‘ഇതൊരു കലക്ടറുടെ മകൾ ആയിരുന്നെങ്കിലോ?’; ആറു ദിവസമായി കുഴൽക്കിണറിൽ കുടുങ്ങിയ മൂന്നു വയസുകാരിയുടെ അമ്മ ചോദിക്കുന്നു
text_fieldsകുഴൽക്കിണറിൽ കുടുങ്ങിയ 3 വയസ്സുകാരിയുടെ അമ്മ ധോളി ദേവി
ജെയ്പൂർ: ആറു ദിവസമായി 150 അടി താഴ്ചയുള്ള കുഴൽക്കിണറിലാണ് ധോളി ദേവിയുടെ മൂന്ന് വയസ്സുള്ള മകൾ ചേതന. 110 മണിക്കൂർ പിന്നിട്ടിട്ടും കുട്ടിയെ പുറത്തെടുക്കാനാവാത്തതിൽ ദൈവത്തോട് പ്രാർഥിച്ചും രക്ഷാസംഘത്തോട് കേണപേക്ഷിച്ചും ഉള്ളുരുകി കാത്തിരിക്കുകയാണവർ.
മണിക്കൂറുകൾ നീങ്ങുകയും മകളുടെ അതിജീവനത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ മങ്ങുകയും ചെയ്യുമ്പോൾ അവർ ചോദിക്കുന്നു. ‘ഇത് ആറ് ദിവസമായി... എന്റെ മോൾക്ക് വിശപ്പും ദാഹവും ഉണ്ടാവും. ഈ കുഞ്ഞ് കലക്ടർ മാഡത്തിന്റെ കുട്ടിയായിരുന്നെങ്കിൽ എന്തുചെയ്യും? അവളെ ഇത്രയും ദിവസം അവിടെയിടാൻ അവർ അനുവദിക്കുമോ? ദയവായി എന്റെ മകളെ എത്രയും വേഗം പുറത്തെടുത്ത് തരിക’- ആ അമ്മ കണ്ണീർ വാർത്തുകൊണ്ട് പറയുന്നു. ശനിയാഴ്ച പുറത്തുവന്ന ധോളി ദേവിയുടെ കരയുന്ന വിഡിയോയിൽ മകളെ രക്ഷിക്കാൻ കൈകൾ കൂപ്പി അപേക്ഷിക്കുന്നത് കാണാം.
രാജസ്ഥാനിലെ കോട്പുത്‌ലി-ബെഹ്‌റോർ ജില്ലയിലെ പിതാവിന്റെ കൃഷിയിടത്തിൽ കളിക്കുന്നതിനിടെ കുഴൽക്കിണറിൽ വീണ ചേതനയെ പുറത്തെടുക്കാൻ രക്ഷാപ്രവർത്തകർ സമയത്തിനെതിരെ ഓടുകയാണ്. ആദ്യം കയറിൽ ഘടിപ്പിച്ച ഇരുമ്പ് വളയമുപയോഗിച്ച് പെൺകുട്ടിയെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. രണ്ടുദിവസമായി പലതവണ ശ്രമിച്ചിട്ടും ഫലം കിട്ടാത്തതിനെ തുടർന്ന് ബുധനാഴ്ച പൈലിങ് മെഷീൻ സ്ഥലത്തെത്തിച്ച് സമാന്തരമായി കുഴിയെടുത്തു. വെള്ളിയാഴ്‌ച മഴ രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തിയതിനെ തുടർന്ന് ശനിയാഴ്ച രണ്ടംഗ സംഘം തുരങ്കം കുഴിക്കാൻ കുഴിയിൽ ഇറങ്ങി.
കുഴൽക്കിണറിനു സമീപം സമാന്തരമായി കുഴിയെടുത്ത് എൽ ആകൃതിയിലുള്ള തുരങ്കത്തിലൂടെ ചേതനയിലെത്താൻ ശ്രമം നടക്കുന്നുണ്ട്. ഇതിനായി ദേശീയ ദുരന്ത നിവാരണ സേനയിലെ രണ്ട് ജവാൻമാർ മാന്വൽ ഡ്രില്ലിംഗ് നടത്തുന്നു. ‘ഞങ്ങൾ അവരെ ഇരുവരെയും കാമറയിൽ നിരീക്ഷിക്കുന്നുണ്ട്. അവർ ആവശ്യപ്പെടുന്ന ഉപകരണങ്ങൾ അയക്കുന്നു’ണ്ടെന്ന് സ്ഥലത്തുള്ള ജില്ലാ കലക്ടർ കൽപന അഗർവാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പെൺകുട്ടിയെ രക്ഷിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടക്കുന്നുണ്ടെന്ന് പ്രാദേശിക എസ്.എച്ച്.ഒ സരുന്ദ് മുഹമ്മദ് ഇമ്രാൻ പറഞ്ഞു. എൻ.ഡി.ആർ.എഫ് -എസ്.ഡി.ആർ.എഫ് ടീമുകൾ തുടർച്ചയായി പ്രവർത്തിക്കുന്നു. നിർഭാഗ്യവശാൽ, വെള്ളിയാഴ്ച രക്ഷാപ്രവർത്തനം തടസ്സപ്പെട്ടു.
ഓരോ നിമിഷം കഴിയുന്തോറും ഭക്ഷണമോ വെള്ളമോ നൽകാൻ രക്ഷാ സംഘത്തിന് കഴിയാതെ വന്നതോടെ കുഞ്ഞിനെ രക്ഷിക്കാനാവുമെന്ന പ്രതീക്ഷ കുറഞ്ഞുവരികയാണ്. ആംബുലൻസുമായി ഡോക്ടർമാരുടെ സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
രണ്ടാഴ്ച മുമ്പ് ദൗസ ജില്ലയിൽ അഞ്ച് വയസ്സുള്ള ആൺകുട്ടി കുഴൽക്കിണറിൽ വീണിരുന്നു. അവിടെ രക്ഷാപ്രവർത്തനം 55 മണിക്കൂറിലധികം നീണ്ടു. പുറത്തെടുക്കുമ്പോഴേക്കും കുട്ടിയുടെ ജീവനുവേണ്ടിയുള്ള പോരാട്ടം പരാജയപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.