൾക്ക് ഉണ്ടായിരുന്നത്. എന്നാൽ, രാഷ്ട്രപതി മുർമുവിനെ പൂർണമായും തഴഞ്ഞ് പുതിയ കെട്ടിടം താൻ തന്നെ ഉദ്ഘാടനം ചെയ്യണമെന്ന പ്രധാനമന്ത്രി മോദിയുടെ തീരുമാനം ജനാധിപത്യത്തിന് കടുത്ത അപമാനം മാത്രമല്ല, നേരിട്ടുള്ള ആക്രമണം കൂടിയാണ്. അതിനെതിരെ തക്കതായ പ്രതികരണം ഉണ്ടാകേണ്ടതുണ്ട്.
‘രാഷ്ട്രപതിയും സംസ്ഥാനങ്ങളുടെ സഭയും ജനസഭയും അടങ്ങിയ ഒരു പാർലമെന്റ് രാജ്യത്തിന് ഉണ്ടായിരിക്കു’മെന്ന് ഭരണഘടനയുടെ 79ാം അനുേഛദത്തിൽ പറയുന്നുണ്ട്. രാഷ്ട്രത്തിന്റെ മേധാവി മാത്രമല്ല, പാർലമെന്റിന്റെ അവിഭാജ്യ ഘടകം കൂടിയാണ് രാഷ്ട്രപതി. ചുരുക്കത്തിൽ, രാഷ്ട്രപതി ഇല്ലാതെ പാർലമെന്റിന് പ്രവർത്തിക്കാനാവില്ല. എന്നാൽ, രാഷ്ട്രപതിയെ കൂടാതെ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രിയുടെ തീരുമാനം. അന്തസ്സുകെട്ട ഈ ചെയ്തി രാഷ്ട്രപതിയുടെ ഉന്നത സ്ഥാനത്തെ അപമാനിക്കുന്നു; ഭരണഘടനയുടെ അന്തഃസത്തക്ക് നിരക്കുന്നതുമല്ല. ആദിവാസി സമൂഹത്തിൽ നിന്നൊരു വനിത രാഷ്ട്രപതിയായത് ആഘോഷിച്ച രാജ്യത്തിന്റെ ഉൾച്ചേർക്കൽ വികാരത്തെ അവമതിക്കുന്നതാണിത്.
പാർലമെന്റിനെ നിരന്തരം അന്തസ്സാര ശൂന്യമാക്കുന്ന പ്രധാനമന്ത്രിക്ക് ജനാധിപത്യവിരുദ്ധ ചെയ്തികൾ പുതിയ കാര്യമല്ല. ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിയതിന് പാർലമെന്റിലെ പ്രതിപക്ഷ നേതാക്കളെ അയോഗ്യരാക്കി, സസ്പെൻഡ് ചെയ്ത്, നിശ്ശബ്ദരാക്കി. ഭരണപക്ഷത്തെ എം.പിമാർ പാർലമെന്റ് സ്തംഭിപ്പിച്ചിട്ടുണ്ട്. മൂന്നു കാർഷിക നിയമങ്ങൾ അടക്കം നിരവധി വിവാദ നിയമനിർമാണങ്ങൾ ചർച്ച കൂടാതെ തന്നെ പാസാക്കി. സഭാ സമിതികൾ ഫലത്തിൽ നിർവീര്യം. നൂറ്റാണ്ടിലൊരിക്കൽ സംഭവിക്കാറുള്ള മഹാമാരിയുടെ കാലത്താണ് പുതിയ പാർലമെന്റ് മന്ദിരം, അത് ഉപകാരപ്പെടേണ്ട ജനങ്ങളുമായോ എം.പിമാരുമായോ ഒരു കൂടിയാലോചനയുമില്ലാതെ പണിതത്.
പാർലമെന്റിൽനിന്ന് ജനാധിപത്യത്തിന്റെ ആത്മാവ് തന്നെ ഊറ്റിക്കളഞ്ഞിരിക്കേ, പുതിയൊരു കെട്ടിടത്തിന് ഒരു വിലയും ഞങ്ങൾ കാണുന്നില്ല. പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹിഷ്കരിക്കാനുള്ള കൂട്ടായ തീരുമാനം ഞങ്ങൾ പ്രഖ്യാപിക്കുന്നു. സ്വേഛാധിപതിയായ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ സർക്കാറിനുമെതിരെ അക്ഷരാർഥത്തിൽ, ഉൾക്കാമ്പുള്ള, സചേതനമായ പോരാട്ടം ഞങ്ങൾ തുടരും. ഈ സന്ദേശം നേരിട്ട് ജനങ്ങളിലെത്തിക്കും.
സവർക്കർ പരാമർശമില്ല
ജയിൽ മോചനത്തിന് ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിക്കൊടുത്ത് ദയായാചനം നടത്തിയ ഹിന്ദുത്വ ആചാര്യൻ വി.ഡി. സവർക്കറുടെ ജന്മവാർഷിക ദിനമാണ് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാൻ മോദി സർക്കാർ തെരഞ്ഞെടുത്തത്. എന്നാൽ, ഈ ദിവസം തെരഞ്ഞെടുത്തതിലെ അനൗചിത്യത്തെക്കുറിച്ച് 19 പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത പ്രസ്താവനയിൽ മൗനം.
സവർക്കർ പ്രേമികളായ ശിവസേനക്ക് പിടിക്കാത്തതാണ് ഒരു കാരണം. മഹാരാഷ്ട്രയിൽ ശിവസേനയുമായി അടുത്ത ബന്ധം പുലർത്തുന്ന എൻ.സി.പിക്കും താൽപര്യമുണ്ടായില്ല. ഹിന്ദു വോട്ടു ബാങ്കിനെയും ഈ സഖ്യകക്ഷികളെയും പിണക്കേണ്ടതില്ലെന്ന തന്ത്രപരമായ നിലപാട് കോൺഗ്രസും സ്വീകരിച്ചു. സവർക്കറുടെ ദിനം ഉദ്ഘാടനത്തിന് തെരഞ്ഞെടുത്തതിനെതിരെ സി.പി.ഐയും മറ്റും നേരത്തേ പരസ്യപ്രസ്താവന ഇറക്കിയിരുന്നു.
പാർലമെന്റ് പണിയേണ്ടത് അഹന്തയുടെ കല്ലുകൊണ്ടല്ല
ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമുവിനെ മാറ്റിനിർത്തി പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുന്നതിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർലമെന്റ് പണിയേണ്ടത് അഹന്തയുടെ കല്ലുകൊണ്ടല്ലെന്നും ഭരണഘടന മൂല്യങ്ങൾ കൊണ്ടാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു രാഹുലിന്റെ വിമർശനം. പാർലമെന്റ് ഉദ്ഘാടനം ചെയ്യാനോ ചടങ്ങിന് ക്ഷണിക്കാനോ രാഷ്ട്രപതിയെ കിട്ടാത്തത് രാജ്യത്തിന്റെ പരമോന്നത ഭരണഘടന പദവിക്ക് അപമാനമാണെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

