'കോൺഗ്രസിന് എന്താണ് വേണ്ടത്'; ശശി തരൂരിനെ പിന്തുണച്ച് കിരൺ റിജിജ്ജു
text_fieldsന്യൂഡൽഹി: മോദി സ്തുതിയിൽ ശശി തരൂരിനതിരെ വലിയ വിമർശനം ഉയരുന്നതിനിടെ തിരുവനന്തപുരം എം.പിയെ പിന്തുണച്ച് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ കിരൺ റിജിജ്ജു. എക്സിലൂടെയാണ് തരൂരിനെ വിമർശിച്ച കോൺഗ്രസ് പാർട്ടിക്കെതിരെ കേന്ദ്രമന്ത്രി രംഗത്തെത്തിയത്. എന്താണ് കോൺഗ്രസിന് വേണ്ടതെന്ന് എക്സിലെ കുറിപ്പിൽ കിരൺ റിജിജ്ജു ചോദിച്ചു. ഈ രാജ്യത്തെ കുറിച്ച് അവർക്ക് എന്ത് ചിന്തയാണ് ഉള്ളതെന്നും കിരൺ റിജിജ്ജു ചോദിച്ചു.
അതേസമയം, ഇക്കാര്യത്തിൽ വിശദീകരണവുമായി ശശി തരൂർ തന്നെ രംഗത്തെത്തി. വിമർശകർക്കും ട്രോളുകൾ ഉണ്ടാക്കുന്നവർക്കും തന്റെ വാക്കുകൾ വളച്ചൊടിക്കുന്നത് തുടരാം. അതിനെ താൻ പൂർണമായും സ്വാഗതം ചെയ്യുകയാണെന്ന് തരൂർ പറഞ്ഞു.പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ മറുപടിയെ കുറിച്ച് മാത്രമാണ് താൻ സംസാരിച്ചത്. മുൻ യുദ്ധങ്ങളെ കുറിച്ചായിരുന്നില്ല പ്രതികരണം.
ഈയടുത്ത് നടന്ന പല ആക്രമണങ്ങളും താൻ പരാമർശവിധേയമാക്കി. നിയന്ത്രണരേഖയേയും അന്താരാഷ്ട്ര അതിർത്തിയേയും ബഹുമാനിക്കുന്നത് കൊണ്ടാണ് മുമ്പ് ഇതെല്ലാം ഭേദിച്ച് ആക്രമണം നടത്തുന്നതിൽ നിന്ന് ഇന്ത്യ പിൻവാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ ലക്ഷ്യമിടുന്ന ഭീകരർ അതിന് വില നൽകേണ്ടി വരുമെന്ന് ഈയിടെയായി മനസ്സിലാക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് തരൂർ പറഞ്ഞത്. 2008ലെ മുംബൈ ഭീകരാക്രമണത്തിൽ അജ്മൽ കസബിനെ പിടികൂടിയിട്ടും അയാളുടെ പാകിസ്താനിലെ വിലാസം തിരിച്ചറിഞ്ഞിട്ടും ഒന്നുമുണ്ടായില്ലെന്ന് തരൂർ പറഞ്ഞു. പാകിസ്താനിൽനിന്നുള്ള നിർദേശങ്ങൾ അനുസരിച്ച് മുംബൈ ആക്രമണത്തിലെ ഭീകരർ പ്രവർത്തിച്ചത് പടിഞ്ഞാറൻ രാജ്യങ്ങളുടെ ഇന്റലിജൻസ് ഏജൻസികൾക്കും അറിയാം. ഇതിൽ എല്ലാ തെളിവുകളുമുണ്ടായിട്ടും ഒന്നും സംഭവിച്ചില്ല.
എന്നാൽ, 2016ൽ നിയന്ത്രണരേഖക്ക് അപ്പുറം പോയി ഭീകരരുടെ കേന്ദ്രങ്ങൾ തകർത്തു. ഇത് മുമ്പ് സംഭവിക്കാത്തതാണ്. കാർഗിൽ യുദ്ധത്തിൽപോലും നമ്മൾ നിയന്ത്രണരേഖ കടന്നിട്ടില്ല. 2019ൽ പുൽവാമ ആക്രമണമുണ്ടായപ്പോൾ നമ്മൾ നിയന്ത്രണരേഖയല്ല, അന്താരാഷ്ട്ര അതിർത്തിതന്നെ കടന്ന് ബാലാകോട്ടിലെ ഭീകരകേന്ദ്രം തകർത്തു. ഇത്തവണ നമ്മൾ ഇതിന് രണ്ടിനും അപ്പുറംപോയെന്ന് തരൂർ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

