ശ്രീകൃഷ്ണ ജയന്തിക്ക് ബംഗാൾ സി.പി.എമ്മിൽ സംഭവിച്ചത്...
text_fieldsന്യൂഡൽഹി: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി, ഭഗവാനെ തൊഴുത് മേൽശാന്തിക്ക് ദക്ഷിണയും നൽകി പ്രസാദം സ്വീകരിച്ച് വിവാദത്തിൽ കുടുങ്ങിയ മന്ത്രി കടകംപള്ളി സുരേന്ദ്രന് ബംഗാൾ സി.പി.എമ്മിൽ ഒരു മുൻഗാമിയുണ്ട് -സുഭാഷ് ചക്രവർത്തി. 2006െല ബുദ്ധദേവ് ദാസ് ഗുപ്ത ഇടതുമുന്നണി സർക്കാറിൽ ഗതാഗത മന്ത്രിയായിരുന്നു അദ്ദേഹം. കടകംപള്ളി സുരേന്ദ്രൻ സി.പി.എം സംസ്ഥാന സമിതിയംഗമാണെങ്കിൽ സുഭാഷ് സംസ്ഥാന സെക്രേട്ടറിയറ്റംഗമായിരുന്നു. സുഭാഷ് ചക്രവർത്തി വിവാദത്തിൽപെട്ടത് 2006ലെ ശ്രീകൃഷ്ണ ജയന്തിദിനമായ സെപ്റ്റംബർ 13നായിരുന്നു. അന്ന് സുഭാഷ് ചക്രവർത്തിയെ ‘തിരുത്താൻ’ ബംഗാൾ നേതൃത്വത്തിനായി. സെപ്റ്റംബർ 28നും 29നും തിരുവനന്തപുരത്ത് സംസ്ഥാന സമിതി ചേരുേമ്പാൾ നേതൃത്വം എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
കൊൽക്കത്തയിൽനിന്ന് 300 കിലോമീറ്റർ അകലെ ബീർഭൂമിലെ താരപീഠ് (കാളി) ക്ഷേത്രത്തിലാണ് സുഭാഷ് ചക്രവർത്തി ദർശനം നടത്തിയത്. ‘ജയ് താരാ’ എന്ന് വിളിച്ച് പൂജ നടത്തുകയും രണ്ട് ചെമ്പരത്തി പൂവും സാരിയും അർപ്പിക്കുകയും ചെയ്ത സുഭാഷ് ചക്രവർത്തി 501 രൂപ ദക്ഷിണയും നൽകി. സുഭാഷ് ഇതിനെ ന്യായീകരിച്ചത് ഇങ്ങനെയാണ്: ഞാൻ ഒരു ഹിന്ദുവും പിന്നെ ഒരു ബ്രാഹ്മണനുമാണെന്ന് എെൻറ പേരിൽനിന്ന് മനസ്സിലാക്കാം. ലാൽസലാം വിളിക്കുന്നതിനെക്കാൾ പ്രണാമം, നമസ്കാരം എന്നീ ഭാരതീയ ആചാരങ്ങളോടാണ് എനിക്ക് താൽപര്യം.
അദ്ദേഹം ആരെയാണ് പൂജിച്ചതെന്ന് പരസ്യമായി ചോദിച്ച ജ്യോതിബസു കാളി ദേവി ഉണ്ടോ, മനുഷ്യത്വത്തെ ആരാധിച്ചിരുന്നുവെങ്കിൽ എത്ര നന്നായാനേ എന്നാണ് പ്രതികരിച്ചത്. ഇതിലൊന്നും കുലുങ്ങാതെ മന്ത്രി ഗതാഗത മേഖലയിലെ തൊഴിലാളികളോട് വിശ്വകർമ ദിവസം ആഘോഷിക്കാൻ ആഹ്വാനം ചെയ്യുകയും ബംഗാളി പ്രാദേശികപത്രത്തിലെ ലേഖനത്തിൽ ബസുവിനെ ആധുനിക കൃഷ്ണനായി പ്രകീർത്തിക്കുകയും ചെയ്തു. ഇന്ദിര ഗാന്ധിയുടെ വധശേഷം ബസു തലമറച്ച് ഗുരുദ്വാര സന്ദർശിച്ചത് തെൻറ ഭാഗം ന്യായീകരിക്കാനായി പറയുകയും ചെയ്തു. പൊട്ടിത്തെറിച്ച ബസു മാധ്യമങ്ങളോട് ‘അയാളുടെ തലക്ക് സ്ഥിരതയില്ലെ’ന്നാണ് പ്രതികരിച്ചത്. ഇതോടെ പാർട്ടി സംസ്ഥാന നേതൃത്വം സുഭാഷിനോട് വിശദീകരണം ചോദിച്ചു. സുഭാഷ് ഖേദം പ്രകടിപ്പിച്ചു.
