മുഖ്യമന്ത്രി പദം ഡി.കെ ശിവകുമാറിന് നൽകിയാൽ സിദ്ധരാമയ്യയുടെ 'പ്ലാൻ ബി' എന്ത്? കരുക്കൾ നീക്കി ഇരുപക്ഷവും
text_fieldsബംഗളൂരു: കർണാടക കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തിനായി സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെ രണ്ടു നേതാക്കളുടേയും ഭാവി പരിപാടികൾ എന്തെന്ന് ഉറ്റുനോക്കുകയാണ് നിരീക്ഷകർ.
2023ലാണ് സിദ്ധരാമയ കർണാടക മുഖ്യമന്ത്രിയായി അധികാരമേറ്റത്. അന്ന് സിദ്ധരാമയ്യക്കൊപ്പം തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറെ സാധ്യത കൽപിക്കപ്പെട്ട നേതാവായിരുന്നു ഡി.കെ. ശിവകുമാർ. രണ്ടര വർഷം കഴിഞ്ഞാൽ മുഖ്യമന്ത്രി സ്ഥാനം കൈമാറാമെന്ന കരാറുണ്ടാക്കിയാണ് അന്നത്തെ തർക്കം പരിഹരിച്ചതെന്നാണ് ഡി.കെ. ശിവകുമാർ പറയുന്നത്. എന്നാൽ അങ്ങനെയൊരു ധാരണയില്ലെന്നാണ് സിദ്ധരാമയ്യയുടെ വാദം.
കാത്തിരുന്നു കാണാം എന്ന നിലപാടിലാണ് സിദ്ധരാമയ്യയെന്ന് അദ്ദേഹത്തെ പിന്തുണക്കുന്നവർ പറയുന്നു. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുതിർന്ന നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവർ മുഖ്യമന്ത്രിയെ മാറ്റുമെന്ന് എന്തെങ്കിലും സൂചന നൽകിയാൽ തങ്ങൾ ഇടപെടുമെന്ന് സിദ്ധരാമയ്യ പക്ഷം പറയുന്നു. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി നിലനിർത്തണം എന്നാണ് അദ്ദേഹത്തെ പിന്തുണക്കുന്നവർ ആവശ്യപ്പെടുന്നത്.
ആശയക്കുഴപ്പം പരിഹരിക്കണമെന്നും പ്രതിസന്ധി അവസാനിപ്പിക്കണമെന്നും സിദ്ധരാമയ്യയും കൂട്ടരും നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഡി.കെ ശിവകുമാറിന് പകരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ പേരുകൾ ഉയർത്താനാണ് സിദ്ധരാമയ്യ പക്ഷം ലക്ഷ്യമിടുന്നത്. സിദ്ധരാമയ്യ മാറിയാൽ കൂടുതൽ ആളുകൾ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിടുമെന്ന പ്രതീതിയുണ്ടാക്കാനാണ് സിദ്ധരാമയ്യ ക്യാമ്പിന്‍റെ ശ്രമം.
നിലവിലെ ആഭ്യന്തരമന്ത്രിയും ദലിത് വിഭാഗത്തിൽ നിന്നുള്ള നേതാവുമായ ജി.പരമേശ്വരയുടെ പേരാണ് പ്രധാനമായും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയരുന്നത്. സിദ്ധരാമയ്യയുടെ വിശ്വസ്തനാണ് പരമേശ്വര. ബുധനാഴ്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജാർക്കിഹോളിയുടെ വീട്ടിൽ ചേർന്ന യോഗത്തിലാണ് സിദ്ധരാമയ്യ പക്ഷം കരുനീക്കങ്ങൾ ആസൂത്രണം ചെയ്തത്. ദേശീയ നേതൃത്വം പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നാണ് കരുതുന്നതെന്ന് ജാർക്കിഹോളി പറഞ്ഞു.
എന്നാൽ ഡി.കെ മുഖ്യമന്ത്രിയാകുമെന്ന് 200 ശതമാനം ഉറപ്പാണ് എന്നായിരുന്നു രാമനഗരം എം.എൽ.എ ഇഖ്ബാൽ ഹുസൈന്റെ പ്രതികരണം. മല്ലികാർജുൻ ഖാർഗെ കഴിഞ്ഞ ദിവസം ബംഗളൂരുവിലെത്തി നേതാക്കളുമായി സംസാരിച്ചിരുന്നു. ഖാർഗെ, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ ചർച്ച നടത്തിയ ശേഷം സിദ്ധരാമയ്യയേയും ഡി.കെ ശിവകുമാറിനെയും ഡൽഹിക്ക് വിളിപ്പിക്കും. ഡി.കെ ശിവകുമാർ മുഖ്യമന്ത്രിയാകുമെന്നാണ് അദ്ദേഹത്തെ പിന്തുണക്കുന്നവർ ഉറപ്പിച്ചുപറയുന്നത്.
