മാഡ്രിഡിലെത്തിയ ഇന്ത്യൻ സംഘത്തോടൊരു ചോദ്യം, ഇന്ത്യയുടെ രാഷ്ട്ര ഭാഷയേത്..?; ഡി.എം.കെ എം.പി കനിമൊഴിയുടെ 'ക്ലാസ്' മറുപടി വൈറൽ
text_fieldsമാഡ്രിഡ്: ഓപറേഷൻ സിന്ദൂർ വിശദീകരിക്കാനായി സ്പെയിനിലെത്തിയ ഇന്ത്യൻ സംഘത്തിന്റെ ഭാഗമായ ഡി.എം.കെ എം.പി കനിമൊഴിയോട് ഒരു സംവാദത്തിനിടെ സദസിൽ നിന്നൊരു ചോദ്യം ഉയർന്നു.
'ഇന്ത്യയുടെ രാഷ്ട്ര ഭാഷയേതാണ്..?' എന്നായിരുന്നു ചോദ്യം. നാനാത്വത്തിൽ ഏകത്വം എന്നതാണ് ഇന്ത്യയുടെ രാഷ്ട്ര ഭാഷ എന്നായിരുന്നു മറുപടി. വലിയ കൈയടിയോടെയാണ് കനിമൊഴിയുടെ മറുപടി സ്വീകരിച്ചത്. സ്പെയിനിലെ ഇന്ത്യൻ പ്രവാസികളോട് സംസാരിക്കുകയായിരുന്നു കനിമൊഴി.
തമിഴ്‌നാട്ടിലെ ഡി.എം.കെ സർക്കാരും കേന്ദ്രവും തമ്മിൽ ഭാഷയെച്ചൊല്ലി ദേശീയ വിദ്യാഭ്യാസ നയത്തിൽ നേരിട്ട് ഏറ്റുമുട്ടുന്ന സാഹചര്യത്തിൽ കനിമൊഴിയുടെ മറുപടി ഏറെ ശ്രദ്ധേയമായി.
പരിപാടിയിൽ ഇന്ത്യയുടെ സമാധാനത്തിന്റെയും അഹിംസയുടെയും സന്ദേശം പ്രചരിപ്പിക്കാൻ പ്രവാസികളോട് ആഹ്വാനവും ചെയ്തു.
'സമാധാനത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ നിലപാടുകൾ എത്തരത്തിലായിരുന്നുവെന്ന് പ്രവാസികൾക്ക് ലോകത്തിനോട് എളുപ്പം പറയാൻ സാധിക്കും. നമ്മുടെ സ്വതന്ത്ര സമരം പോലും അഹിംസയിൽ ഊന്നിയുള്ളതായിരുന്നു. നിങ്ങൾക്ക് ആളുകളെ സ്വാധീനിക്കാനാകും'- കനിമൊഴി പറഞ്ഞു.
'ഇന്ത്യക്കാർ എന്ന നിലയിൽ, ഇന്ത്യ സുരക്ഷിതമാണെന്ന സന്ദേശം നമ്മൾ വ്യക്തമാക്കണം. അവർ എന്തിന് വേണമെങ്കിലും ശ്രമിച്ചേക്കാം, പക്ഷേ അവർക്ക് നമ്മളെ വഴിതെറ്റിക്കാൻ കഴിയില്ല. കശ്മീർ സുരക്ഷിതമായ ഒരു സ്ഥലമായി തുടരുമെന്ന് ഞങ്ങൾ ഉറപ്പാക്കും.' കനിമൊഴി പറഞ്ഞു.
കനിമൊഴി നയിക്കുന്ന സംഘത്തിന്റെ അഞ്ച് രാജ്യ സന്ദർശനത്തിന്റെ അവസാന ഘട്ടമാണ് സ്പെയിൻ. സമാജ്‌വാദി പാർട്ടി എം.പി രാജീവ് കുമാർ റായ്, ബി.ജെ.പി എം.പി ബ്രിജേഷ് ചൗട്ട, ആം ആദ്മി എം.പി അശോക് മിട്ടൽ, ആർ.ജെ.ഡി എം.പി പ്രേം ചന്ദ് ഗുപ്ത, മുൻ നയതന്ത്ര ഉദ്യോഗസ്ഥൻ മഞ്ജീവ് സിങ് പുരി എന്നിവരാണ് കനിമൊഴി നയിക്കുന്ന സംഘത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