ഇതിനിടെ, സുഭാഷിെൻറ പ്രവൃത്തിയെ ന്യായീകരിച്ച അന്നത്തെ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് തഥാഗത റോയ് അദ്ദേഹത്തെ പാർട്ടിയിലേക്ക് ക്ഷണിച്ചു. സി.പി.എം നിലപാട് കർക്കശമാക്കിയതോടെ മാധ്യമങ്ങളെ വിളിച്ചുകൂട്ടി സുഭാഷ്, താൻ വൈരുധ്യാത്മക ഭൗതികവാദത്തിെൻറ അടിസ്ഥാനത്തിലാണ് എല്ലാ വസ്തുതകളെയും വീക്ഷിക്കുന്നതെന്നും മതപരമായ ചടങ്ങുകളിലോ ജാതീയതയിലോ വിശ്വാസമില്ലെന്നും പറഞ്ഞു. ക്ഷേത്രത്തിൽ ചെന്നപ്പോൾ തെൻറ കൈയിൽ പൂവ് വെച്ചുതന്നു. താൻ എന്തുചെയ്യാനാണ് എന്നും അദ്ദേഹം ന്യായീകരിച്ചു. ബസുവിെൻറ പരസ്യപ്രതികരണം പാർട്ടിയുടെ പരസ്യ ശാസനക്ക് തുല്യമായാണ് അന്ന് പൊതുസമൂഹം വിലയിരുത്തിയത്. 2009ൽ സുഭാഷ് ചക്രവർത്തി അന്തരിച്ചു.
ഒരു വ്യാഴവട്ടത്തിനു ശേഷമാണ് ബംഗാളിെൻറ വഴിയിൽ കേരളത്തിലെ ഒരു മന്ത്രി വിവാദത്തിൽപെടുന്നതെങ്കിലും നേതൃത്വത്തിന് ഇത് പുതുമയല്ല. തെൻറ വല്ല്യുമ്മയുടെ മയ്യിത്ത് നമസ്കാരത്തിന് അനുവദിച്ചില്ലെന്ന് ആരോപിച്ചാണ് എ.പി. അബ്ദുല്ലക്കുട്ടി സി.പി.എം വിട്ടത്. 2006 ൽ സി.പി.എം എം.എൽ.എമാരായ െഎഷാ പോറ്റിയും എം.എം. മോനായിയും ദൈവ നാമത്തിൽ നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്തതും പാർട്ടിയെ വെട്ടിലാക്കിയിരുന്നു. മതവിശ്വാസവും ഇൗശ്വര വിശ്വാസവും സി.പി.എം വിലക്കുന്നില്ല. എന്നാൽ, സംസ്ഥാന സമിതി നേതാക്കൾ അടക്കമുള്ളവർ മതപരമായ ചടങ്ങുകളിൽനിന്നും ആചാരാനുഷ്ഠാനങ്ങളിൽനിന്നും വിട്ടുനിൽക്കണമെന്നും മരണം, വിവാഹം വേളകളിൽ മതചടങ്ങുകൾ ഒഴിവാക്കണമെന്നുമാണ് തെറ്റുതിരുത്തൽ, പ്ലീനം രേഖകളിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