അതേസമയം, കോൺഗ്രസിനെ ചില കാര്യങ്ങൾ ഓർമപ്പെടുത്തി ഡി.കെ. ശിവകുമാറും രംഗത്തെത്തിയിട്ടുണ്ട്. വാക്കുകളുടെ ശക്തി ലോക ശക്തിയാണെന്നും, വാഗ്ദാനം പാലിക്കുക എന്നത് വലിയ രാഷ്ട്രീയ നീക്കമാണെന്നും ഒരു പരിപാടിക്കിടെ ഡി.കെ. ശിവകുമാർ കോൺഗ്രസിനെ ഓർമപ്പെടുത്തി. മുഖ്യമന്ത്രിസ്ഥാനത്തിന് അവകാശവാദമുന്നയിച്ച് ഡി.കെ. ശിവകുമാർ രംഗത്തുവന്നെങ്കിലും വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് സിദ്ധരാമയ്യ.
''വാക്കുകളുടെ ശക്തിയാണ് ലോക ശക്തിയാണെന്നൊരു പറച്ചിലുണ്ട്. വാഗ്ദാനം പാലിക്കുക എന്നത് ലോകത്തിലെ ഏറ്റവും വലിയ ശക്തിയാണെന്നാണ് അത് അർഥമാക്കുന്നത്. ഒരു ജഡ്ജിയാകട്ടെ, രാഷ്ട്രപതിയാകട്ടെ, ഞാനാകട്ടെ, നിങ്ങളാകട്ടെ, നിങ്ങളുടെ വീട്ടിലുള്ള ആരുമാകട്ടെ, വാക്ക് പാലിക്കുക എന്നതാണ് ഏറ്റവും വലിയ ശക്തി, നമ്മളതിനെ മാനിക്കണം''-എന്നായിരുന്നു ഡി.കെ. ശിവകുമാർ പറഞ്ഞത്.
കസേരയെ കുറിച്ച് ഒരു കാര്യം കൂടി ഡി.കെ. ശിവകുമാർ കൂട്ടിച്ചേർത്തു. തന്റെ ചുറ്റുമുള്ള അനുയായികളോട് ഇരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം പറഞ്ഞു, "എന്റെ പിന്നിൽ നിൽക്കുന്നവർക്ക് ഒരു കസേരയുടെ മൂല്യം അറിയില്ല. അവർക്ക് ലഭിക്കുന്ന ഏതെങ്കിലും കസേരകളിൽ ഇരിക്കുന്നതിന് പകരം അവർ ഒരാവശ്യവുമില്ലാതെ എഴുന്നേറ്റു നിൽക്കുകയാണ്''-എന്നായിരുന്നു ഡി.കെ. ശിവകുമാറിന്റെ പരാമർശം. കൂട്ടച്ചിരിയോടെയാണ് പ്രവർത്തകർ ആളുകൾ ഡി.കെ. പറഞ്ഞതിനെ വരവേറ്റത്.
2023ലാണ് സിദ്ധരാമയ കർണാടക മുഖ്യമന്ത്രിയായി അധികാരമേറ്റത്. അന്ന് സിദ്ധരാമയ്യക്കൊപ്പം തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറെ സാധ്യത കൽപിക്കപ്പെട്ട നേതാവായിരുന്നു ഡി.കെ. ശിവകുമാർ. രണ്ടര വർഷം കഴിഞ്ഞാൽ മുഖ്യമന്ത്രി സ്ഥാനം കൈമാറാമെന്ന കരാറുണ്ടാക്കിയാണ് അന്നത്തെ തർക്കം പരിഹരിച്ചതെന്നാണ് ഡി.കെ. ശിവകുമാർ കോൺഗ്രസിനെ ഓർമപ്പെടുത്തിയത്. എന്നാൽ അങ്ങനെയൊരു ധാരണയില്ലെന്നാണ് സിദ്ധരാമയ്യയുടെ വാദം. ഈ സാഹചര്യത്തിലാണ് വാഗ്ദാനം പാലിക്കുന്നതാണ് ഏറ്റവും വലിയ ശക്തിയെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞിരിക്കുന്നത്.
കർണാടകയിലെ ഇപ്പോഴത്തെ പ്രശ്നം മുതിർന്ന കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഇടപെട്ട് പരിഹരിക്കുമെന്നാണ് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

