അടുത്ത 100 ദിനത്തിൽ ഏവരുടെയും വിശ്വാസം നേടിയെടുക്കണം; അധികാരം ആസ്വദിക്കാനല്ല മൂന്നാമൂഴമെന്ന് നരേന്ദ്ര മോദി
text_fieldsന്യൂഡൽഹി: അടുത്ത 100 ദിനത്തിനുള്ളിൽ ഏവരുടെയും വിശ്വാസം നേടിയെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ വിശ്വാസവും പിന്തുണയും നേടുകയാണ് ഓരോ പാർട്ടി അംഗങ്ങളുടെ ദൗത്യമെന്നും മോദി ചൂണ്ടിക്കാട്ടി. ബി.ജെ.പി ദേശീയ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത അഞ്ച് വർഷം ഇന്ത്യയെ കൂടുതൽ ഉയരത്തിൽ എത്തിക്കണം. ദരിദ്രരുടെയും മധ്യവർഗക്കാരുടെയും ജീവിതം കൂടുതൽ മെച്ചപ്പെടണം. കോടിക്കണക്കിന് സ്ത്രീകളുടെയും യുവാക്കളുടെയും ദരിദ്രരുടെയും സ്വപ്നങ്ങളാണ് മോദിയുടെ സ്വപ്നങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രപരമായ പല തീരുമാനങ്ങളും കഴിഞ്ഞ 10 വർഷത്തിനിടെ സ്വീകരിച്ചു. അഞ്ച് നൂറ്റാണ്ട് കാത്തിരുന്ന രാമക്ഷേത്രം നിർമിക്കാനായി. ആർട്ടിക്ൾ 370 റദ്ദാക്കി. രാജ്യത്തിന് വേണ്ടി പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവരുന്നതിനും വനിത സംവരണ ബിൽ പാസാക്കാനും സാധിച്ചെന്നും മോദി ചൂണ്ടിക്കാട്ടി.
എൻ.ഡി.എ 400 സീറ്റിൽ എത്തുമെന്ന് പ്രതിപക്ഷം പോലും സമ്മതിക്കുന്നു. അതിനായി ബി.ജെ.പി 370 എന്ന മാന്തിക സംഖ്യ കടക്കണം. രാജ്യത്ത് വികസന കുതിപ്പ് തുടരാൻ ബി.ജെ.പി അധികാരത്തിൽ മടങ്ങിയെത്തും. ബി.ജെ.പി പ്രവർത്തിക്കുന്നത് രാഷ്ട്രീയത്തിന് വേണ്ടിയല്ലെന്നും രാഷ്ട്രത്തിന് വേണ്ടിയാണ്. അധികാരം ആസ്വദിക്കാനല്ല താൻ മൂന്നാമൂഴം ആവശ്യപ്പെടുന്നതെന്നും മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

