Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമെസ്സിയുടെ 'ഗോട്ട്...

മെസ്സിയുടെ 'ഗോട്ട് ടൂർ' പരിപാടിക്കിടെയുണ്ടായ സംഘർഷം; പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവെച്ചു

text_fields
bookmark_border
മെസ്സിയുടെ ഗോട്ട് ടൂർ പരിപാടിക്കിടെയുണ്ടായ സംഘർഷം; പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവെച്ചു
cancel

കൊൽക്കത്ത: ഡിസംബർ 13ന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ 'ഗോട്ട് ടൂർ' പരിപാടിക്കിടെയുണ്ടായ സംഘർഷങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പശ്ചിമബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവെച്ചു. സ്വന്തം കൈപ്പടയിൽ എഴുതിയ രാജിക്കത്ത് അരൂപ് ബിശ്വാസ് മുഖ്യമന്ത്രി മമത ബാനർജിക്ക് കൈമാറി. രാജിക്കത്ത് മമത സ്വീകരിച്ചു. സംഘർഷ സംഭവങ്ങളിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം ഉറപ്പാക്കാനാണ് രാജിവെക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സംഘർഷത്തിൽ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് കായിക മന്ത്രിയുടെ രാജി. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജിയിലൂടെ ജനങ്ങളിൽ തൃണമൂൽ കോൺഗ്രസി​ലുള്ള വിശ്വാസം ഉറപ്പിക്കുകയാണ് ലക്ഷ്യമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

മമതയുടെ വിശ്വസ്തരിൽ ഒരാളാണ് തൃണമൂൽ കോൺഗ്രസ് മുതിർന്ന നേതാവായ അരൂപ്. സംഘർഷ സംഭവങ്ങൾക്കു പിന്നാലെ മമത ഉന്നതതല യോഗം വിളിച്ചുചേർത്തിരുന്നു. സംസ്ഥാനത്തിന്റെ പ്രതിഛായക്ക് കോട്ടം തട്ടാതെ നോക്കണമെന്നും എല്ലാവരുടെയും മുന്നിൽ നാടിന്റെ പേര് നശിപ്പിക്കരുതെന്നുമാണ് ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് പറഞ്ഞത്.

സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച മെസ്സി പരിപാടി സംഘർഷത്തിൽ കലാശിച്ചതിനു പിന്നാലെ സംഘാടകരെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ മെസ്സിയോടും ആരാധകരോടും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പരസ്യമായി മാപ്പ് പറയുകയും ചെയ്തു. സർക്കാറിനെ കുറ്റപ്പെടുത്തി ബി.ജെ.പി രംഗത്തെത്തി.

മെസ്സിയെ ഒരു നോക്കുകാണാനായി ആയിരക്കണക്കിന് പേരാണ് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തിയത്. 4000 മുതൽ 25,000 രൂപവരെയാണ് ടിക്കറ്റിന് നൽകിയത്. എന്നാൽ, രണ്ടു മണിക്കൂർ നീണ്ടുനിൽക്കുമെന്ന പരിപാടി അരമണിക്കൂർ പോലും നടത്താതെ അവസാനിപ്പിച്ചു.

വൻതുക കൊടുത്ത് ടിക്കറ്റെടുത്തവർക്ക് മെസ്സിയുടെ ഒരു മിന്നായം പോലും കാണാനായില്ല. മുഖ്യമന്ത്രി മമത, ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ, മുൻ ഇന്ത്യൻ ക്രിക്കറ്റർ സൗരവ് ഗാംഗുലി എന്നിവർ സ്റ്റേഡിയത്തിൽ മെസ്സിക്കൊപ്പം ഒന്നിക്കുമെന്ന് പറഞ്ഞെങ്കിലും അതും ഉണ്ടായില്ല. പിന്നാലെയാണ് രോഷാകുലരായ ആരാധകർ അക്രമാസക്തരായത്. സ്റ്റേഡിയത്തിലേക്ക് ഇരച്ചുകയറിയ ആരാധകരിൽ ചിലർ പരിപാടിക്കായി ഒരുക്കിയ സംവിധാനങ്ങളെല്ലാം നശിപ്പിച്ചു. ഗാലറിയിൽനിന്ന് കസേരകളും കുപ്പികളും ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞു. പൊലീസ് ലാത്തി വീശിയാണ് രംഗം നിയന്ത്രണവിധേയമാക്കിയത്.

സ്റ്റേഡിയത്തിൽ കലാപ വിരുദ്ധ സേനയെ വിന്യസിച്ചു. സ്റ്റേഡിയത്തിലുണ്ടായ അനിഷ്ട സംഭവം അന്വേഷിക്കാനായി സർക്കാർ പ്രത്യേക സമിതിക്ക് രൂപം നൽകിയതായി പശ്ചിമ ബംഗാൾ ഡി.ജി.പി രാജീവ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ടിക്കറ്റ് തുക മടക്കി നൽകുമെന്ന് സംഘാടകർ ഉറപ്പ് നൽകിയിട്ടുണ്ട്. സംഭവത്തിൽ കേസെടുത്തതായും മുഖ്യ സംഘാടകനെ അറസ്റ്റ് ചെയ്തതായും ഡി.ജി.പി വ്യക്തമാക്കി. പരിപാടി സംഘടിപ്പിച്ചവരുടെ കെടുകാര്യസ്ഥതയാണ് പ്രശ്നത്തിലേക്ക് നയിച്ചതെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചതായും മമത പറഞ്ഞു.

ദൗർഭാഗ്യകരമായ സംഭവത്തിൽ മെസ്സിയോടും അദ്ദേഹത്തിന്‍റെ ആരാധകരോടും കായിക പ്രേമികളോടും മാപ്പു ചോദിക്കുന്നതായി മമത എക്സിൽ കുറിച്ചു. മൂന്നു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ മെസ്സിയുടെ ആദ്യ പരിപാടിയായിരുന്നു കൊൽക്കത്തയിലേത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel MessiSalt Lake stadiumGOAT Tour
News Summary - West Bengal Sports Minister Aroop Biswas resigns over chaos at Lionel Messi’s event at Salt Lake stadium
Next Story