'ഐ ലവ് മുഹമ്മദ്' മുദ്രാവാക്യത്തിൽ എന്താണ് നിയമവിരുദ്ധം; ഐ ലവ് മഹാദേവ് എന്ന മുദ്രാവാക്യത്തെ ഞങ്ങൾ എതിർക്കില്ല -ഉവൈസി
text_fieldsന്യൂഡൽഹി: ഐ ലവ് മുഹമ്മദ് മുദ്രാവാക്യത്തിൽ എന്താണ് നിയമവിരുദ്ധമെന്ന് ആൾ ഇന്ത്യ മജിലിസെ ഇത്തിഹാദുൽ മുസ്ലിമിൻ തലവൻ അസദുദ്ദീൻ ഉവൈസി. നിങ്ങളുടെ നാട്ടിൽ ഐ ലവ് മുഹമ്മദ് എന്ന പോസ്റ്റർ പതിക്കുന്നു. അധികൃതർ അത് പ്രദർശിപ്പിക്കരുതെന്ന് പറഞ്ഞ് പോസ്റ്ററുകൾ ഒഴിവാക്കുന്നു. ഐ ലവ് മുഹമ്മദ് എന്ന മുദ്രാവാക്യത്തിൽ എന്താണ് തെറ്റെന്നും ഉവൈസി ചോദിച്ചു.
ഞങ്ങൾ ഞങ്ങളുടെ മതമാണ് പിന്തുടരുന്നത്. ഞങ്ങളുടെ ആരാധനാലയങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നു. ഇത് ചെയ്യാനാണ് സ്വാതന്ത്ര്യത്തിന് ശേഷം ഞങ്ങളുടെ മുൻഗാമികൾ ഉപദേശിച്ചത്. ഹിന്ദു വിഭാഗം ഐ ലവ് മഹാദേവ് എന്ന മുദ്രാവാക്യം ഉയർത്തിയാൽ തനിക്ക് അതിൽ ഒരു എതിർപ്പുമുണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്‍ലികളുടെ ഹൃദയത്തിലാണ് ആക്രമണം ഉണ്ടായത്. നിങ്ങൾ ആദ്യം ഞങ്ങളുടെ പെൺകുട്ടികളോട് ഹിജാബ് ധരിക്കരുതെന്ന് പറഞ്ഞു. എന്നാൽ, ഇപ്പോഴുള്ള നടപടികൾ ഞങ്ങളുടെ ഹൃദയത്തെ ആക്രമിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ സെപ്റ്റംബർ നാലിന് കാൺപൂരിലെ മൊഹല്ല സയ്യിദ് നഗർ പ്രദേശത്തെ ജാഫർ വാലി ഗലിയിൽ നബിദിനാഘോഷത്തോടനുബന്ധിച്ച് ഉയർത്തിയ ‘ഐ ലവ് മുഹമ്മദ്’ ബാനറിന്റെ പേരിലാണ് സംഘർഷങ്ങൾ ഉടലെടുത്തത്. പുതിയ ആഘോഷ രീതിയാണിതെന്നും അനുവദിക്കില്ലെന്നും വ്യക്തമാക്കി ഹിന്ദുത്വ സംഘടനാ പ്രവർത്തകർ രംഗത്തുവന്നതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമാകുന്നത്. പിന്നാലെ മുസ്‍ലിം യുവാക്കൾക്കെതിരെ യു.പി പൊലീസ് ഏകപക്ഷീയായി കേസെടുക്കുകയും 24 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റിനെതിരെ സംസ്ഥാന വ്യാപകമായ ഉയർന്ന കടുത്ത പ്രതിഷേധമാണ് ‘ഐ ലവ് മുഹമ്മദ് കാമ്പയിൻ ’ ആയി മാറിയത്. ഉത്തരഖണ്ഡ്, ഗുജറാത്ത് ഉൾപ്പെടെ സംസ്ഥാനകളിലും കാമ്പയിൻ പ്രചരിക്കുകയും, ബാനറുകൾക്കും പോസ്റ്ററുകൾക്കുമെതിരെ പൊലീസ് നടപടി ആരംഭിക്കുകയും ചെയ്തു.
യു.പിക്കു പിന്നാലെ ഉത്തരഖണ്ഡിലെ കാശിപൂർ, ഗുജറാത്തിലെ ഗോധ്ര, മഹാരാഷ്ട്രയിലെ ബൈകുള എന്നിവടങ്ങളിലും ‘ഐ ലവ് മുഹമ്മദ്’ ബാനറിന്റെയും കാമ്പയിനിന്റെയും പേരിൽ കേസും അറസ്റ്റും നടന്നിട്ടുണ്ട്. സെപ്റ്റംബർ 23 വരെ മാത്രം വിവിധ ഭാഗങ്ങളിൽ 21 കേസുകളിലായി 1300 പേരെ പ്രതിചേർത്തതായാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

